ഇയാളുടെ പെട്ടിയില്‍നിന്ന് 2200 ഗാര്‍ഡന്‍ ഉറുമ്പുകളെ പിടിച്ചെടുത്തു. ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളിലായിരുന്നു ഉറുമ്പുകള്‍. കേസ് പരിഗണിച്ച കോടതി ഇയാള്‍ക്ക് ഒരു വര്‍ഷം തടവു ശിക്ഷയും 7,746 ഡോളര്‍ പിഴയും വിധിച്ചു.

നൈറോബി: ജീവനുള്ള ഉറുമ്പുകളെ ഒളിപ്പിച്ച ലഗേജുമായെത്തിയ ചൈനീസ് പൗരന്‍ കെനിയന്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഇയാളുടെ പെട്ടിയില്‍നിന്ന് 2200 ഗാര്‍ഡന്‍ ഉറുമ്പുകളെ പിടിച്ചെടുത്തു. ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളിലായിരുന്നു ഉറുമ്പുകള്‍. കേസ് പരിഗണിച്ച കെനിയന്‍ കോടതി ഇയാള്‍ക്ക് ഒരു വര്‍ഷം തടവു ശിക്ഷയും 7,746 ഡോളര്‍ പിഴയും വിധിച്ചു.

ഗാര്‍ഡന്‍ ഉറുമ്പുകള്‍ വളര്‍ത്തുകയും വില്‍ക്കുകയും ചെയ്യുന്നത് ചൈനയില്‍ സാധാരണമാണ്. 'ഫോര്‍മിക്യേറിയം' എന്നറിയപ്പെടുന്ന വലിയ കണ്ണാടി പാത്രങ്ങളില്‍ ഉറുമ്പ് കോളനികളെ വളര്‍ത്തുന്നവര്‍ ഇവിടെ ധാരാളമുണ്ട്. ഇത്തരം ഉറുമ്പുകള്‍ക്ക് വന്‍വിലയുമുണ്ട്. കെനിയയില്‍നിന്ന് ഇത്തരം ഉറുമ്പുകളെ കടത്തുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്, പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചതെന്ന് കെനിയന്‍ കോടതി ചൂണ്ടിക്കാട്ടി.ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് നൈറോബിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൈനീസ് പൗരനായ ഷാങ് കെക്യുന്‍ എന്ന ചൈനീസ് യുവാവ് പിടിയിലായത്. ഇയാളുടെ ലഗേജില്‍ നിന്ന് 2,200-ലധികം ജീവനുള്ള ഗാര്‍ഡന്‍ ഉറുമ്പുകളെയാണ് വിമാനത്താവള അധികൃതര്‍ കണ്ടെത്തിയത്. താന്‍ നിരപരാധിയാണെന്നാണ് ഷാങ് ആദ്യം വാദിച്ചത്. എന്നാല്‍, പിന്നീട് കുറ്റം സമ്മതിച്ചു. ഷാങ്ങിന് ഉറുമ്പുകളെ എത്തിച്ചു നല്‍കിയെന്ന് കരുതുന്ന ഒരു കെനിയന്‍ പൗരനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍, ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം, ആയിരക്കണക്കിന് ഉറുമ്പുകളെ കടത്താന്‍ ശ്രമിച്ചതിന് നാല് പേര്‍ക്ക് കോടതി വന്‍തുക പിഴ ചുമത്തിയിരുന്നു. ആനക്കൊമ്പ് പോലുള്ളവയായിരുന്നു നേരത്തെ ഇവിടെനിന്ന് കടത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ ഉറുമ്പുകള്‍ പോലുള്ള ജീവിവര്‍ഗങ്ങളിലാണ് കള്ളക്കടത്തുകാര്‍ താല്‍പ്പര്യം കാണിക്കുന്നത്. കെനിയയില്‍നിന്ന് ചെറിയ ജീവിവര്‍ഗങ്ങളെ കടത്തിക്കൊണ്ടുപോവുന്നത് വര്‍ദ്ധിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.