'ഒരു മാനുഷിക പ്രതിസന്ധി എന്നതിലുപരി, റൊറൈമയിൽ താൻ കണ്ടത് ഒരു വംശഹത്യയാണ്. യാനോമാമി ജനതയ്ക്കെതിരെ സർക്കാർ ചെയ്ത കുറ്റകൃത്യം' എന്ന് ലുല ട്വീറ്റിൽ ബോൾസനാരോ സർക്കാരിനെ കുറ്റപ്പെടുത്തി.

ബ്രസീലിലെ യാനോമാമി പ്രദേശത്ത് മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച് ആരോ​ഗ്യ മന്ത്രാലയം. വെനസ്വേലയുടെ അതിർത്തിയിലുള്ള ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യാനോമാമി. പോഷകാഹാരക്കുറവ്, അനധികൃത സ്വർണഖനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോ​ഗങ്ങൾ എന്നിവ കാരണം കുട്ടികൾ മരിക്കുന്നതിനെ തുടർ‌ന്നാണ് ഇപ്പോൾ ആരോ​ഗ്യ മന്ത്രാലയം ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സർക്കാർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ഉത്തരവിൽ പറയുന്നത്, ഇവിടുത്തെ തകർന്നിരിക്കുന്ന ആരോ​ഗ്യസേവനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ്. 

തീവ്ര വലതുപക്ഷക്കാരനായ ബോൾസനാരോയുടെ ഭരണകാലത്താണ് ഇവിടെ കാര്യങ്ങൾ ഇത്രയേറെ വഷളായത് എന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ബോൾസനാരോയുടെ നാല് വർഷത്തെ ഭരണത്തിനിടയിൽ 570 യാനോമാമി കുട്ടികളാണ് ഇവിടെ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിലേറെയും ഭേദമാക്കാവുന്ന അസുഖങ്ങളായിരുന്നു കുട്ടികൾക്ക് ബാധിച്ചത്. ഏറെ കുട്ടികളെയും ബാധിച്ചത് പോഷകാഹാരക്കുറവാണ്. കൂടാതെ, മലേറിയ, വയറിളക്കം, ഇവിടുത്തെ സ്വർണഖനിയിൽ ഉപയോ​ഗിക്കുന്ന മെർക്കുറി മൂലമുണ്ടാകുന്ന രോ​ഗങ്ങൾ ഇവ ബാധിച്ചാണ് കുട്ടികൾ മരിച്ചത് എന്ന് ആമസോൺ ജേണലിസം പ്ലാറ്റ്ഫോമായ സുമൗമ റിപ്പോർട്ട് ചെയ്യുന്നു. 

Scroll to load tweet…

കഴിഞ്ഞ ദിവസങ്ങളിൽ യാനോമാമി പ്രദേശത്ത് നിന്നുള്ള അവശരായ ആളുകളുടെ ചിത്രം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ലുല ശനിയാഴ്ച യാനോമാമി ഹെൽത്ത് സെന്റർ സന്ദർശിച്ചിരുന്നു. 'ഒരു മാനുഷിക പ്രതിസന്ധി എന്നതിലുപരി, റൊറൈമയിൽ താൻ കണ്ടത് ഒരു വംശഹത്യയാണ്. യാനോമാമി ജനതയ്ക്കെതിരെ സർക്കാർ ചെയ്ത കുറ്റകൃത്യം' എന്ന് ലുല ട്വീറ്റിൽ ബോൾസനാരോ സർക്കാരിനെ കുറ്റപ്പെടുത്തി. മുൻ സർക്കാരിന് ജനങ്ങളോട് യാതൊരു വിധത്തിലുള്ള അനുകമ്പയോ വിവേകമോ ഇല്ലായിരുന്നു എന്നും ലുല സൂചിപ്പിച്ചു. ഒപ്പം തന്നെ ഇവിടുത്തെ അനധികൃതഖനനങ്ങളെ ​ഗൗരവമായി തന്നെ കൈകാര്യം ചെയ്യും എന്നും ലുല ട്വീറ്റിൽ പറഞ്ഞു. 

യാനോമാമി ജനങ്ങൾക്ക് ഭക്ഷ്യ പാക്കേജും ലുലയുടെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.