രാത്രിയിലാണ് അവൾ മക്കൾക്ക് ആഹാരം നൽകാറുള്ളത്. കാരണം ഉറങ്ങാൻ പോകുമ്പോൾ വയർ നിറഞ്ഞിരിക്കുമെന്നും, ഉറങ്ങാൻ കഴിയുമെന്നും അവൾ പറയുന്നു.
ഉക്രേനിയൻ(Ukraine) നഗരമായ മരിയുപോളി(Mariupol)ൽ കുട്ടികൾ ദാഹമകറ്റാൻ ചെളിക്കുഴിയിൽ നിന്ന് വെള്ളം കുടിക്കാൻ നിർബന്ധിതരായി എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മരിയുപോളിൽ താമസിച്ചിരുന്ന രണ്ട് പെൺകുട്ടികളുടെ അമ്മയാണ് യൂലിയ. റഷ്യൻ ബോംബാക്രമണത്തിൽ അവളുടെ വീട് തകർന്നു. തുടർന്ന് തന്റെ പെൺമക്കളോടൊപ്പം അവൾ നഗരത്തിലുള്ള ഒരു ബേസ്‌മെന്റിൽ അഭയം തേടുകയുണ്ടായി. എന്നാൽ, അവിടെ ജീവിതം തീർത്തും ദുഃസ്സഹമായിരുന്നു എന്നവൾ പറയുന്നു. ടോയ്‌ലറ്റ് സൗകര്യങ്ങളോ, ഷവറോ, വൈദ്യുതിയോ ഒന്നും അവിടെയുണ്ടായിരുന്നില്ലെന്ന് അവൾ പറയുന്നു.
യൂലിയയുടെ പെൺമക്കൾക്ക് പതിനൊന്ന്, ആറ്, മൂന്ന് എന്നിങ്ങനെയാണ് പ്രായം. ആറ് വയസുള്ള തന്റെ മകൾക്ക് അസുഖം വന്നപ്പോൾ യൂലിയ ശരിക്കും ബുദ്ധിമുട്ടി. മരുന്നോ, മറ്റ് ചികിത്സയോ ഒന്നും നല്കാൻ കഴിഞ്ഞില്ല. അവൾക്ക് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങളോളം വെള്ളക്കെട്ടിൽ നിന്ന് ചെളി നിറഞ്ഞ വെള്ളം കുടിക്കാൻ മക്കൾ നിർബന്ധിതരായി. ഒടുവിൽ സഹികെട്ട് വെടിയുണ്ടകളെയും, ബോംബുകളെയും വകവയ്ക്കാതെ അവൾ മൂന്ന് കിലോമീറ്റർ ദൂരെയുള്ള കിണറ്റിനരികിലേക്ക് നടന്നു. ബിബിസി വെയിൽസ് ഇൻവെസ്റ്റിഗേറ്റ്സ് പ്രോഗ്രാമിന് വേണ്ടി സംസാരിച്ച യൂലിയ പറഞ്ഞു: "മൂന്ന് കിലോമീറ്റർ അകലെ ഒരു കിണർ ഉണ്ടായിരുന്നു. എനിക്ക് ജീവൻ പണയം വച്ച് അവിടേയ്ക്ക് ഓടേണ്ടി വന്നു. എനിക്ക് പണമുണ്ടായിരുന്നു, പക്ഷേ ഒന്നും വാങ്ങാൻ കഴിഞ്ഞില്ല. കാരണം എവിടെയും ഒന്നുമില്ല. എല്ലാം തകർന്നു, എല്ലാം കൊള്ളയടികപ്പെട്ടു. നശിപ്പിക്കപ്പെട്ടു."
അണ്ടർഗ്രൗണ്ട് ബങ്കറിൽ ദിവസവും ഒരു ചെറിയ പാത്രം സൂപ്പ് മാത്രമാണ് തന്റെ മൂന്ന് മക്കൾക്കും ലഭിച്ചിരുന്നതെന്നും, ഒരു ഗ്ലാസ് വെള്ളം ഉപയോഗിച്ചാണ് എല്ലാവരും ശരീരം വൃത്തിയാക്കിയിരുന്നത് എന്നും അവൾ കൂട്ടിച്ചേർത്തു. രാത്രിയിലാണ് അവൾ മക്കൾക്ക് ആഹാരം നൽകാറുള്ളത്. കാരണം ഉറങ്ങാൻ പോകുമ്പോൾ വയർ നിറഞ്ഞിരിക്കുമെന്നും, ഉറങ്ങാൻ കഴിയുമെന്നും അവൾ പറയുന്നു.
അഞ്ച് വർഷം മുമ്പ് ഭർത്താവിനൊപ്പം താമസിക്കാൻ ഉക്രൈനിൽ നിന്ന് വെയിൽസിലേക്ക് മാറിയതാണ് യൂലിയയുടെ സുഹൃത്ത് നതാലിയ. സ്കൂൾ കാലം മുതൽ അവർ അടുത്ത സുഹൃത്തുക്കളായിരുന്നു. ഉക്രൈനിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് വരെ അവർ ബന്ധം പുലർത്തിയിരുന്നു. എന്നാൽ, അതിന് ശേഷം ദിവസങ്ങളോളം, ചിലപ്പോൾ ആഴ്ചകളോളം, തന്റെ സുഹൃത്തിന് സന്ദേശമയയ്ക്കാനോ വിളിക്കാനോ യൂലിയയ്ക്ക് സാധിക്കാറില്ല. പിന്നീട് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ കീഴിലാണ് യൂലിയ മരിയുപോളിൽ നിന്ന് രക്ഷപ്പെട്ടത്.
ഇപ്പോൾ, രാജ്യത്തിന്റെ അഭയാർത്ഥി പദ്ധതിയുടെ ഭാഗമായി യൂലിയയെ വെയിൽസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് നതാലിയ. യൂലിയയുടെ ഇടയ്ക്കിടെയുള്ള വീഡിയോ ഡയറി അപ്‌ഡേറ്റുകൾ കൈകാര്യം ചെയ്യുന്നതും നതാലിയയാണ്. യുദ്ധത്തിന് ശേഷം, ഏകദേശം 27,000 ഉക്രൈനിയൻ അഭയാർത്ഥികൾ യുകെയിലുണ്ട്. യുദ്ധത്തിൽ തകർന്ന രാഷ്ട്രത്തിൽ നിന്ന് പലായനം ചെയ്യുന്നവരെ സഹായിക്കാൻ ബ്രിട്ടീഷുകാർ വൻതോതിൽ മുന്നോട്ട് വരുന്നതാണ് കാരണം.
