ഇതുവരെ തനിക്ക് ജീവിതത്തിൽ ഒരു സമ്മാനവും ഇതുപോലെ ഒരു വിജയവും ഉണ്ടായിട്ടില്ല എന്നും ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്നുമാണ് യുവാവ് പറയുന്നത്.

പൂർവ്വികരുടെ ശവകുടീരങ്ങളിൽ പ്രാർത്ഥിക്കവെ സ്ക്രാച്ച് ആൻഡ് വിൻ ലോട്ടറി സ്ക്രാച്ച് ചെയ്ത യുവാവിന് സമ്മാനം. ഇത് തന്റെ പൂർവികരുടെ അനു​ഗ്രഹമാണ് എന്നാണ് ഇപ്പോൾ യുവാവ് പറയുന്നത്. 

തെക്കൻ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിൽ നിന്നുള്ള 25 -കാരനായ യുവാവിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഇയാൾ ഏകദേശം 7000 രൂപയോളം ചെലവിട്ട് 60 ലോട്ടറി സ്ക്രാച്ച് കാർഡുകൾ വാങ്ങിയിരുന്നു. അടുത്തിടെ പൂർവ്വികരുടെ ശവകുടീരം വൃത്തിയാക്കുകയും മറ്റും ചെയ്യുന്ന ഉത്സവത്തിന്റെ ഭാ​ഗമായി അവിടെ എത്തിയപ്പോഴാണ് യുവാവ് ആ ടിക്കറ്റുകൾ സ്ക്രാച്ച് ചെയ്ത് നോക്കിയത്. 

പൂർവ്വികരുടെ അനു​ഗ്രഹം ഉണ്ടാകുമെന്നും അതുവഴി സമ്മാനം ലഭിക്കുമെന്നും ചിന്തിച്ച യുവാവ് ആ 60 കാർഡുകളും അവിടെ വച്ച് തന്നെയാണ് സ്ക്രാച്ച് ചെയ്ത് നോക്കിയത്. അതിൽ ഒരു കാർഡിന് ആദ്യം 48,000 രൂപ കിട്ടി. ഉടനെ തന്നെ പ്രാർത്ഥിച്ച് വീണ്ടും കാർഡുകൾ സ്ക്രാച്ച് ചെയ്തു. അങ്ങനെ മൊത്തം 1,20,535 രൂപ ഇയാൾക്ക് സമ്മാനമായി കിട്ടി.

ഇതുവരെ തനിക്ക് ജീവിതത്തിൽ ഒരു സമ്മാനവും ഇതുപോലെ ഒരു വിജയവും ഉണ്ടായിട്ടില്ല എന്നും ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്നുമാണ് യുവാവ് പറയുന്നത്. മാത്രമല്ല, ഇത് കിട്ടാൻ കാരണം തന്റെ പൂർവികരുടെ അനു​ഗ്രഹമാണ് എന്നും യുവാവ് പറയുന്നു. 

ലോട്ടറി ടിക്കറ്റുകളുടെ ചിത്രവും, ലോട്ടറി ടിക്കറ്റുകൾ പിടിച്ച് നിൽക്കുന്ന ചിത്രവും യുവാവ് ചൈനയിലെ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചു. പൂർവികർക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ ഇത് സോഷ്യൽ മീഡിയയിൽ‌ വൈറലാവുകയും ചെയ്തു.