ഒരു ആൺകുട്ടി തന്റെ ബാഗിൽ നിന്നും ടിഷ്യൂ പേപ്പർ എടുത്ത ശേഷം താഴെ നിലം തുടയ്ക്കുന്നതാണ് കാണുന്നത്. കുട്ടിയുടെ കയ്യിൽ നിന്നും പാനീയം നിലത്തേക്ക് മറിഞ്ഞു എന്നും അവൻ അത് തുടച്ച് വൃത്തിയാക്കുകയാണ് എന്നുമാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
സോഷ്യൽ മീഡിയ സജീവമായി മാറിയതോടെ ലോകത്തിന്റെ ഏതറ്റത്ത് നിന്നുമുള്ള വീഡിയോകളും നമുക്ക് മുന്നിലെത്താറുണ്ട്. അതിൽ തന്നെ ആളുകളെ ആകർഷിക്കുന്ന, അവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന അനേകം വീഡിയോകളും ഉണ്ടാവാറുണ്ട്. അതുപോലെ ചൈനയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. നമ്മൾ ജീവിക്കുന്ന സ്ഥലവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ നാം മുൻകയ്യെടുക്കണമെന്ന് എല്ലാവരും പറയുമെങ്കിലും ആരും അതത്ര പ്രാവർത്തികമാക്കാറില്ല. അങ്ങനെ ഉള്ളവർക്ക് ചൈനയിൽ നിന്നുള്ള ഈ മിടുക്കനെ നോക്കി പഠിക്കാവുന്നതാണ്.
അതേ, ഈ വീഡിയോ പകർത്തിയിരിക്കുന്നത് ചൈനയിലെ ഒരു ട്രെയിനിൽ നിന്നാണ്. mychinatrip എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു ട്രെയിനിന്റെ ഉൾവശമാണ്. വിദ്യാർത്ഥികളടക്കം ഒരുപാടുപേർ അതിൽ യാത്ര ചെയ്യുന്നുണ്ട്. ആ സമയത്ത് ഒരു ആൺകുട്ടി തന്റെ ബാഗിൽ നിന്നും ടിഷ്യൂ പേപ്പർ എടുത്ത ശേഷം താഴെ നിലം തുടയ്ക്കുന്നതാണ് കാണുന്നത്. കുട്ടിയുടെ കയ്യിൽ നിന്നും പാനീയം നിലത്തേക്ക് മറിഞ്ഞു എന്നും അവൻ അത് തുടച്ച് വൃത്തിയാക്കുകയാണ് എന്നുമാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
'ഗ്വാങ്‌ഷോ സബ്‌വേ ലൈൻ 3 യിലായിരുന്നു സംഭവം. അബദ്ധത്തിൽ ഒരു എലമെന്ററി സ്കൂൾ വിദ്യാർത്ഥി തന്റെ കയ്യിലുണ്ടായിരുന്ന പാനീയം താഴേക്ക് മറിച്ചു. പിന്നീടത് തുടച്ച് വൃത്തിയാക്കി' എന്നാണ് കാപ്ഷനിൽ പറയുന്നത്.
ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. നാം കാണുന്ന മിക്ക മുതിർന്നവരേക്കാളും പെരുമാറാൻ അറിയാം ഈ കുട്ടിക്ക് എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. ഇത്രയും ഉത്തരവാദിത്തത്തോടെ വേണം നാം പെരുമാറാൻ എന്ന് കമന്റ് നൽകിയവരും ഉണ്ട്.
