Asianet News MalayalamAsianet News Malayalam

'പുതിയ നിയമം' പാസ്സായി, ഇനി ഹോങ്കോങ് ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ; ആശങ്കയോടെ ലോകം

ചൈനയുടെ 'ഹോങ്കോങ് വിരുദ്ധ ബിൽ' പാസ്സായി എന്ന വിവരം പുറത്തുവന്നപാടേ സമരനേതാക്കൾ എല്ലാവരും തന്നെ പ്രക്ഷോഭം മതിയാക്കി രാജിവെച്ചിറങ്ങിയിട്ടുണ്ട്.

china passes new law tightening grip over hongkong world watches anxiously
Author
Hongkong, First Published Jun 30, 2020, 2:33 PM IST
  • Facebook
  • Twitter
  • Whatsapp

ഹോങ്കോങ്ങിന്റെ രാഷ്ട്രീയ ഭാവിയെത്തന്നെ തിരുത്തിക്കുറിക്കുന്ന ഏറെ വിവാദാസ്പദമായ ഒരു പുതിയ നിയമം കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അധികമാരുമറിയാത്ത പാസ്സാക്കിയിരിക്കുകയാണ് ചൈന. ഈ നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ നടപ്പിൽ വന്നാൽ അത് ഇപ്പോൾ തന്നെ കൊവിഡ് അടക്കമുള്ള പല പ്രശ്നങ്ങളിലും മറ്റു ലോകശക്തികളുമായി ഇടഞ്ഞു നിൽക്കുന്ന ചൈനയ്ക്ക് ആ അഭിപ്രായ ഭിന്നതകൾ കൂടുതൽ രൂക്ഷമാകുന്ന ഒരു സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികം കാലമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങിനുമേൽ തങ്ങളുടെ സ്വാധീനം എത്രയും പെട്ടെന്ന് ഉറപ്പിക്കണം എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ ഷി ജിൻ പിങ്ങിന്റെ നയമാണ് ഈ നിയമം പാസാക്കാൻ കാണിച്ച ധൃതിയിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമം നടപ്പിൽ വന്നതോടെ ഹോങ്കോങ്ങിനെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുകയാണ്.

ഹോങ്കോങ്ങിൽ നിലവിൽ നടന്നുവരുന്ന, 'ജനാധിപത്യം നിലനിർത്തണം' എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളെ, ചൈന 'ഭീകരവാദം','വിധ്വംസനം', 'വിദേശ ഇടപെടൽ' എന്നൊക്കെയാണ് വിശേഷിപ്പിച്ചു പോന്നിട്ടുള്ളത്. ചൈനയിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി, മൂന്നു ദിവസത്തെ ചർച്ചക്കൊടുവിൽ ചൊവ്വാഴ്ചയാണ് പുതിയ ബിൽ ഐകകണ്‌ഠ്യേന പാസാക്കിയത്. ഈ ബില്ലിന്റെ കരട് രേഖ ഇതുവരെ പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയിട്ടില്ല. ഏറെ രഹസ്യമായിട്ടാണ് ചർച്ചകളും നടത്തപ്പെട്ടത്. ഈ നിയമത്തിന്റെ സഹായത്തോടെ വിമതസ്വരങ്ങളെ പാടെ അടിച്ചമർത്തി ഹോങ്കോങ്ങിനെ 1997 ലെ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരും എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പറയുന്നത്. 

 

china passes new law tightening grip over hongkong world watches anxiously

 

1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997 ജൂലൈ 1 -നാണ് ചൈനയ്ക്ക് തിരികെ കിട്ടിയത്. 'ഹോങ്കോങ് ബേസിക് നിയമ'ത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്ങ് കോങ്ങിന് സ്വയം ഭരണാവകാശം ഉണ്ടാകും എന്ന പരസ്പര ധാരണയാണ് ചൈനയുടെ പുതിയ നിയമത്തോടെ തെറ്റുന്നത്.

'ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ'സമ്പ്രദായമനുസരിച്ച് ഹോങ്ങ് കോങ്ങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്കാരിക സംഘം, കായികസംഘം, കുടിയേറ്റ നിയമം എന്നിവ നിലനിർത്തിപ്പോരുന്നതിനിടെയാണ് കഴിഞ്ഞ വർഷം ചൈനയുടെ ഭാഗത്തുനിന്ന് പുതിയ നിയന്ത്രണശ്രമങ്ങൾ ഉണ്ടാകുന്നതും അതിനെതിരെ ഹോങ്കോങ് പൗരന്മാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉടലെടുക്കുന്നതും. ജൂലൈ ഒന്നാം തീയതി, ഹോങ്കോങ് ചൈനീസ് ഭരണത്തിന് കീഴിലേക്ക് തിരിച്ചേല്പിക്കപ്പെട്ടതിന്റെ വാർഷിക ദിനം തൊട്ട് ബിൽ നിയമമായി നിലവിൽ വരുമെന്ന് കരുതപ്പെടുന്നു. ഈ വാർഷിക ദിനത്തിൽ തന്നെ ഇങ്ങനെ ഒരു തീരുമാനം വന്നത് ഏറെ പ്രതീകാത്മകമായ ഒരു നടപടിയായിട്ടാണ് പലരും കാണുന്നത്. 

