കാമുകന്റെ വാക്ക് കേട്ട് 35 കിലോ ഭാരം കൂട്ടിയ മോഡലിന് സംഭവിച്ചത്...
കാമുകൻ അവളോട് തനിക്കിഷ്ടം തടിച്ചിരിക്കുന്ന പെൺകുട്ടികളെയാണ്, അതുകൊണ്ട് തടിച്ചാൽ നിന്നെ ഞാൻ വിവാഹം ചെയ്യാം എന്ന് പറയുകയായിരുന്നു. ശരിക്കും പ്രണയത്തിലായിരുന്ന യുവതി ഇത് കാര്യമായിട്ടെടുക്കുകയും ഒറ്റമാസം കൊണ്ട് 35 കിലോ ഭാരം കൂട്ടുകയും ചെയ്തു.

പ്രണയിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന ചില മനുഷ്യരെ നാം കാണാറുണ്ട്. കാമുകനോ കാമുകിയോ പറഞ്ഞു കഴിഞ്ഞാൽ ഓ, സ്നേഹം കൊണ്ടല്ലേ എന്നും കരുതി എന്തും ത്യജിക്കാൻ തയ്യാറാവുന്നവർ. എന്നാൽ, പ്രണയാന്ധതയിൽ ഇങ്ങനെയൊക്കെ ചെയ്താലും പിന്നീട് ശരിക്കും കണ്ണ് തുറന്ന് നോക്കുമ്പോഴാണ് ചെയ്തതെല്ലാം വിഡ്ഢിത്തമായിരുന്നു എന്ന് മനസിലാവുക. അതുപോലെ ഒരു യുവതിയുടെ കഥ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുമുള്ള ഒരു മോഡലിനാണ് കാമുകന്റെ വാക്ക് കേട്ട് അതുപോലെ പ്രവർത്തിച്ചതിന് വലിയ വില നൽകേണ്ടി വന്നത്. സെങ് എന്ന മോഡലാണ് സോഷ്യൽ മീഡിയയിൽ തന്റെ ദുരനുഭവം പങ്കുവച്ചത്. മോഡലായതു കൊണ്ട് തന്നെ ശരീരഭാരം കുറഞ്ഞ ആളായിരുന്നു സെങ്. എന്നാൽ, കാമുകൻ അവളോട് തനിക്കിഷ്ടം തടിച്ചിരിക്കുന്ന പെൺകുട്ടികളെയാണ്, അതുകൊണ്ട് തടിച്ചാൽ നിന്നെ ഞാൻ വിവാഹം ചെയ്യാം എന്ന് പറയുകയായിരുന്നു.
ശരിക്കും പ്രണയത്തിലായിരുന്ന യുവതി ഇത് കാര്യമായിട്ടെടുക്കുകയും ഒറ്റമാസം കൊണ്ട് 35 കിലോ ഭാരം കൂട്ടുകയും ചെയ്തു. എന്നാൽ, ഭാരം കൂടിയതോടെ സെങ്ങിന് തന്റെ മോഡലിംഗ് ജോലി നഷ്ടപ്പെട്ടു. അതുകൊണ്ടും തീർന്നില്ല, അവൾക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. അതിനെക്കാളൊക്കെ ഉപരിയായി ഭാരം കൂട്ടാൻ ആവശ്യപ്പെട്ട കാമുകൻ അവളെ ഉപേക്ഷിക്കുകയും ചെയ്തു. തന്റെ പോസ്റ്റിനൊപ്പം സെങ് തങ്ങളുടെ ചിത്രങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും താനും കാമുകനും ചാറ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് പങ്ക് വച്ചിട്ടുണ്ട്.
അതിൽ കാമുകൻ അവളോട് തടിച്ചിരിക്കുന്നവരെയാണ് ഇഷ്ടം എന്ന് പറയുന്നുണ്ട്. തടിച്ചിരിക്കുന്ന സ്ത്രീകളെയാണോ തന്നെയാണോ ഇഷ്ടം എന്ന് ചോദിക്കുമ്പോൾ തടിച്ചിരിക്കുന്ന നിന്നെ എന്നാണ് മറുപടി. പിന്നീട് തടിയൊക്കെ കൂടിയ ശേഷം കാമുകൻ അവളോട്, തനിക്ക് തീരെ സ്ഥിരത ഇല്ല എന്നും സ്ഥിരതയുള്ള ഒരു പുരുഷനെ കാമുകനായി കണ്ടെത്തൂ എന്നും ഒക്കെ പറയുകയാണ്. അതോടെ യുവതി ആകെ തകർന്നുപോയി. തനിക്ക് വേർപിരിയുന്നത് ഒരു പ്രശ്നമല്ലെന്നും എന്നാൽ എന്തിനാണ് തെറ്റായ വാഗ്ദ്ധാനങ്ങൾ നൽകി പറ്റിക്കുന്നത് എന്നുമാണ് യുവതിയുടെ ചോദ്യം.
ഏതായാലും സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് യുവതിയോട്, കാമുകന് വേണ്ടിയും ആർക്ക് വേണ്ടിയുമല്ല എന്തെങ്കിലും ചെയ്യേണ്ടതും ജീവിക്കേണ്ടതും അവരവർക്ക് വേണ്ടിയാവണം എന്ന് കമന്റ് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: