'ഒരിക്കലും അവിടെ നിന്നും മാറ്റില്ല എന്ന് പറഞ്ഞിട്ടും അവർ പാവയെ അവിടെ നിന്നും മാറ്റിയിരിക്കുന്നു' എന്ന് പറഞ്ഞാണ് പലരും സോഷ്യൽ മീഡിയയിൽ പ്രതിഷേധമറിയിച്ചത്.
അനബെൽ പാവയെ കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവും പ്രേതബാധയുള്ള പാവയാണ് ഇത് എന്നും പല അപകടങ്ങൾക്കും ഇത് കാരണമാകും എന്നും വിശ്വസിക്കുന്ന അനേകങ്ങളുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയാവുന്നത് ഈ പാവയെ കാണാനില്ല എന്ന കാര്യമാണ്.
ലൂസിയാനയിലെ ചരിത്രപ്രസിദ്ധമായ നോട്ടോവേ റിസോർട്ടിൽ തീപിടുത്തമുണ്ടായതിനെ തുടർന്നാണ് അനബെല്ലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് ശക്തി കൂടിയത്. തീപിടുത്തത്തിൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചുവെങ്കിലും ഇവിടെ അനബെല്ലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ പറയുന്നത്. അതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കാട്ടുതീ പോലെ പടരുകയായിരുന്നു. അനബെല്ലിൽ പ്രേതസാന്നിധ്യമുണ്ട് എന്ന് വിശ്വസിക്കുന്ന പലരും ഇതോടെ സോഷ്യൽ മീഡിയയിലടക്കം പോസ്റ്റുകളുമായി എത്തി.
കണക്റ്റിക്കട്ടിലെ വാറൻസ് ഒക്കൽട്ട് മ്യൂസിയത്തിലാണ് ഈ പാവ സൂക്ഷിച്ചിരുന്നത്. എന്നാൽ, യുഎസിലുടനീളമുള്ള ഒരു പര്യടനത്തിലായിരുന്നു ഇത്. മ്യൂസിയത്തിലെ പ്രദർശനത്തിൽ പാവയെ കാണാനില്ല എന്ന് ശ്രദ്ധിക്കപ്പെട്ടതോടെയാണ് പാവയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയത്.
'ഒരിക്കലും അവിടെ നിന്നും മാറ്റില്ല എന്ന് പറഞ്ഞിട്ടും അവർ പാവയെ അവിടെ നിന്നും മാറ്റിയിരിക്കുന്നു' എന്ന് പറഞ്ഞാണ് പലരും സോഷ്യൽ മീഡിയയിൽ പ്രതിഷേധമറിയിച്ചത്. പലരും വിശ്വസിക്കുന്നത് ഈ പാവയുടെ സാന്നിധ്യം എന്തെങ്കിലും അപകടം ഉണ്ടാക്കും എന്നാണ്.
എന്നാൽ, ഇത്തരം ഊഹാപോഹങ്ങൾക്ക് വലിയ ആയുസൊന്നും ഉണ്ടായിരുന്നില്ല. പാവ മ്യൂസിയത്തിലെ ചില്ലുകൂട്ടിൽ തന്നെ തിരിച്ചെത്തിയതായിട്ടുള്ള വീഡിയോ അധികം വൈകാതെ പുറത്ത് വന്നു. NESPR (ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക് റിസർച്ച്) -ൽ നിന്നുള്ള ഡാൻ റിവേരയാണ് പാവ സുരക്ഷിതമായി ചില്ലുകൂട്ടിൽ വച്ചിരിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.