 

 

ഇനി പഴയ പോലെ ആയിരിക്കില്ല സ്ഥിതി എന്നും, ഹോങ്കോങ്ങിൽ ഇനി എല്ലാം തീരുമാനിക്കുന്നത് ചൈന നേരിട്ടായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നീക്കമെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെ പേരിൽ ഹോങ്കോങ് പൗരന്മാരെ മെയിൻലാൻഡ് ചൈനയിലേക്ക് നാടുകടത്തുന്ന ബില്ലിന്റെ പേരിൽ ഒരു വർഷം മുമ്പാണ് ഹോങ്കോങ്ങിലെ ജനങ്ങൾ ആദ്യമായ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുന്നത്. ചൈനയുടെ നിയന്ത്രണത്തിൽ വരിക എന്നുവെച്ചാൽ ഹോങ്കോങ്ങിൽ ജനാധിപത്യയുഗം അവസാനിക്കുക എന്നാണ് അർത്ഥമെന്നും അതിനേക്കാൾ ഭേദം തങ്ങൾ മരിക്കുന്നതാണ് എന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ഹോങ്കോങ്ങിലെ ആബാലവൃദ്ധം ജനങ്ങളും ചൈനയ്‌ക്കെതിരെ തെരുവിലേക്കിറങ്ങിയത്. അതിനെ അടിച്ചമർത്താൻ ചൈന തങ്ങളുടെ ആവനാഴിയിലെ സകല ആയുധങ്ങളും എടുത്തു പ്രയോഗിക്കുന്നതും ലോകം കഴിഞ്ഞ ഒരു വർഷമായി കാണുന്നുണ്ട്. 

 

china passes new law tightening grip over hongkong world watches anxiously

 

ഹോങ്കോങ്ങിലെ ജനങ്ങളുടെ മുന്നിൽ ചർച്ചക്ക് വെക്കാതെയാണ് അവരുടെ സ്വൈരജീവിതത്തെ ബാധിക്കുന്ന ഒരു ബിൽ ചൈന പാസ്സാക്കിയത് എന്നതുതന്നെ ചൈനയുടെ ഉദ്ദേശ്യശുദ്ധിയില്ലായ്മയാണ് വെളിച്ചത്തുകൊണ്ടുവരുന്നത് എന്ന് വിമർശകർ പറഞ്ഞു. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ താത്കാലികമായി ഹോങ്കോങ്ങിൽ സമരങ്ങളുടെ ശക്തി ഒന്ന് കുറഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ചൈന പുതിയ നിയമം നടപ്പിലാക്കിയിട്ടുളളത്. ഇങ്ങനെയൊരു നീക്കം വളരെ ഖേദജനകമാണ് എന്നായിരുന്നു ജപ്പാന്റെ പ്രതികരണം. ഈ ബില്ല് തങ്ങളെ ഏറെ നിരാശപ്പെടുത്തുന്ന ഒന്നാണ് എന്ന് തായ്‌വാനും അറിയിച്ചു. അമേരിക്കയിൽ നിന്നും, യുകെയിൽ നിന്നും ഒക്കെയുള്ള പ്രതികരണങ്ങൾ വന്നുകഴിഞ്ഞിട്ടുണ്ട്. ഇനിയങ്ങോട്ട് ഹോങ്കോങ്ങിനെ ഭീതിയുടെ മുൾമുനയിൽ നിർത്തി ഭരിക്കാനുള്ള ചൈനയുടെ ലക്ഷ്യമാണ് ഈ ബില്ലിൽ തെളിഞ്ഞിരിക്കുന്നത് എന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പ്രതിനിധി, ജോഷ്വാ റോസെൻസ്വീഗ് പറഞ്ഞു. 

