ചൈനയിലെ സാൻഡൂപിങ്  പട്ടണത്തിനടുത്ത് യാങ്ട്സി നദിക്ക് കുറുകെ പണിതീർത്തിട്ടുള്ള 'ത്രീ ഗോർജസ് അണക്കെട്ട്' എന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്.  അണക്കെട്ടിന്റെ ചരിത്രത്തിൽ തന്നെ ഇന്നോളം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും ഉയർന്ന ജലനിരപ്പിൽ എത്തി നിൽക്കുകയാണ് കഴിഞ്ഞ ദിവസം ഈ ഡാം. ഇപ്പോൾ 7.5 കോടി ലിറ്റർ പ്രതി സെക്കൻഡ് എന്ന അപകടകരമായ നിരക്കിലാണ് ജലം ഈ അണക്കെട്ടിലേക്ക് കുതിച്ചൊഴുകി എത്തിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഡാമിന്റെ പതിനൊന്നു ഷട്ടറുകൾ തുറന്ന്, പ്രതി സെക്കൻഡ് 4.92 കോടി ലിറ്റർ എന്ന നിരക്കിൽ വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ് അധികൃതർ. ഈ അണക്കെട്ട് കമ്മീഷൻ ചെയ്തതിനു ശേഷം ഇന്നുവരെ ഇത്രയധികം വെള്ളം തുറന്നുവിടേണ്ടി വന്ന ചരിത്രം ഉണ്ടായിട്ടില്ല.

 


കഴിഞ്ഞ രണ്ടുമാസമായി ചൈനയുടെ തെക്കുപടിഞ്ഞാറൻ, മധ്യ പ്രവിശ്യകളിൽ കടുത്ത കാലവർഷമുണ്ടായിട്ടുണ്ട്. ജലനിരപ്പ് ഡാമിന്റെ ശേഷിയിലും അധികമായി ഉയർന്ന് ഈ അണക്കെട്ടെങ്ങാൻ തകർന്നാൽ എഞ്ചിനീയറിങ് രംഗത്ത് മാതൃകയാണ് എന്നവകാശപ്പെടുന്ന ചൈനയ്ക്ക് അത് വലിയ തിരിച്ചടിയാകും. നിരവധി പേർക്ക് ജീവനാശമുണ്ടാകാനും, പതിനായിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിൽ മുങ്ങിപ്പോകാനും അത് കാരണമാകാം. പന്ത്രണ്ടു വർഷമെടുത്ത്, ലക്ഷക്കണക്കിന് പേരെ മാറ്റിതാമസിപ്പിച്ചാണ് ചൈന തങ്ങളുടെ ഈ അഭിമാന പ്രോജക്റ്റ് കമ്മീഷൻ ചെയ്തത്. 

 

 

ഈ ഭീമൻ അണക്കെട്ടിന്റെ പ്രഖ്യാപിത ശേഷി സെക്കൻഡിൽ 9.8 കോടി ലിറ്റർ ജലമാണ്. അതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് നിരപ്പ് ഇപ്പോൾ തന്നെ. 175 മീറ്റർ വരെ പരമാവധി ജലനിരപ്പ് എത്താൻ കണക്കാക്കി നിർമിക്കപ്പെട്ടിട്ടുള്ള ഈ ഡാമിന്റെ ഇപ്പോഴത്തെ നിരപ്പ് 165.5 -ലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അഞ്ചു ദിവസം കൂടി കനത്ത മഴയും വെള്ളപ്പൊക്കവും കാലാവസ്ഥാ വിഭാഗം പ്രവചിച്ചിട്ടുള്ള സാഹചര്യത്തിൽ എന്തും സംഭവിക്കാം എന്ന അവസ്ഥയാണ് ചൈനയിൽ നിലവിലുള്ളത്. 

കൊവിഡ് 19 എന്ന രാജ്യത്തെ പിടിച്ചുലച്ച മഹാമാരിയിൽ നിന്ന് ഒരു വിധം കരകയറിക്കൊണ്ടിരിക്കുന്ന ചൈനയ്ക്ക് അടുത്ത ഇരുട്ടടിയായിരിക്കുകയാണ് ഓർക്കാപ്പുറത്ത് വന്നെത്തിയ അഭൂതപൂർവമായ  ഈ വെള്ളപ്പൊക്കം.