ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ അവർ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുകയും സുന്ദ ഇന്റർനാഷണൽ ഗ്രൂപ്പ് സ്ഥാപിക്കുകയും, ഘാനയിൽ തങ്ങളുടെ ആദ്യത്തെ വിദേശ ബ്രാഞ്ച് തുറക്കുകയും ചെയ്തു.
ഒരു ലളിതമായ ബിസിനസ് ആശയത്തെ ആഫ്രിക്കയിൽ കോടിക്കണക്കിന് ഡോളറിൻ്റെ വിജയഗാഥയാക്കി മാറ്റിയതിലൂടെ ആഗോളശ്രദ്ധ നേടിയിരിക്കുകയാണ് ഈ ചൈനീസ് ദമ്പതികൾ. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഷെൻ യാൻചാംഗും ഭാര്യ യാങ് യാൻജുവാനും ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ഡയപ്പറുകൾ വിറ്റാണ് കോടികൾ നേടിയത്. ഈ സംരംഭകയാത്ര വ്യാപകമായ പ്രശംസ നേടുകയും ചെയ്തു.
ഹാർബിൻ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം നൈജീരിയയിൽ പ്രൊക്യുർമെന്റ് മാനേജരായി ജോലി ചെയ്തിരുന്ന ഷെൻ, തുടക്കത്തിൽ ചൈനയിൽ നിന്ന് ആഫ്രിക്കയിലേക്ക് അവശ്യവസ്തുക്കളും നിർമ്മാണ സാമഗ്രികളുമായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ യാങ്, ബിസിനസ്സിലേക്ക് കടന്നുവരുന്നതിന് മുൻപ് ഒരു എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറായിരുന്നു. 2000 -ത്തിൽ, ദമ്പതികൾ ഗ്വാങ്‌ഷൂവിൽ ഒരു ചെറിയ ട്രേഡിംഗ് കമ്പനി ആരംഭിച്ചു. ആഫ്രിക്കൻ വിപണികളിലേക്ക് ദൈനംദിന അവശ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്.
നൈജീരിയയിൽ വെച്ച് 200,000 യുഎസ് ഡോളർ മൂല്യമുള്ള ഒരു ഓർഡർ ലഭിച്ചതായിരുന്നു അവരുടെ ബിസിനസ് ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്. ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ അവർ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുകയും സുന്ദ ഇന്റർനാഷണൽ ഗ്രൂപ്പ് സ്ഥാപിക്കുകയും, ഘാനയിൽ തങ്ങളുടെ ആദ്യത്തെ വിദേശ ബ്രാഞ്ച് തുറക്കുകയും ചെയ്തു.
അവിടെ താമസിക്കുന്നതിനിടെ, വില കുറഞ്ഞ മെൻസ്ട്രുവൽ ഉൽപ്പന്നങ്ങൾക്കുണ്ടാകുന്ന വലിയ ഡിമാൻഡ് അവർ ശ്രദ്ധിച്ചു. പ്രാദേശികരായ പല സ്ത്രീകളും ആർത്തവ ശുചിത്വത്തിനായി പരമ്പരാഗത വസ്തുക്കളായ തുണികളും ഇലകളുമാണ് ആശ്രയിച്ചിരുന്നത്. കൂടാതെ കുട്ടികളുടെ ഡയപ്പറുകളുടെ ലഭ്യതയും പരിമിതമായിരുന്നു. തങ്ങളുടെ ബിസിനസ് വളർത്തുന്നതിനൊപ്പം അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമായി ഇത് കണ്ട ദമ്പതികൾ ഡയപ്പർ ഉൽപ്പാദനത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.
2050 -ഓടെ ഏകദേശം 2.5 ബില്യൺ ആയി വളരുമെന്ന് പ്രതീക്ഷിക്കുന്ന ആഫ്രിക്കയുടെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ച മുന്നിൽ കണ്ട്, അവർ പിന്നീട് മുതിർന്നവർക്കുള്ള ഡയപ്പറുകളും മറ്റ് ശുചിത്വ സംബന്ധിയായ ഉൽപ്പന്നങ്ങളും അവതരിപ്പിച്ചുകൊണ്ട് ഉൽപ്പന്നങ്ങൾ വൈവിധ്യവൽക്കരിച്ചു. ഇന്ന്, സുന്ദ ഇന്റർനാഷണൽ ആഫ്രിക്കയിലെ മുൻനിര ശുചിത്വ ഉൽപ്പന്ന കമ്പനികളിലൊന്നായി വളർന്നു. കമ്പനിയുടെ വാർഷിക വരുമാനം ഏകദേശം 3.2 ബില്യൺ യുവാൻ (ഏകദേശം 450 മില്യൺ യുഎസ് ഡോളർ) ആണെന്ന് കണക്കാക്കപ്പെടുന്നു.
കമ്പനി ഇപ്പോൾ നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു, ആയിരക്കണക്കിന് പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചൈനയും ആഫ്രിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ദമ്പതികളുടെ ശ്രദ്ധേയമായ വിജയം ചൈനീസ് സോഷ്യൽ മീഡിയയിൽ അഭിനന്ദനം നേടിയിട്ടുണ്ട്. നെറ്റിസൺസ് അവരുടെ ദീർഘവീക്ഷണത്തെയും നിശ്ചയദാർഢ്യത്തെയും പ്രശംസിക്കുകയാണ്.


