ആടിയുലഞ്ഞു, ഉള്ളിലുള്ളവർ വായുവിൽ പൊങ്ങി, പിന്നെ നിലത്തേക്ക്, അതിഭയാനകം പ്രവർത്തനം നിലച്ച ലിഫ്‍റ്റിലെ രംഗം
'എല്ലാം കറങ്ങുകയായിരുന്നു. ഞങ്ങളെല്ലാവരും വായുവിലേക്ക് വലിച്ചെറിയപ്പെട്ടു. എനിക്ക് ചെറിയ പരിക്കേ പറ്റിയുള്ളൂ, തുടയിൽ ഒരു ചെറിയ ചതവ്. മറ്റ് രണ്ട് പേർക്കും ആ സമയം അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല' എന്നും ലീ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വൈറലാവുന്ന പല വീഡിയോകളും കാണുമ്പോൾ നമുക്ക് വിശ്വസിക്കാൻ പ്രയാസം തോന്നും. സിസിടിവിയും മൊബൈൽ കാമറകളും സോഷ്യൽ മീഡിയയും എല്ലാം സജീവമായ ഈ കാലത്ത് ലോകത്ത് പലയിടങ്ങളിലായി നടക്കുന്ന പല അപകടങ്ങളുടേയും ദൃശ്യങ്ങൾ നമുക്ക് മുന്നിൽ എത്താറുണ്ട്. ചൈനയിൽ നിന്നും അതുപോലെ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഞെട്ടിക്കുന്ന, ഭയപ്പെടുത്തുന്ന വീഡിയോ എന്ന് വേണം പറയാൻ.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. 25-ാം നിലയിൽ താമസിക്കുന്ന ലി ആയിരുന്നു ലിഫ്റ്റിലുണ്ടായിരുന്ന ഒരാൾ. ആ ദുരനുഭവത്തെ കുറിച്ച് ലി വിവരിക്കുന്നത് ഇങ്ങനെ, 'പെട്ടെന്ന് ലിഫ്റ്റ് അനങ്ങാതെയായി. യാത്രക്കാർ അതിൽ കുടുങ്ങി. നാലാം നിലയിൽ എത്തിയപ്പോഴാണ് ലിഫ്റ്റ് ആടിയുലയാൻ തുടങ്ങിയത്. അതോടെ അതിലുണ്ടായിരുന്ന ഞങ്ങളെല്ലാം വല്ലാതെ പേടിച്ചു തുടങ്ങി.'
അവർ മാറിമാറി ഓരോ ബട്ടണും ഞെക്കി. എന്നാൽ, ഓരോ നിമിഷം കഴിയുന്തോറും കാര്യങ്ങൾ കൂടുതൽ ഭയാനകമായിത്തീർന്നു. ലിഫ്റ്റിനുള്ളിൽ ഇരുട്ടായി. പെട്ടെന്ന് ലിഫ്റ്റ് താഴേക്ക് വീണു. അതിലുണ്ടായിരുന്നവർ വായുവിൽ പൊങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം. തികച്ചും ഭയാനകം എന്നല്ലാതെ വേറൊന്നും ഈ രംഗത്തെ കുറിച്ച് പറയാൻ പറ്റില്ല. പിന്നെ കാണുന്നത് അതിലുണ്ടായിരുന്നവർ നിലത്ത് ഇരിക്കുന്നതാണ്. പരിക്കേറ്റ ഇവരെ പിന്നീട് പുറത്തെത്തിക്കുന്നതും പരിചരണം ഉറപ്പാക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
'എല്ലാം കറങ്ങുകയായിരുന്നു. ഞങ്ങളെല്ലാവരും വായുവിലേക്ക് വലിച്ചെറിയപ്പെട്ടു. എനിക്ക് ചെറിയ പരിക്കേ പറ്റിയുള്ളൂ, തുടയിൽ ഒരു ചെറിയ ചതവ്. മറ്റ് രണ്ട് പേർക്കും ആ സമയം അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല' എന്നും ലീ പറഞ്ഞു.
ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ചാങ്ഷ സിറ്റിയിലെ ഫുറോങ് ജില്ലയിലെ സോങ്ഫാങ് റൂയിജി ഇന്റർനാഷണൽ കമ്മ്യൂണിറ്റിയിലെ ഒരു കെട്ടിടത്തിലാണ് ഓഗസ്റ്റ് 26 -ന് ഈ അപകടമുണ്ടായത്.