30 ലക്ഷത്തോളം ചൈനീസ് പുരുഷന്‍മാര്‍ക്ക് പങ്കാളിയെ സ്വന്തം രാജ്യത്ത് നിന്ന് കണ്ടെത്താനാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഓൺലൈൻ വഴിയുള്ള വിവാഹാലോചനകൾ കണ്ണടച്ച് വിശ്വസിക്കരുതെന്നും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ബംഗ്ലാദേശിലെ ചൈനീസ് എംബസി. നിയമപരമല്ലാത്ത അതിർത്തി കടന്നുള്ള വിവാഹങ്ങളിൽ നിന്നും പൗരന്മാർ വിട്ടുനിൽക്കണമെന്നും ഓൺലൈൻ മാച്ച് മേക്കിങ് സ്കീമുകളുടെ ചതിക്കുഴികളിൽ വീഴരുതെന്നും എംബസി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും മാച്ച്‌മേക്കിങ് ഏജന്‍സികള്‍ വഴിയും വിദേശ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുന്നത് ചൈനയിൽ നിയമവിരുദ്ധമായ പ്രവൃത്തിയാണ്. എന്നാൽ, ഇത് വകവയ്ക്കാതെ നിയമവിരുദ്ധമായി വിദേശ സ്ത്രീകളെ ഭാര്യമാരാക്കുന്ന പ്രവണത ചൈനീസ് പുരുഷന്മാർക്കിടയിൽ വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എംബസിയുടെ ഈ മുന്നറിയിപ്പ്.

എന്നാൽ, വിവാഹം കഴിക്കാൻ സ്വന്തം രാജ്യത്ത് നിന്നുള്ള സ്ത്രീകളെ ലഭിക്കാതെ വരുന്നതാണ് ഈ നിയമവിരുദ്ധ വിവാഹങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും പറയപ്പെടുന്നു. 30 ലക്ഷത്തോളം ചൈനീസ് പുരുഷന്‍മാര്‍ക്ക് പങ്കാളിയെ സ്വന്തം രാജ്യത്ത് നിന്ന് കണ്ടെത്താനാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വിവാഹം എന്ന വ്യാജേന ബംഗ്ലാദേശ് യുവതികളെ ചൈനയിൽ വിൽക്കുന്ന സംഭവങ്ങൾ സമീപകാലത്തായി നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് എംബസിയുടെ ഈ ഇടപെടൽ. മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇതിന് പിന്നിൽ. നിലവിൽ പ്രണയ തട്ടിപ്പിനോ വിവാഹ തട്ടിപ്പിനോ ഇരയായവർ ചൈനയുടെ പൊതുസുരക്ഷ അധികാരികളെ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

സമാനമായ രീതിയിൽ ബംഗ്ലാദേശ് സ്ത്രീകളെ മുൻപ് ഇന്ത്യയിലേക്കും ഇത്തരം സംഘങ്ങൾ വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം