പിന്നീട്, വിശന്ന യുവതിയും സുഹൃത്തും അടുത്തുള്ള നൂഡിൽസ് ഷോപ്പിലെത്തി. കടയുടമയും അപകടത്തെ കുറിച്ചും യുവതിയുടെ ഇടപെടലിനെ കുറിച്ചും അറിഞ്ഞിരുന്നു.
ജീവിതം പലപ്പോഴും യാദൃച്ഛികതകൾ നിറഞ്ഞതാണ്. അതുപോലെ ഒരു സംഭവമാണ് ചൈനയിൽ നടന്നത്. ചൈനയിലെ ഒരു നൂഡിൽ ഷോപ്പുടമ തന്റെ കടയിലെത്തിയ രണ്ട് പേർക്ക് ചെറിയൊരു സമ്മാനം തന്റെ വക നൽകി. കുറച്ചധികം ഭക്ഷണമായിരുന്നു ആ സമ്മാനം. കാറപകടത്തിൽ പരിക്കേറ്റ ഒരു യുവാവിനെ രക്ഷിച്ചതിനായിരുന്നു ആ സമ്മാനം നൽകിയത്. എന്നാൽ, എല്ലാം നൽകി വളരെ വൈകിയാണ് നൂഡിൽ ഷോപ്പുടമ ആ സത്യം അറിഞ്ഞത്, ആ രണ്ടുപേർ രക്ഷിച്ചത് തന്റെ മകന്റെ ജീവൻ തന്നെ ആയിരുന്നു.
മാർച്ച് 7 -ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു യുവതിയും അവരുടെ സുഹൃത്തും ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലൂടെ വാഹനമോടിച്ച് പോവുകയായിരുന്നു. അപ്പോഴാണ് ഒരു കാർ അപകടത്തിൽപ്പെട്ടതായി കണ്ടത്. ആകെ ആശങ്കപ്പെട്ട യുവതി അപ്പോൾ തന്നെ പൊലീസിനെ വിളിക്കുകയും ഈ രംഗം പകർത്തുകയും ചെയ്തു.
ഡ്രൈവറുടെ ദേഹത്ത് നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു. എന്നാൽ, എയർബാഗ് ഉണ്ടായിരുന്നത് രക്ഷയായിരുന്നു. എന്തായാലും, യുവതി വിളിച്ചയുടനെ തന്നെ എമർജൻസി സർവീസിൽ നിന്നും ആളുകൾ എത്തി. പെട്ടെന്ന് തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട്, വിശന്ന യുവതിയും സുഹൃത്തും അടുത്തുള്ള നൂഡിൽസ് ഷോപ്പിലെത്തി. കടയുടമയും അപകടത്തെ കുറിച്ചും യുവതിയുടെ ഇടപെടലിനെ കുറിച്ചും അറിഞ്ഞിരുന്നു. അയാൾ അവർക്ക് അധികമായി 400 രൂപയുടെ ഭക്ഷണവും നൽകി. അത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ അറിയാത്ത ഒരാളെ സഹായിക്കാൻ കാണിച്ച മനസിനാണ് എന്ന് മറുപടിയും പറഞ്ഞു.
സംസാരത്തിനിടയിൽ കടയുടമ തന്റെ സ്ഥലം ഹെനാൻ പ്രവിശ്യയിലെ ഷൗക്കോ ആണെന്ന് സൂചിപ്പിച്ചു. അപ്പോഴാണ് യുവതി പറയുന്നത് വാഹനാപകടത്തിൽ പരിക്കേറ്റവരും അവിടെയുള്ളവരാണ് എന്ന്. പിന്നീട്, അവൾ തന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു കൊടുത്തു. അപ്പോഴാണ് അത് തന്റെ മകന്റെ കാറാണ് എന്നും മകനാണ് അപകടത്തിൽ പെട്ടതെന്നും ഇയാൾക്ക് മനസിലായത്.
അപ്പോൾ തന്നെ കടയുടമ ആശുപത്രിയിലേക്ക് ഓടി. പക്ഷേ, അതിന് മുമ്പ് യുവതിയെയും സുഹൃത്തിനേയും നന്ദിവാക്കുകൾ കൊണ്ട് മൂടാൻ അയാൾ മറന്നില്ല.
(ചിത്രം പ്രതീകാത്മകം)
