Asianet News MalayalamAsianet News Malayalam

വമ്പന്‍ രക്ഷപ്പെടല്‍; ഭൂമി കുലുക്കത്തില്‍ കാണാതായ ആളെ 17 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി!

കാട്ടുപഴങ്ങളും വെള്ളവും കഴിച്ചാണ് താന്‍ 17 ദിവസത്തെ കഠിനാധ്വാനത്തെ അതിജീവിച്ചതെന്ന് ഗാന്‍ പറഞ്ഞു.
 

China man who  missing for 17 days during earthquake found
Author
First Published Sep 24, 2022, 7:12 PM IST

ജീവിതത്തിലേക്കുള്ള അത്ഭുതകരമായ മടങ്ങിവരവ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. മരണത്തിനു മുഖാമുഖം കണ്ട് ദിവസങ്ങളോളം കഴിഞ്ഞതിനു ശേഷം വീണ്ടും ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് ഭാഗ്യം ലഭിച്ചിരിക്കുകയാണ് ചൈനയില്‍ ഭൂമികുലുക്കത്തില്‍പ്പെട്ട് കാണാതായ ഒരു യുവാവിന്. മരിച്ചുകാണും എന്ന് എല്ലാവരും വിധിയെഴുതി ഇരിക്കുമ്പോഴാണ് 17 ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെയുള്ള ഈ മടങ്ങിവരവ്.

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് 17 ദിവസമായി കാണാതായ ഒരാളെ ജീവനോടെ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ഭൂകമ്പത്തില്‍ 93 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സെപ്തംബര്‍ അഞ്ചിനാണ് സിചുവാനില്‍ റിക്ടര്‍ സ്‌കെയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഈ ഭൂകമ്പത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള ജലവൈദ്യുത നിലയത്തിലെ ജീവനക്കാരെല്ലാം രക്ഷപ്പെട്ടു. എന്നാല്‍, പ്രളയജലം വരുമ്പോള്‍ തൊട്ടടുത്തുള്ള ഗ്രാമങ്ങള്‍ മുങ്ങിപ്പോവുമെന്ന ഭയം കാരണം രണ്ട് ജീവനക്കാര്‍ മാത്രം അവിടെ നിന്നു. പ്രളയം ജലം വന്നാല്‍ ഒഴുകിപ്പോവുന്നതിനായി അവര്‍ ഡാമിനു മുകളിലുള്ള രണ്ട് ഗേറ്റുകള്‍ തുറന്നിട്ടു. എന്നാല്‍, കൊടും കാടിനോട് ചേര്‍ന്നുള്ള വിജന പ്രദേശത്തുള്ള ഡാം സൈറ്റില്‍നിന്നും രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ രാത്രി അവിടെ തങ്ങി. പിറ്റേന്ന് അവര്‍ പുറത്തുകടന്ന് രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ കാഴ്ച പ്രശ്‌നമുള്ളതിനാല്‍ ഒരാള്‍ക്ക് നടക്കാനായില്ല. അയാളെ അവിടെ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ അറിയിക്കാന്‍ പോയ സഹപ്രവര്‍ത്തകന് പിന്നീട് മറ്റേയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന്, കാണാതായ ജീവനക്കാരനായി രക്ഷാ പ്രവര്‍ത്തനം നടക്കുകയായിരുന്നു. അതിനിടെയാണ് 17- ദിവസത്തിനു ശേഷം ഇയാളെ കാട്ടിനുള്ളില്‍ വീണു കിടക്കുന്ന നിലയില്‍ കെണ്ടത്തിയത്. ഇയാളെ രക്ഷപ്പെടുത്തി ഹോസ്പിറ്റലില്‍ എത്തിച്ചു. 

