സ്വന്തം അമ്മയെപ്പോലെ എന്ന് പറഞ്ഞു, കള്ളക്കണ്ണീരൊഴുക്കി, 70 -കാരിയിൽ നിന്നും തട്ടിയെടുത്തത് 66 ലക്ഷം
മാവോയുടെ ഓരോ കഥയും വിശ്വസിച്ച് ടാംഗ് മറ്റുള്ളവരിൽ നിന്നും കടം വാങ്ങിപ്പോലും പണം അയച്ചു കൊടുത്തു കൊണ്ടേയിരുന്നു. ടാംഗിൻ്റെ വിശ്വാസം പൂർണ്ണമായും നേടിയെടുക്കുന്നതിനായി പലപ്പോഴും കിലോമീറ്ററുകൾ യാത്ര ചെയ്ത് അവൾക്ക് അരികിൽ മാവോ എത്തുമായിരുന്നു.

ചൈനയിലെ പ്രശസ്തനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ 70 -കാരിയായ സ്ത്രീയെ കബളിപ്പിച്ച് 66 ലക്ഷം രൂപ തട്ടിയെടുത്തു. സ്ത്രീയുടെ മകനായി അഭിനയിച്ച് കള്ളക്കഥകൾ പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ (എസ്‌സിഎംപി) റിപ്പോർട്ട് അനുസരിച്ച്, ഷാങ്ഹായിൽ നിന്നുള്ള ടാംഗ് എന്ന സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്. 70 വയസ്സുള്ള ഇവർ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ടാംഗിൻ്റെ അനന്തരവൾ ജിയാങ്, ഒരു അജ്ഞാത വ്യക്തിക്ക് ടാംഗ് പണം അയയ്ക്കുന്നത് കണ്ടത് അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ഷാങ്‌സി പ്രവിശ്യയിൽ നിന്നുള്ള മാവോ എന്ന വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്. വിവിധ ഉൽപ്പന്നങ്ങൾ വിൽക്കാൻ കർഷകരെ സഹായിക്കുന്ന നല്ലവനായ ഉണ്ണി ചമഞ്ഞാണ് ഇയാൾ ആദ്യം ടാംഗിൻ്റെ മുന്നിലെത്തിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ഇയാൾ അറിയപ്പെട്ടിരുന്നു. ടാംഗുമായുള്ള പരിചയം പതിയെ പതിയെ വളർത്തിയ ഇയാൾ ക്രമേണ അവരെ അമ്മ എന്ന് വിളിച്ചു തുടങ്ങി. ദിവസവും ചാറ്റ് ചെയ്യുകയും തൻ്റെ സ്വന്തം അമ്മയെ പോലെയാണ് എന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
മാവോയുടെ കള്ളക്കഥകൾ വിശ്വസിച്ച ടാംഗ് അയാളെ മകനായി തന്നെ കരുതി. ടാംഗിൻ്റെ വിശ്വാസം പൂർണ്ണമായും നേടി എന്ന് ഉറപ്പായപ്പോൾ മാവോ പലതരത്തിലുള്ള കണ്ണീർകഥകൾ പറഞ്ഞ് അവരിൽ നിന്നും പണം തട്ടാൻ തുടങ്ങി. തനിക്ക് ക്യാൻസർ ആണ് എന്ന് പറഞ്ഞുവരെ മാവോ ഇവരിൽ നിന്നും പണം തട്ടിയെടുത്തു.
മാവോയുടെ ഓരോ കഥയും വിശ്വസിച്ച് ടാംഗ് മറ്റുള്ളവരിൽ നിന്നും കടം വാങ്ങിപ്പോലും പണം അയച്ചു കൊടുത്തു കൊണ്ടേയിരുന്നു. ടാംഗിൻ്റെ വിശ്വാസം പൂർണ്ണമായും നേടിയെടുക്കുന്നതിനായി പലപ്പോഴും കിലോമീറ്ററുകൾ യാത്ര ചെയ്ത് അവൾക്ക് അരികിൽ മാവോ എത്തുമായിരുന്നു. ഇത്തരം സന്ദർശനവേളകളിൽ മാവോ ആ രംഗങ്ങൾ വീഡിയോയിൽ ചിത്രീകരിച്ച് വൈകാരിക ഗാനങ്ങളുടെ അകമ്പടിയോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുമായിരുന്നു.
എന്നാൽ ലക്ഷങ്ങളുടെ പണമിടപാട് ശ്രദ്ധയിൽപ്പെട്ട ടാംഗിൻ്റെ ബന്ധുക്കൾ സംശയം തോന്നി ഇതേക്കുറിച്ച് അന്വേഷണം നടത്തി. എന്നാൽ മാവോയെ സ്വന്തം മകനായി തന്നെ കരുതിയിരുന്ന ടാംഗ് തട്ടിപ്പ് അംഗീകരിച്ചില്ല എന്ന് മാത്രമല്ല മാവോക്കെതിരെ പോലീസിൽ പരാതി നൽകിയാൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കുമെന്ന് ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ ക്രമേണ ടാംഗിനെ സന്ദർശിക്കാൻ മാവോ വരാതെ ആവുകയും ചാറ്റിങ്ങുകൾ അവസാനിപ്പിക്കുകയും ചെയ്തു. അതോടെ താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കിയ ടാംഗ് പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണത്തിൽ മാവോ തട്ടിപ്പുകാരൻ ആയിരുന്നുവെന്നും ഇതിനായി ഇയാൾ നാലു വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തി. തെളിവുകൾ ശേഖരിച്ച ശേഷം, ഷാങ്ഹായിൽ വെച്ച് പോലീസ് മാവോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തര വർഷത്തെ തടവും 11 ലക്ഷം രൂപ പിഴയുമാണ് ഇയാൾക്ക് കോടതി വിധിച്ചിരിക്കുന്ന ശിക്ഷ.