പേര് മാറ്റിയാൽ കൂടുതൽ ഭാ​ഗ്യം വരും എന്ന് പ്രതീക്ഷിച്ച് അങ്ങനെ ഇയാൾ തന്റെ പേര് ഷു ക്യൂ ഷുവാൻ വു ചി ലിംഗ് എന്നാക്കി മാറ്റി. എന്നാൽ, ആ പേരിനോടും അധികം വൈകാതെ അയാൾക്ക് അതൃപ്തി തോന്നി.

നമ്മുടെ പേര് തീരുമാനിക്കുന്നത് നമ്മളല്ല. നാം ജനിക്കുന്ന സമയത്ത് നമ്മുടെ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ഒക്കെ ആയിരിക്കും നമുക്ക് പേര് ഇടുന്നത്. അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ പേരുമായി ജീവിക്കുക എന്നതാണ് നാം ചെയ്യുന്നത്. എന്നാൽ, ചൈനയിലെ ഒരു യുവാവിന് അത് സാധിച്ചില്ല. അയാൾ പലതവണ തന്റെ പേര് മാറ്റിയത്രെ. 

ചൈനയിൽ നിന്നുള്ള ഈ 23 -കാരന് തന്റെ പേര് തീരെ ഇഷ്ടമായിരുന്നില്ല. തന്റെ പേര് കൊള്ളില്ല എന്നാണ് അയാൾ എപ്പോഴും കരുതിയിരുന്നത്. അങ്ങനെയാണ് അയാൾ തുടരെ തുടരെ പേര് മാറ്റാനുള്ള അപേക്ഷകൾ നൽകിക്കൊണ്ടിരുന്നത്. തനിക്ക് ജോലി കിട്ടാത്തത് പോലും തന്റെ പേര് നല്ലതല്ലാത്തതുകൊണ്ടാണ് എന്നാണത്രെ യുവാവ് വിശ്വസിച്ചിരുന്നത്. 

രണ്ട് തവണയാണ് നേരത്തെ ഇയാൾ പേര് മാറ്റിയത്. എന്നാൽ, രണ്ട് തവണ പേര് മാറ്റിയിട്ടും ഇയാൾക്ക് തൃപ്തി വന്നില്ല. അങ്ങനെയാണ് മൂന്നാമതും ഇയാൾ തന്റെ പേര് മാറ്റാനുള്ള അപേക്ഷ നൽകുന്നത്. ഓരോ തവണയും പേര് മാറ്റുന്നതിനായി ഇയാൾ ഓരോ കാരണങ്ങളാണ് പറയുന്നത്. 

ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ജു യുൻഫെയ് എന്ന യുവാവാണ് ഇങ്ങനെ പേരുകൾ തുടർച്ചയായി മാറ്റുന്നത്. ആദ്യത്തെ പേര് മാറ്റുന്നതിനുള്ള കാരണമായി ഇയാൾ പറഞ്ഞത്, അത് എല്ലാവർക്കുമുള്ള , വളരെ സാധാരണമായ പേരാണ് എന്നതാണ്. യുവാവിന്റെ ഗ്രാമത്തിൽ തന്നെ മറ്റൊരാൾക്കും ഇതേ പേര് ഉണ്ടായിരുന്നുപോലും. പേര് മാറ്റിയാൽ കൂടുതൽ ഭാ​ഗ്യം വരും എന്ന് പ്രതീക്ഷിച്ച് അങ്ങനെ ഇയാൾ തന്റെ പേര് ഷു ക്യൂ ഷുവാൻ വു ചി ലിംഗ് എന്നാക്കി മാറ്റി.

എന്നാൽ, ആ പേരിനോടും അധികം വൈകാതെ അയാൾക്ക് അതൃപ്തി തോന്നി, ജോലി കണ്ടെത്താൻ സഹായിച്ചില്ല എന്നും പറഞ്ഞായിരുന്നു അത്. അങ്ങനെ അയാൾ അമ്മയുടെ സർനെയിം സ്വീകരിച്ചു. അത് കൂടുതൽ വ്യത്യസ്തമായി തോന്നുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ആ പേര് ഷൗ ടിയാൻ സി വെയ് ഡാ ഡി എന്നായിരുന്നു. 

എന്നാലിപ്പോൾ ആ പേരും പോരാ എന്ന് പറഞ്ഞ് 48 അക്ഷരങ്ങളുള്ള മറ്റൊരു പേരാണ് അയാൾ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് കാണിച്ച് അധികൃതർ യുവാവിന്റെ അപേക്ഷ തള്ളിക്കളഞ്ഞത്രെ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം