ചൈനീസ് കമ്പനി 40 ജീവനക്കാർക്ക് ബോണസായി നൽകിയത് 70 കോടി
കൂടാതെ വാർഷികയോഗത്തിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും മത്സരത്തിൽ വിജയികളായവർക്ക് വൻ തുക സമ്മാനമായി നൽകുകയും ചെയ്തു. ഇതിൽ ഏറ്റവും വേഗത്തിൽ നോട്ടുകെട്ടുകൾ എണ്ണി തീർക്കുന്നതിൽ വിജയിയായ ആൾക്ക് 19 ലക്ഷത്തോളം രൂപ സമ്മാനമായി നൽകി.

ജീവനക്കാർക്കുള്ള വാർഷിക ബോണസായി ചൈനീസ് കമ്പനി നീക്കിവെച്ചത് 70 കോടി രൂപ. ജീവനക്കാർക്ക് കൈമാറുന്നതിനു മുൻപായി ഈ പണം മുഴുവനും കമ്പനിയുടെ വാർഷിക പാർട്ടിയിൽ വേദിയിൽ പ്രദർശിപ്പിച്ചു. ഏതാണ്ട് രണ്ട് മീറ്റർ ഉയരത്തിലാണ് പണക്കൂമ്പാരം അടുക്കിവെച്ചത്. ഇതിൻറെ ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആയതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. ജനുവരി 17 -ന് ഹെനാൻ പ്രവിശ്യയിലെ ഒരു ക്രെയിൻ ഉടമ ആണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ പേര് വെളിപ്പെടുത്താത്ത മാനേജരെ ഉദ്ധരിച്ച് ചൈനീസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഹെനാൻ മൈനിൽ പോയ വർഷം മികച്ച പ്രകടനം കാഴ്ചവച്ച മൂന്ന് സെയിൽസ് മാനേജർമാർക്കാണ് ഏറ്റവും ഉയർന്ന ബോണസ് ലഭിച്ചത്. അഞ്ച് മില്യൺ യുവാൻ (US$737,000) വീതം ആണ് ഇവർക്ക് ലഭിച്ചത്. ആറുകോടിയോളം ഇന്ത്യൻ രൂപ വരും ഇത്. ശേഷിച്ച 30 -ൽ അധികം ജീവനക്കാർക്ക് ഒരു ദശലക്ഷം യുവാൻ വീതം ബോണസ്സായി ലഭിച്ചു. ഒരു കോടിയിൽ അധികം രൂപ വരും ഇത്.
കൂടാതെ വാർഷികയോഗത്തിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും മത്സരത്തിൽ വിജയികളായവർക്ക് വൻ തുക സമ്മാനമായി നൽകുകയും ചെയ്തു. ഇതിൽ ഏറ്റവും വേഗത്തിൽ നോട്ടുകെട്ടുകൾ എണ്ണി തീർക്കുന്നതിൽ വിജയിയായ ആൾക്ക് 19 ലക്ഷത്തോളം രൂപ സമ്മാനമായി നൽകി.
2002 -ൽ സ്ഥാപിതമായ ഹെനാൻ മൈനിൽ, 5,100 -ലധികം ജീവനക്കാർ ഉണ്ട്. 2022 -ൽ 9.16 ബില്യൺ യുവാൻ (1.1 ബില്യൺ യുഎസ് ഡോളർ) വിൽപ്പന വരുമാനം ആണ് കമ്പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനീസ് സമ്പത്ത് വ്യവസ്ഥയിൽ മൊത്തത്തിൽ ഇടിവായിരുന്നെങ്കിലും ഹെനാൻ മൈൻ നേട്ടം ഉണ്ടാക്കി. തൊഴിലാളികളുടെ അധ്വാനമാണ് ഈ വിജയത്തിന് പിന്നിലെന്നാണ് കമ്പനി വിശ്വസിക്കുന്നത്.