 

China man who  missing for 17 days during earthquake found

 

വൈദ്യുതി നിലയത്തിലെ ജീവനക്കാരനായ ഗാന്‍ യു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ലുവോ യോങ്ങുമാണ് ഭൂകമ്പത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയത്. ഭക്ഷണമോ മൊബൈല്‍ സിഗ്‌നലോ ഇല്ലാതെ ഗാനും ലുവോയും ഒരു ദിവസം സ്റ്റേഷനില്‍ താമസിച്ചു.  പിന്നീട് പുറത്തിറങ്ങിയ ഇവര്‍ രക്ഷപ്പെടാനായി 12 മൈലിലധികം നടന്നു. എന്നാല്‍ എന്നാല്‍ ഇതിനിടയില്‍ കണ്ണിനു കാഴ്ചക്കുറവ് ഉണ്ടായിരുന്ന ഗാന്റെ കണ്ണട നഷ്ടപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹത്തിന് യാത്ര ദുഷ്‌കരമായി.

ഒടുവില്‍ അവര്‍ ഇരുവരും വേര്‍പിരിഞ്ഞ് രണ്ടായി യാത്ര തുടരാന്‍ തീരുമാനിച്ചു, ലുവോ ആരുടെയെങ്കിലും സഹായം കിട്ടുമോ എന്നറിയാന്‍ തുടര്‍ന്നു. ഈ സമയം ഗാന്‍ ഉപജീവനത്തിനായി  കുറച്ച് കാട്ടുപഴങ്ങള്‍ ശേഖരിക്കുകയും മുളകള്‍ കൊണ്ട് ചെറിയൊരു കൂടാരം ഉണ്ടാക്കുകയും അവിടെ ലുവോ വരുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിക്കുകയും െചയ്തു. 

സെപ്തംബര്‍ 8 -ന് രക്ഷാപ്രവര്‍ത്തകര്‍ ലുവോയെ കണ്ടെത്തി, എന്നാല്‍ അവര്‍ ഗാന്‍ വിട്ട സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍, അവന്‍ അവിടെ ഉണ്ടായിരുന്നില്ല.  ഉപേക്ഷിച്ച വസ്ത്രങ്ങളും കാല്‍പ്പാടുകളും മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. അദ്ദേഹം മരണത്തിന് കീഴടങ്ങി കാണുമോ എന്ന് അവര്‍ ആശങ്കപ്പെട്ടു. 

എന്നാല്‍ വേട്ടയാടാന്‍ ഇറങ്ങിയ ഒരു പ്രാദേശിക കര്‍ഷകന്‍ ദിവസങ്ങള്‍ക്കുശേഷം ഗാനിനെ കണ്ടെത്തി . അദ്ദേഹത്തിന്റെ കരച്ചില്‍ കേട്ട കര്‍ഷകന്‍ രണ്ടുമണിക്കൂര്‍ നീണ്ട തിരച്ചിലിനു ഒടുവില്‍ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ ഗാനിനെ കണ്ടെത്തി. 

എന്തുകൊണ്ടാണ് ഗാന്‍ കാത്തിരിപ്പ് കേന്ദ്രം വിട്ടതെന്ന് വ്യക്തമല്ല.  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കാട്ടുപഴങ്ങളും വെള്ളവും കഴിച്ചാണ് താന്‍ 17 ദിവസത്തെ കഠിനാധ്വാനത്തെ അതിജീവിച്ചതെന്ന് ഗാന്‍ പറഞ്ഞു.

വിദഗ്ധ ചികിത്സ നല്‍കാനായി ആശുപത്രിയില്‍ എത്തിച്ച ഗാനിനെ പരിശോധിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ശരീരത്തിലെ നിരവധി എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട് എന്നാണ്. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. 

ഗാന്‍ ലഘുഭക്ഷണം കഴിക്കുന്നതും രക്ഷിക്കപ്പെടുന്നതും ആശുപത്രി കിടക്കയില്‍ നിന്ന് മാതാപിതാക്കളുമായി വീണ്ടും ഒന്നിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി പുറത്തുവിട്ടു.

Follow Us:
Download App:
  • android
  • ios