ചൈനയുടെ ഹോങ്കോങ് വിരുദ്ധ ബിൽ പാസ്സായി എന്ന വിവരം പുറത്തുവന്നപാടേ, താൻ 'ഡെമോസിസ്റ്റോ' എന്ന പ്രൊ-ഡെമോക്രസി ഗ്രൂപ്പിന്റെ നേതൃസ്ഥാനം രാജിവെക്കുന്നു എന്നും, ഇനിയുള്ള പോരാട്ടങ്ങൾ വ്യക്തിപരമായി മാത്രം എന്നും പ്രസ്താവിച്ചു കൊണ്ട് ജോഷ്വാ വോങ് എന്ന ജനാധിപത്യസമരസമിതി നേതാവ് രംഗത്തുവന്നു. ലോകം ഇന്നുവരെ കണ്ടു ശീലിച്ചിരുന്ന ഹോങ്കോങ്ങിന്റെ ശവപ്പെട്ടിയിൽ ചൈന അടിച്ച അവസാനത്തെ ആണിയാണ് ഈ ബില്ല് എന്നും, ഇനിയങ്ങോട്ട് ഭീതിയിൽ മുങ്ങിയുള്ള ഒരു ജീവിതമാണ് ഹോങ്കോങ്ങുകാരെ കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇനി ഹോങ്കോങ് ചൈനീസ് പോലീസ് വാഴ്ചയുടെ നേരിട്ടുള്ള ഇരയാകാൻ പോവുകയാണ് എന്നും വോങ് പറഞ്ഞു. വോങിന് പിന്നാലെ ഡെമോസിസ്റ്റോയുടെ മുന്നണിപ്പോരാളികളായിരുന്ന നഥാൻ ലോ, ജിഫ്‌രി ങ്ങോ, ആഗ്നസ് ചൗ എന്നിവരും തങ്ങളുടെ രാജിപ്രഖ്യാപനങ്ങൾ നടത്തി. പ്രധാനനേതാക്കൾ എല്ലാവരും രാജിവെച്ചതോടെ ഈ ജനകീയ കൂട്ടായ്മ പിരിച്ചുവിടുകയാണ് എന്ന് ഡെമോസിസ്റ്റോ ട്വീറ്റിലൂടെ അറിയിച്ചു. 

 

 

'ഭീകരവാദം','വിധ്വംസനം'', ഭിന്നിപ്പ്, ഹോങ്കോങ്ങിന്റെ പരമാധികാരത്തിന്മേലുള്ള 'വിദേശ ഇടപെടൽ എന്നിവ ഇനി ഗുരുതരമായ കുറ്റങ്ങളായിരിക്കും എന്നും, അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയന്ത്രിക്കാൻ ഇനിമുതൽ ചൈനീസ് പൊലീസ് സംവിധാനം നേരിട്ട് ഹോങ്കോങ്ങിൽ കൊണ്ടുവരാൻ ഈ ബില്ല് സഹായിക്കും എന്നും ചൈന അവകാശപ്പെടുന്നു. ചൈനീസ് ഗവണ്മെന്റിന്റെ പരിപൂർണ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമായ ഗ്ലോബൽ ടൈംസ് ആണ് ബിൽ പാസ്സായ വിവരം ട്വീറ്റിലൂടെ ലോകത്തെ അറിയിച്ചത്. ബില്ലിന്റെ വിശദാംശങ്ങൾ ഉടനടി പുറത്തുവിടും എന്നും അറിയിച്ചിട്ടുണ്ട്.

 

china passes new law tightening grip over hongkong world watches anxiously

 

സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിങ് തുടങ്ങി വെറും പതിനഞ്ചു മിനിറ്റിനുള്ളിൽ തന്നെ കമ്മിറ്റിയിലെ 162 അംഗങ്ങളും ഒറ്റക്കെട്ടായി ഈ ബില്ലിന് അംഗീകാരം നൽകുകയായിരുന്നു എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്ങിലെ ചുരുക്കം ചിലർക്ക് മാത്രമാണ് തങ്ങളുടെ തലവര തിരുത്തിക്കുറിക്കുന്ന ഈ ബിൽ പാസാക്കും മുമ്പ് ഒരു നോക്ക് കാണാനുള്ള ഭാഗ്യമുണ്ടായത്. 

ചൈന പാസ്സാക്കിയ പുതിയ നിയമം ഹോങ്കോങ്ങിൽ രാഷ്ട്രീയ സ്ഥിരതയും അഭിവൃദ്ധിയും കൊണ്ടുവരുമെന്നും അത് കിഴക്കിന്റെ മുത്തായ ഹോങ്കോങ്ങിനെ ഇരട്ടി ശോഭയോടെ തിളങ്ങാൻ സഹായിക്കുമെന്നും സർക്കാർ അംഗീകൃത ടെലിവിഷനായ സിസിടിവിയിൽ വന്ന ഒരു റിപ്പോർട്ട് പറഞ്ഞു. 


ALSO READ :

ഹോങ്കോങ്ങിലെ പ്രതിഷേധക്കാർക്ക് ഗവണ്‍മെന്‍റിലുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോൾ അവർ ചെയ്തത്

വെറും പത്തുമിനിറ്റുമതി ഞങ്ങൾക്ക് എന്നോർത്താൽ നന്ന് - ഹോങ്കോങിനെതിരെ ഭീഷണിയുമായി ചൈന

Follow Us:
Download App:
  • android
  • ios