ചൈനയിലെ ജിയാങ്‌സുവിലുള്ള ഒരു ഹോട്ടൽ അതിഥികൾക്ക് സിംഹക്കുട്ടിയെ ഉപയോഗിച്ച് ഒരു 'വേക്ക്-അപ്പ് സർവീസ്' വാഗ്ദാനം ചെയ്യുന്നു. ഈ സേവനത്തിനായി അതിഥികൾ ഒരു കരാറിൽ ഒപ്പിടണം. പദ്ധതി സുരക്ഷയെയും മൃഗങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ധാർമ്മിക ചർച്ചകൾക്ക് കാരണമായി.

സിംഹമെന്ന് കേൾക്കുമ്പോഴെ നമ്മളില്‍ പലര്‍ക്കും ഭയമാണ്. അപ്പോഴാണ് രാവിലെ ഉറക്കമുണർന്നാല്‍ കളിക്കാന്‍ ഒരു സിംഹ കുട്ടിയെ തരാമെന്ന് ഒരു ഹോട്ടൽ പരസ്യം. അങ്ങ് ചൈനയിലെ ജിയാങ്‌സുവിലെ ഒരു ഹോട്ടലാണ് ഇത്തരമൊരു വിചിത്രമായ പരസ്യം നല്‍കിയത്. കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ സുക്വിയാനിലെ നിയുജിയാവോ ഗ്രാമത്തിലുള്ള ഹാപ്പി കൺട്രിസൈഡ് റിസോർട്ടിലാണ് ഈ അസുലഭവും അല്പം ധൈര്യം ആവശ്യമുള്ളതുമായ മുറികൾ ലഭ്യമാവുക.

കളിക്കാനൊരു സിംഹ കുട്ടി

രാവിലെ ഒരു അതിഥി മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു കുട്ടി സിംഹത്തെ എടുത്ത് കളിക്കുന്ന പരസ്യമാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. ഹോട്ടലിന്‍റെ മുറിയിലേക്ക് ഒരു സൂക്ഷിപ്പുകാരനോടൊപ്പം കുസൃതിക്കാരനായ ഒരു സിംഹക്കുട്ടി കയറിവരുന്നു. പിന്നാലെ അവന്‍ മുറിയിലെ കുട്ടിക്കൊപ്പം കളികളിലേർപ്പെടുന്നതും പരസ്യ ചിത്രത്തില്‍ കാണാം.

ഹാപ്പി കൺട്രിസൈഡ് റിസോർട്ടിൽ 20 മുറികളാണ് ഉളളത്. ഒരു രാത്രിക്ക് 628 യുവാൻ (ഏകദേശം 7,839 ഇന്ത്യന്‍ രൂപ) ആണ് ചെലവാകുക. എല്ലാ മുറികളിലും ഈ സിംഹക്കുട്ടിയുടെ സേവനം ഉണ്ടായിരിക്കും. ഒരു രാത്രിയ്ക്ക് മുറി ബുക്ക് ചെയ്താല്‍ എല്ലാ ദിവസവും രാവിലെ 8 മുതൽ 10 വരെ സിംഹക്കുട്ടികൾ നിങ്ങളെ വിളിച്ചുണർത്താനെത്തും. ഇത്തരത്തിലുള്ള ഓരോ സെഷനും ഏഴ് മിനിറ്റ് വരെ നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Scroll to load tweet…

കരാർ ഒപ്പിടണം

പക്ഷേ. ഇതിനായി പണം അടച്ചാല്‍ മാത്രം പോര. അതിഥികൾ ഒരു ഏഷ്യാറ്റിക് ലയൺ വേക്ക്-അപ്പ് സർവീസ് കരാറിൽ ഒപ്പിടേണ്ടതുണ്ട്. സിംഹക്കുട്ടിയോടൊപ്പം എപ്പോഴും ഒരു പരിചാരകൻ കൂടെയുണ്ടാകും, അതിഥികൾ അവരുടെ സുരക്ഷയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും ഹോട്ടൽ അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. മുറിയിലേക്ക് എത്തുന്ന സിംഹക്കുട്ടിയെ നിങ്ങൾക്ക് നിങ്ങളുടെ കിടക്കവരിയിലേക്ക് എടുത്ത് വച്ച് ഓമനിക്കാം. നവംബര്‍ അവസാനം വരെ ഫുൾ ബുക്കിങ്ങാണെന്ന് ഹോട്ടല്‍ അധികൃതർ പറയുന്നു. ഒപ്പം തങ്ങൾക്ക് രജിസ്റ്ററേഷന്‍ ഉണ്ടെന്നും സിംഹങ്ങളെ വളർത്താനുള്ള യോഗ്യതയുണ്ടെന്നും തങ്ങളുടെ സേവനം നിയമപരമാണെന്നും അവര്‍ അവകാശപ്പെടുന്നു.

പ്രതികരണം

സംഗതി സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ചിലര്‍ രസകരമായ കുറിപ്പുകളുമായെത്തി. തങ്ങളുടെ കുട്ടികളെ കിടക്കയില്‍ നിന്നും എഴുനേല്‍പ്പിക്കാന്‍ ഇത് നല്ലൊരു മാര്‍ഗ്ഗമാണെന്നായിരുന്നു ഒരു കുറിപ്പ്. സംഗതി ശരിയാണ്. പക്ഷേ അവ എപ്പോഴും വന്യമൃഗങ്ങൾ കൂടിയാണെന്ന് മറ്റൊരു കാഴ്ചച്ചക്കാരന്‍ ഓർമ്മപ്പെടുത്തി. അതേസമയം ചൈനയില്‍ ഗ്രേഡ് വൺ സംരക്ഷിത മൃഗമാണ് സിംഹം. കഴിഞ്ഞ ജൂണില്‍ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗിലുള്ള ഒരു ഹോട്ടൽ താമസക്കാര്‍ക്ക് പാണ്ടയുടെ സേവനം വാഗ്ദാനം ചെയ്തിരുന്നു. ഇത്തരം പദ്ധതികൾക്കെതിരെ മൃഗസ്നേഹികളും രംഗത്തെത്തി. മനുഷ്യന്‍റെ ചെറിയ ചില ആനന്ദങ്ങൾക്ക് വേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നത് ബിസിനസ്സ് ലാഭത്തിന് വേണ്ടി മാത്രമാണെന്നും ഇത് ധാർമ്മികതയുടെ കാര്യത്തിൽ നിയമാനുസൃതമല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.