Asianet News MalayalamAsianet News Malayalam

പ്രതീക്ഷിച്ച ജനസംഖ്യാ വർധനവില്ല, രണ്ടല്ല ഇനി മൂന്നു കുട്ടികൾ വരെയാവാമെന്ന് ചൈന, നയത്തിൽ മാറ്റം

എന്നാൽ, ചൈനയുടെ ഈ പുതിയ നയം കേട്ട് ജനങ്ങൾ ഞെട്ടി ഇരിക്കയാണ്. ഒരു കുട്ടിയെ തന്നെ വളർത്താൻ പാടുപെടുമ്പോൾ, മൂന്ന് കുട്ടികൾ എന്നത് അവിടെ പലർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. 

China allows three children
Author
China, First Published May 31, 2021, 3:23 PM IST

രാജ്യത്തെ രണ്ട്- കുട്ടികൾ നയത്തെ റദ്ദാക്കുകയാണെന്നും ഇപ്പോൾ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെ ആകാമെന്നും പ്രഖ്യാപിച്ചിരിക്കയാണ് ചൈനീസ് സർക്കാർ. ജനനങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി അടുത്തിടെയുള്ള കണക്കുകൾ വ്യക്തമാക്കിയതിനെത്തുടർന്നാണ് ഈ പുതിയ  നയം മാറ്റം. 2016 -ലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള 'ഒരു കുടുംബത്തിന് ഒരു കുട്ടി' എന്ന നയം ചൈന റദ്ദാക്കുന്നത്. ചൈനയിൽ ശിശു ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെയാണ് രണ്ട് ശിശുക്കൾ വരെ ആകാമെന്നുള്ള പുതിയ നയം രാജ്യം അവതരിപ്പിച്ചത്.

China allows three children

എന്നാൽ, ചൈനീസ് നഗരങ്ങളിൽ കുട്ടികളെ വളർത്തുന്നതിനുള്ള ഉയർന്ന ചിലവ് കണക്കിലെടുക്കുമ്പോൾ ആളുകൾ ഇപ്പോഴും ഒന്നിൽ കൂടുതൽ കുട്ടികൾ ആവാം എന്ന തീരുമാനത്തിൽ നിന്നും തന്നെ പിറകോട്ട് നടക്കുകയാണ്. ഒരു കുടുംബത്തെ വളർത്തുന്നതിനേക്കാൾ അവർ സ്വാതന്ത്ര്യത്തിനും ജോലിക്കും പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ട് തന്നെ രാജ്യത്ത്  പ്രതീക്ഷിച്ച രീതിയിലുള്ള ജനസംഖ്യാ വർദ്ധനവ് ഒന്നും ഉണ്ടായില്ല. ഇതിനെത്തുടർന്ന് ഇപ്പോൾ ചൈന മൂന്ന് കുട്ടികൾ വരെയാകാമെന്നുള്ള പുതിയ നയം കൊണ്ടുവന്നിരിക്കയാണ്.

ഒരു ദശകത്തിലൊരിക്കൽ നടത്തുന്ന സെൻസസ് പ്രകാരം ചൈനയിലെ ജനസംഖ്യ പതിറ്റാണ്ടുകളിൽ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. ഈ മാസം ആദ്യം പുറത്തിറക്കിയ ചൈനയുടെ സെൻസസ് പ്രകാരം കഴിഞ്ഞ വർഷം ഏകദേശം 12 ദശലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചത്. ഈ കണക്കനുസരിച്ച്, 2016 -ലെ 18 ദശലക്ഷത്തിൽ നിന്ന് വലിയ ഇടിവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. 1950 -കൾക്ക് ശേഷം ആദ്യമായാണ് ജനന നിരക്കിൽ ഇത്രയും കുറവ് സംഭവിക്കുന്നത്. സെൻസസ് ഡാറ്റാ ഫലങ്ങൾ പുറത്തുവന്നതിനുശേഷം ചൈന തങ്ങളുടെ കുടുംബ നയ നിയമങ്ങളിൽ ഇളവ് വരുത്തുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. കൂടുതൽ കുഞ്ഞുങ്ങളുണ്ടാകാൻ രാജ്യം ഇപ്പോൾ ദമ്പതികളിൽ സമ്മർദ്ദം ചെലുത്തുന്നു.

China allows three children

എന്നാൽ, ചൈനയുടെ ഈ പുതിയ നയം കേട്ട് ജനങ്ങൾ ഞെട്ടി ഇരിക്കയാണ്. ഒരു കുട്ടിയെ തന്നെ വളർത്താൻ പാടുപെടുമ്പോൾ, മൂന്ന് കുട്ടികൾ എന്നത് അവിടെ പലർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. “നിങ്ങൾ എനിക്ക് 5 ദശലക്ഷം യുവാൻ (785,650 ഡോളർ) തരാൻ തയ്യാറാണെങ്കിൽ, മൂന്ന് കുട്ടികളെ വളർത്താൻ ഞാൻ തയ്യാറാണ്” ഒരാൾ ചൈനയിലെ സാമൂഹ്യ മാധ്യമമായ വെയ്‌ബോയിൽ പോസ്റ്റുചെയ്‌തു.

ജനസംഖ്യാ വളർച്ചയെ മന്ദഗതിയിലാക്കുന്നതിനായി 1979 -ൽ അവതരിപ്പിച്ച ഒറ്റ-ശിശു നയമാണ് ചൈനയിലെ ജനസംഖ്യാ പ്രവണതകളെ പ്രധാനമായും ബാധിച്ചത്. നിയമങ്ങൾ ലംഘിച്ച കുടുംബങ്ങൾക്ക് പിഴ, തൊഴിൽ നഷ്ടം, ചിലപ്പോൾ നിർബന്ധിത ഗർഭച്ഛിദ്രം എന്നിവ നേരിടേണ്ടിവന്നു. അന്ന് ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടി ചെയ്തത് കാര്യം ഇപ്പോൾ ചൈനയ്ക്ക് തന്നെ തിരിച്ചടിയാവുകയാണ്. 1.4 ബില്യൺ ജനങ്ങളുള്ള ചൈനയാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. എന്നാൽ 2050 -ടെ അവരിൽ മൂന്നിൽ ഒരാൾ വിരമിക്കുന്ന പ്രായത്തിലെത്തും. സമൂഹത്തിൽ വയോധികരുടെ എണ്ണം വർധിക്കുന്നത് തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. ഇത് തകരുന്ന സാമ്പത്തിക രംഗത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ മൂന്ന് കുട്ടി നയം രാജ്യത്ത് അവതരിപ്പിച്ച് ജനസംഖ്യ കൂട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ചൈന.  

(ചിത്രങ്ങൾ പ്രതീകാത്മകം)

 


 

Follow Us:
Download App:
  • android
  • ios