Asianet News MalayalamAsianet News Malayalam

വെറും പത്തുമിനിറ്റുമതി ഞങ്ങൾക്ക് എന്നോർത്താൽ നന്ന് - ഹോങ്കോങിനെതിരെ ഭീഷണിയുമായി ചൈന

ടിയാനൻമെൻ സ്‌ക്വയർ പോലൊന്ന്  ഇനി ആവർത്തിക്കേണ്ട അവസ്ഥ ഇപ്പോൾ എന്തായാലും ചൈനയ്ക്കില്ല. സർക്കാരിന്  വേറെ എത്രയോ പരിഷ്‌കൃതമാർഗ്ഗങ്ങൾ ഇപ്പോൾ ലഭ്യമാണ് 

China threatens hong kong with military action if protests continue
Author
Hongkong, First Published Aug 16, 2019, 6:08 PM IST

ഹോങ്കോങിനെതിരെ ചൈനീസ് പട്ടാളത്തിന്റെ ഏറ്റവും പുതിയ ഭീഷണി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. "ഷെൻസെൻ ബെയിലെ 'സിൽക്ക് വേം' സ്റ്റേഡിയത്തിൽ നിന്നും ഹോങ്കോങ്‌ എയർപോർട്ടിലേക്ക്   വെറും 56 കിലോമീറ്റർ ദൂരമേയുള്ളൂ... വെറും പത്തുമിനിറ്റുമതി ഞങ്ങൾക്കവിടെത്താൻ എന്നോർത്താൽ നന്ന്...'' ചൈനീസ് പീപ്പിള്‍സ് ലിബറേഷൻ ആർമി (PLA) യുടെ ഒരു ഡിവിഷനാണ് വി ചാറ്റിലൂടെ ഇങ്ങനെ ഒരു മുന്നറിയിപ്പ് പുറത്തുവിട്ടത്. സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ വിന്യസിച്ചിരിക്കുന്ന പട്ടാള വാഹനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചതിന്റെ കൂടെയായിരുന്നു ചൈനീസ് പട്ടാളത്തിന്റെ  ഈ മുന്നറിയിപ്പ്. ഈ ഭീഷണി വിവാദമായതോടെ അൽപനേരം കഴിഞ്ഞ് വി ചാറ്റിൽ നിന്നും നീക്കം ചെയ്യപ്പെടുകയും ചെയ്തു. 

China threatens hong kong with military action if protests continue

കഴിഞ്ഞ കുറെ ആഴ്ചകളായി ചൈനയിലെ (സർക്കാരിന്റെ കനത്ത നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന) സകല മാധ്യമങ്ങളും തുടർച്ചയായി പട്ടാളത്തിലെ അത്യാധുനിക ജലപീരങ്കികളുടെയും, ടാങ്കുകളുടെയും, ട്രക്കുകൾ നിറച്ചും സൈനികരുടെയും ഒക്കെ ചിത്രങ്ങൾ അച്ചടിച്ചുകൊണ്ടിരിക്കുന്നത് സർക്കാർ അവരുടെ നയം കടുപ്പിക്കുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞാഴ്ചയുണ്ടായ ഹോങ്കോങ് അതിർത്തി ലക്ഷ്യമിട്ടുള്ള വിന്യാസങ്ങളും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഉപഗ്രഹചിത്രങ്ങൾ പ്രകാരം കവചിതവാഹനങ്ങളും, യുദ്ധടാങ്കുകളും, ജലപീരങ്കികളും അടക്കമുള്ള അഞ്ഞൂറോളം സൈനിക വാഹനങ്ങളാണ്  സ്റ്റേഡിയത്തിന്റെ പരിസരത്തായി ചൈനീസ് പട്ടാളം വിന്യസിച്ചിരിക്കുന്നത്.   

China threatens hong kong with military action if protests continue

എന്നാൽ ചൈനയുടെ ദേശീയ സ്വഭാവമുള്ള പത്രം ഗ്ലോബൽ ടൈംസ് പറയുന്നത്, ആയിരക്കണക്കിന് പേരുടെ ജീവനാശത്തിനിടയാക്കിയ  ടിയാനൻമെൻ സ്‌ക്വയർ പോലൊന്ന് ചൈന ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നാണ് തങ്ങളുടെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. '1989  ജൂലൈ 4 -ന് നടന്നത് ഇനി ആവർത്തിക്കേണ്ട അവസ്ഥ ഇപ്പോൾ എന്തായാലും ചൈനയ്ക്കില്ല. സർക്കാരിന് ഒരു ലഹളയെ നിയന്ത്രിക്കാനുള്ള വേറെ എത്രയോ പരിഷ്‌കൃതമാർഗ്ഗങ്ങൾ ഇപ്പോൾ ലഭ്യമാണ് ' എന്നാണ് അവർ എഴുതിയത്. 

China threatens hong kong with military action if protests continue
ടിയാനൻമെൻ സ്‌ക്വയർ സംഭവത്തെപ്പറ്റിയുള്ള ആ ഒരു പരാമർശം തന്നെ ചൈനയിലെ പത്രങ്ങളുടെ ചരിത്രത്തിൽ ഒരു അപവാദമാണ്. കാരണം, അങ്ങനെ ഒരു സംഭവം നടന്നതായോ ആയിരക്കണക്കിനു നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടതായോ ഒന്നും  സർക്കാർ ഇതുവരെ സമ്മതിച്ചിട്ടില്ല. ടിയാനൻ മെൻ സ്ക്വയർ കൂട്ടക്കൊല എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്യാൻ പോലും ചൈനയിൽ അനുവാദമില്ലാത്തതാണ്. ആ സംഭവത്തെക്കുറിച്ചുള്ള ചർച്ചകൾക്കും പാടെ വിലക്കുണ്ട്. 

