സ്ട്രീമിനിടെ കാഴ്ചക്കാർ ആവശ്യപ്പെടുമ്പോഴെല്ലാം സ്ട്രീമിംഗ് നടത്തിയ വ്യക്തി നായയുടെ ഓരോ പല്ല് പറിച്ചെടുക്കാറുണ്ടായിരുന്നു. ലൈവ് ചാറ്റിൽ മെങ് ഇത് ചോദ്യം ചെയ്തതോടെ സ്ട്രീമിംഗ് നടത്തിയ വ്യക്തി അവരെ ബ്ലോക്ക് ചെയ്തു.

ചൈനയിൽ നടന്ന അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു ലൈവ് സ്ട്രീം വിവാദങ്ങളിൽ നിറയുന്നു. ഒരു നായയുടെ പല്ല് അനസ്തേഷ്യ നൽകാതെ പറിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് ലൈവ് സ്ട്രീം ചെയ്തത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 'ദുഷ്ടാത്മാക്കളെ അകറ്റാനുള്ള' ഒരു ആചാരത്തിന്റെ ഭാഗമായാണ് ഈ പ്രവൃത്തി നടത്തിയത് എന്നാണ് ആരോപിക്കപ്പെടുന്നത്. ഇതിനായി കറുത്ത ഒരു നായയുടെ പല്ലുകളാണ് ഇത്തരത്തിൽ പറിച്ചെടുത്തത്.

ജൂൺ 12 -ന് ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ഒരു യുവതിയാണ് ഓൺലൈനിൽ കണ്ട ഈ അസ്വസ്ഥത ജനിപ്പിക്കുന്ന വീഡിയോയ്ക്കെതിരെ ആദ്യം രംഗത്ത് വന്നത്. വ്യാജമായി നിർമ്മിച്ച ഒരു വീഡിയോയാണ് ഇതെന്നാണ് ഇവർ ആദ്യം കരുതിയത് എങ്കിലും പിന്നീട് നായയുടെ വായിൽ നിന്നും രക്തം ഒഴുകുന്നത് കണ്ടപ്പോഴാണ് കൃത്രിമമായി നിർമ്മിച്ച വീഡിയോ അല്ല, അതിക്രൂരമായി നായയുടെ പല്ല് പറിച്ചെടുക്കുകയായിരുന്നു എന്ന് ഇവർക്ക് ബോധ്യപ്പെട്ടത്. മെങ് എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന ഈ യുവതി സംഭവം റിപ്പോർട്ട് ചെയ്തതോടെ നിരവധി ആളുകൾ വീഡിയോയ്ക്കെതിരെ രംഗത്തു വരികയായിരുന്നു.

മെങ് പറയുന്നതനുസരിച്ച്, സ്ട്രീമിനിടെ കാഴ്ചക്കാർ ആവശ്യപ്പെടുമ്പോഴെല്ലാം സ്ട്രീമിംഗ് നടത്തിയ വ്യക്തി നായയുടെ ഓരോ പല്ല് പറിച്ചെടുക്കാറുണ്ടായിരുന്നു. ലൈവ് ചാറ്റിൽ മെങ് ഇത് ചോദ്യം ചെയ്തതോടെ സ്ട്രീമിംഗ് നടത്തിയ വ്യക്തി അവരെ ബ്ലോക്ക് ചെയ്തു. ലൈവിൽ ഇയാൾ പ്രായമായ നായ്ക്കളുടെ പല്ലുകൾ പറിക്കുന്നത് ദൗർഭാഗ്യത്തിൽ നിന്നും കൂടുതൽ സംരക്ഷണം നൽകുമെന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നുണ്ടായിരുന്നു എന്നും മെങ് പറയുന്നു.

ചൈനയിലെ മൃഗസ്നേഹികളെ എപ്പോഴും ആശങ്കപ്പെടുത്തുന്ന ഒന്നാണ് നായ്ക്കൾക്കെതിരെയുള്ള ക്രൂരത. യുലിനിൽ നടക്കുന്ന ആനുവൽ ഡോഗ് മീറ്റ് ഫെസ്റ്റിവൽ ഇത്തരം പ്രവൃത്തികളിൽ ഒന്നാണ്. തെക്കുപടിഞ്ഞാറൻ നഗരത്തിൽ നടക്കുന്ന 10 ദിവസത്തെ പരിപാടി ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുകയും നിരവധി പേർ നായകളുടെ മാംസം ഭക്ഷിക്കാനായി വാങ്ങുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ സംഭവം വളരെ ഗൗരവത്തോടെയാണ് മൃഗസംരക്ഷണവാദികൾ ഏറ്റെടുത്തിരിക്കുന്നത്.