ജുഡീഷ്യൽ വധശിക്ഷയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ തീവ്രവാദികളുടെ നടപടികളെ "വാക്കുകൾക്ക് അതീതമായ ക്രൂരത" എന്നാണ് വിശേഷിപ്പിച്ചത്. 

മൊസാംബിക് പ്രവിശ്യയായ കാബോ ഡെൽഗഡോയിൽ 11 വയസ്സിന് താഴെയുള്ള കുട്ടികളെ തീവ്രവാദികൾ ശിരഛേദം ചെയ്യുന്നുവെന്ന് സേവ് ദി ചിൽഡ്രൻ റിപ്പോർട്ട് ചെയ്യുന്നു. കാബോ ഡെൽഗഡോയിലെ സംഘർഷവും ചുഴലിക്കാറ്റും മൂലം പാലായനം ചെയ്യേണ്ടിവന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം ഏറ്റെടുത്ത സംഘടനയാണ് സേവ് ദി ചിൽഡ്രൻ. 

കൊലപാതകം, പ്രിയപ്പെട്ടവരുടെ നഷ്ടം എന്നിവയാൽ ദുഃഖമനുഭവിക്കുന്ന നാടുകടത്തപ്പെട്ട കുടുംബങ്ങളോട് ഏജൻസി അടുത്തിടെ സംസാരിച്ചു. മറ്റ് കുട്ടികളോടൊപ്പം ഒളിച്ചിരിക്കുമ്പോൾ തന്റെ 12 വയസ്സുള്ള മകനെ ഈ രീതിയിൽ കൊല്ലുന്നത് കണ്ടുവെന്ന് അതിൽ ഒരു അമ്മ സേവ് ദി ചിൽഡ്രൻസിനോട് പറഞ്ഞു. 2017 -ൽ കലാപം ആരംഭിച്ചതുമുതൽ 2,500 -ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 700,000 പേർ വീടുകളിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തു. ഐ.എസ് ഗ്രൂപ്പുമായി ബന്ധമുള്ള തീവ്രവാദികളാണ് പ്രവിശ്യയിലെ സംഘർഷത്തിന് പിന്നിൽ.

"സംഭവം നടന്ന അന്ന് രാത്രി ഞങ്ങളുടെ ഗ്രാമം ആക്രമിക്കപ്പെടുകയും വീടുകൾ കത്തിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ, ഞാൻ എന്റെ നാല് കുട്ടികളോടൊപ്പം വീട്ടിലായിരുന്നു. ഞങ്ങൾ കാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷേ അവർ എന്റെ മൂത്ത മകനെ പിടിച്ച് ശിരച്ഛേദം ചെയ്തു. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല കാരണം എതിർത്താൽ ഞങ്ങളും കൊല്ലപ്പെടും” ആ അമ്മ പറഞ്ഞു. മകനെയും മറ്റ് മൂന്ന് മക്കളെയും കൊണ്ട് പലായനം ചെയ്യുന്നതിനിടയിൽ തീവ്രവാദികൾ മകനെ കൊലപ്പെടുത്തിയെന്ന് മറ്റൊരു സ്ത്രീ പറഞ്ഞു. “എന്റെ 11 വയസ്സുള്ള മകൻ കൊല്ലപ്പെട്ടതിനുശേഷം, ഗ്രാമത്തിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് ഞങ്ങൾ മനസ്സിലാക്കി” അവർ പറഞ്ഞു. അവർ മറ്റൊരു ഗ്രാമത്തിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. ജുഡീഷ്യൽ വധശിക്ഷയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ തീവ്രവാദികളുടെ നടപടികളെ "വാക്കുകൾക്ക് അതീതമായ ക്രൂരത" എന്നാണ് വിശേഷിപ്പിച്ചത്. 

സാമൂഹിക-സാമ്പത്തിക അസ്ഥിരതയാണ് കലാപത്തിന്റെ കാരണമെന്ന് ചില വിശകലന വിദഗ്ധർ വിശ്വസിക്കുന്നു, പ്രവിശ്യയിലെ റൂബി, വാതക വ്യവസായങ്ങളിൽ നിന്ന് തങ്ങൾക്ക് വലിയ നേട്ടമൊന്നും ലഭിക്കുന്നില്ലെന്ന് പല പ്രദേശവാസികളും പരാതിപ്പെടുന്നു. കഴിഞ്ഞ വർഷം ഒരു വീഡിയോയിൽ, ഒരു തീവ്രവാദി നേതാവ് പറയുകയുണ്ടായി: "സർക്കാരിന്റെ രീതികൾ അന്യായമാണെന്ന് കാണിക്കാനാണ് ഞങ്ങൾ പട്ടണങ്ങൾ കൈവശപ്പെടുത്തിയത്. ഈ സർക്കാർ ദരിദ്രരെ അപമാനിക്കുകയും ലാഭം മേലധികാരികൾക്ക് നൽകുകയും ചെയ്യുന്നു."

മാനിഫെസ്റ്റോ ഇല്ലാത്തതിനാൽ അവരുടെ കൃത്യമായ ലക്ഷ്യം നിർണയിക്കാൻ പ്രയാസമാണെന്ന് സേവ് ദി ചിൽഡ്രൻ ഡയറക്ടർ ബ്രിഗ്സ് ബിബിസി വേൾഡ് സർവീസിനോട് പറഞ്ഞു. "യുവാക്കളെ നിർബന്ധിതമായി ഇതിൽ ചേർക്കുന്നു. നിരസിക്കുകയാണെങ്കിൽ അവർ കൊല്ലപ്പെടുകയും ചിലപ്പോൾ ശിരഛേദം ചെയ്യുകയും ചെയ്യുന്നു" ബ്രിഗ്സ് പറഞ്ഞു.

സർക്കാർ ഇതിനെ നിയന്ത്രിക്കാൻ സൈനിക പരിഹാരം തേടുന്നെങ്കിലും, കലാപത്തെ ചെറുക്കാൻ അതിന്റെ സൈന്യം വേണ്ടത്ര സജ്ജമല്ല. അമേരിക്കൻ സൈനികർ ഇവരെ പരിശീലിപ്പിക്കുന്നതിനും മെഡിക്കൽ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ നൽകുന്നതിനും രണ്ടുമാസം ചെലവഴിക്കുമെന്ന് തിങ്കളാഴ്ച തലസ്ഥാനത്തെ യുഎസ് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. മൊസാംബിക്കൻ സേനയ്ക്ക് പരിശീലനം നൽകുമെന്ന് യൂറോപ്യൻ യൂണിയനും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. മൊസാംബിക്ക് തീവ്രവാദികളോട് പോരാടാൻ റഷ്യൻ, ദക്ഷിണാഫ്രിക്കൻ കൂലിപ്പടയാളികളെ റിക്രൂട്ട് ചെയ്തുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇവരുടെ ഇടപെടൽ. എന്നിരുന്നാലും, റഷ്യൻ കൂലിപ്പടയാളികൾ കാബോ ഡെൽഗഡോയിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ ഉണ്ട്.