കഴിഞ്ഞ പത്താഴ്ചയായി ഹോങ്കോങ്ങിൽ തുടരുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ഹോങ്കോങ് പൊലീസ് ചൈനയുടെ സമ്മർദ്ദത്തിന് വഴങ്ങി തങ്ങളുടെ  നിലപാടുകൾ കടുപ്പിക്കുകയാണ്. 1997 -ൽ ഹോങ്കോങ് ബ്രിട്ടീഷ് നിയന്ത്രണത്തിൽ നിന്നും മോചിതമായതിനു ശേഷം നടക്കുന്ന ഏറ്റവും കലുഷിതമായ ഈ പ്രതിഷേധം ഇന്നുവരെ 748 പേരുടെ അറസ്റ്റിനു വഴിവെച്ചിട്ടുണ്ട്.  ബ്രിട്ടീഷ് അധികാര കൈമാറ്റം മുതൽ നിലവിലുള്ള 'ഒരു രാജ്യം, രണ്ടു വ്യവസ്ഥ ( One Country, Two Systems) എന്ന സംവിധാനപ്രകാരം ചൈനയിലേതിനേക്കാൾ ഭേദമായിരുന്നു ഹോങ്കോങ്ങിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ. എന്നാൽ, ചൈനയിൽ നിന്നുള്ള ഇടപെടലുകളും സമ്മർദ്ദങ്ങളും ദിനംപ്രതി ഏറിവരികയാണെന്നും, അത് ഹോങ്കോങ്ങുകാരുടെ സ്വൈരജീവിതത്തിനു തടസ്സമാവുന്നുണ്ട് എന്നും സമരക്കാർ പറയുന്നു. ചൈന കുറ്റംചെയ്തു എന്ന് ആരോപിക്കുന്ന ഹോങ്കോങ് പൗരന്മാരെ വിചാരണയ്ക്കായി ചൈനയിലേക്ക് നാടുകടത്തുന്നതിനെതിരെയാണ് പ്രതിഷേധം പ്രധാനമായും നടക്കുന്നത്. 

China threatens hong kong with military action if protests continue

ഏപ്രിൽ മുതൽ ലക്ഷക്കണക്കിനുപേർ ഹോങ്കോങ്ങിലെ തെരുവുകളിൽ പ്രതിഷേധവുമായി നടക്കുകയാണ്. പൊലീസും അവരും തമ്മിൽ ഇടയ്ക്കിടെ സംഘർഷങ്ങളും നടന്നുവരുന്നുണ്ടായിരുന്നു. രണ്ടുദിവസങ്ങൾക്കു മുമ്പ് വിമാനത്താവളത്തിൽ വെച്ച് ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തുന്നു എന്നാരോപിച്ച് പ്രതിഷേധക്കാർ രണ്ടുപേരെ മർദ്ദിച്ച് അവശരാക്കിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളാകുന്നത്. പ്രസ്തുത സംഭവത്തിൽ സമരക്കാരുടെ വക്താക്കൾ മാപ്പുപറയുകയുമുണ്ടായി. വേറെ ഒരു നിവൃത്തിയുമില്ലാതിരുന്നതുകൊണ്ടാണ് വിമാനത്താവളം ഉപരോധിക്കേണ്ടി വന്നതെന്നാണ് അവരുടെ വാദം. 

China threatens hong kong with military action if protests continue

ഞായറാഴ്ച മറ്റൊരു നെടുങ്കൻ പ്രതിഷേധമാർച്ചിനുകൂടി സമരക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെയാണ് പ്രതിഷേധക്കാരെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട് അതിർത്തിയിൽ  വൻതോതിലുള്ള ഈ പട്ടാളവിന്യാസങ്ങളുമായി ചൈന മുന്നോട്ടുപോയിരിക്കുന്നത്. നഗരത്തിൽ ഇനിയൊരു മാർച്ച് പാടില്ല എന്ന ഉത്തരവ് പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, അതിനെ എന്തുവിലകൊടുത്തും ലംഘിക്കുമെന്നുതന്നെയാണ് പ്രകടനക്കാരും പറയുന്നത്. ജനാധിപത്യം നിലനിർത്താൻ വേണ്ടി ജീവൻ കൊടുക്കാൻ പോലും ഒരുമ്പെട്ടുകൊണ്ട് ലക്ഷക്കണക്കിന്‌ യുവാക്കൾ ഒരുവശത്ത്. എത്ര ജീവനെടുത്തും തങ്ങളുടെ അധികാരം നിലനിർത്താൻ തയ്യാറെടുത്തുകൊണ്ട് ഹോങ്കോങ് നഗരത്തിലെ പൊലീസും, അതിർത്തിയിലെ ചൈനീസ് പട്ടാളവും മറുവശത്തും. ഇവർക്കിടയിലെ സമാധാനത്തിന് ഭംഗം വരരുതെന്നു മാത്രം പ്രാർത്ഥിച്ചുകൊണ്ട് നിൽപ്പാണ് ഇന്ന് ലോകം. 

Follow Us:
Download App:
  • android
  • ios