ഇവിടം സന്ദർശിക്കുന്നതിനായി ഒരു വ്യക്തിയിൽ നിന്നും ഈടാക്കുന്നത് 98 യുവാൻ ആയിരുന്നു. അതായത് ഇന്ത്യൻ രൂപയിൽ 1130 -ൽ കൂടുതൽ. ഇവിടെ ഒരു ദിവസം ക്യാമ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർ 48 യുവാൻ അധിക ഫീസായി നൽകുകയും വേണം.
കുന്നിൻ മുകളിൽ വെള്ളപൂശി ജപ്പാനിലെ മൗണ്ട് ഫുജിയെ അനുകരിക്കാൻ ചൈന നടത്തിയ ശ്രമം പാളി. പണം വാങ്ങി കബളിപ്പിച്ചതായി വിനോദസഞ്ചാരികളിൽ നിന്നും രൂക്ഷവിമർശനവും പരാതിയും ഉയർന്നതോടെ വെള്ളപൂശലിനെതിരെ ദേശീയതലത്തിൽ തന്നെ പരിഹാസം ഉയർന്നതായാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ചൈനയിലെ ഒരു തീം പാർക്കിലെ മലയിലാണ് ജപ്പാന്റെ ഐക്കണിക് മൗണ്ട് ഫുജിയെ അനുകരിച്ചുകൊണ്ട് ചൈന വെള്ള പെയിൻറ് അടിച്ചത്.
ഹെബെയ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സ് ഫാന്റസി ലാൻഡ് എന്ന തീം പാർക്കിനെതിരെയാണ് ഇപ്പോൾ വിമർശനം ഉയർന്നിരിക്കുന്നത്. മനുഷ്യനിർമ്മിതമായ ഒരു മല, മനോഹരമായ തടാകം, പച്ചപ്പു നിറഞ്ഞ മേച്ചിൽപ്പുറങ്ങൾ, മരം കൊണ്ടു നിർമ്മിച്ച ഒരു ക്യാബിൻ എന്നിവയെല്ലാം ഉള്ള ഒരു ഫാന്റസി-തീം പാർക്കായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ബെയ്ജിംഗിൽ നിന്നുള്ള നഗരവാസികളെ ലക്ഷ്യമിട്ടാണ് ഈ പാർക്ക് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
മൗണ്ട് ഫ്യൂജിയെ അനുകരിക്കുന്നതിനായാണ് കഴിഞ്ഞവർഷം പാർക്കിന്റെ ഡെവലപ്പർമാർ ഇവിടെ നിർമിച്ച മലയുടെ അഗ്രഭാഗത്തിന് വെള്ള പെയിൻറ് അടിച്ചത്. ഇതിലൂടെ കൂടുതൽ സന്ദർശകരെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, സംഗതി സന്ദർശകരെ ആകർഷിക്കുന്നതിനു പകരം സന്ദർശകരിൽ നിന്നും വലിയ വിമർശനങ്ങൾ ഉയരുന്നതിനാണ് ഇടയാക്കിയത്. സ്ഥലം സന്ദർശിച്ചു കഴിഞ്ഞപ്പോൾ നിരാശ തോന്നി എന്നും സന്ദർശകരെ പരിഹസിക്കുന്നതിന് തുല്യമാണ് ഇതെന്നുമായിരുന്നു പൊതുവിൽ ഉയർന്നുവന്ന അഭിപ്രായം. മൗണ്ട് ഫുജിയുമായി ഇതിന് യാതൊരു ബന്ധവുമില്ലന്നും സന്ദർശകർ അഭിപ്രായപ്പെട്ടു.
ഇവിടം സന്ദർശിക്കുന്നതിനായി ഒരു വ്യക്തിയിൽ നിന്നും ഈടാക്കുന്നത് 98 യുവാൻ ആയിരുന്നു. അതായത് ഇന്ത്യൻ രൂപയിൽ 1130 -ൽ കൂടുതൽ. ഇവിടെ ഒരു ദിവസം ക്യാമ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർ 48 യുവാൻ അധിക ഫീസായി നൽകുകയും വേണം. ഫോട്ടോയെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇവിടെ ഒരു വെള്ള നിറത്തിലുള്ള കുതിരയെയും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും ഒരു മണിക്കൂർ മാത്രമാണ് ഈ വെള്ള കുതിരയെ ലഭ്യമാകുക. അതുകൊണ്ടുതന്നെ എല്ലാ സന്ദർശകർക്കും ഫോട്ടോ എടുക്കുകയും പ്രായോഗികമല്ല. ഈ കുതിരയ്ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനും പണം നൽകണം.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലവും ജപ്പാനിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത ലാൻഡ്‌മാർക്കുകളിൽ ഒന്നുമാണ് മൗണ്ട് ഫുജി. തെളിഞ്ഞ കാലാവസ്ഥയിൽ രാജ്യത്തെ പകുതിയോളം പ്രിഫെക്ചറുകളിൽ നിന്നും മൗണ്ട് ഫുജി വ്യക്തമായി കാണാൻ കഴിയും. ഏതായാലും മൗണ്ട് ഫുജിയെ അനുകരിക്കാനുള്ള ചൈനയുടെ ശ്രമം പാളിപ്പോയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.


