ഷാംഗ് എന്നാണ് ഈ അധ്യാപിക അറിയപ്പെടുന്നത്. ചെറുപ്പക്കാരിയാണ്, സുന്ദരിയും. പഠിപ്പിക്കുന്നത് മാവോ സേതുംഗ് ചിന്തകള്‍ ആണെങ്കിലും സൗന്ദര്യമാണ്, ഈ അധ്യാപികയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. 

സുന്ദരിയായ ഒരു യൂനിവേഴ്‌സിറ്റി അധ്യാപികയാണ് ഇപ്പോള്‍ ചൈനയിലെ പ്രധാന ചര്‍ച്ചാവിഷയം സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഈ അധ്യാപികയുടെ ക്ലാസില്‍ കുട്ടികള്‍ ഇടിച്ചു കയറുന്നതാണ് ചര്‍ച്ചയുടെ പ്രധാന വിഷയം. ടീച്ചറെ സര്‍വകലാശാല നിയമിച്ചത് പിള്ളേരെ ക്ലാസില്‍ കയറ്റാനാണ് എന്നാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. 

പലരും സര്‍വകലാശാലയെ ഇതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ മറുപടിയുമായി സര്‍വകലാശാല അധികൃതര്‍ രംഗത്തുവന്നിരിക്കുകയാണ്. ടീച്ചറെ നിയമിച്ചത് സൗന്ദര്യം കണ്ടിട്ടല്ല, അവരുടെ അറിവും കഴിവും പരിഗണിച്ചാണ് എന്നാണ് ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുള്ള ഹെനാന്‍ കെയിഫെംഗ് കോളജ് ഓഫ് സയന്‍സ് ടെക്‌നോളജി ആന്റ് കമ്യൂണിക്കേഷന്‍ സര്‍വകലാശാല വാര്‍ത്താ കുറിപ്പിറക്കിയത്. അതോടെ, വിഷയം രാജ്യാന്തര തലത്തിലും വാര്‍ത്തയായി എന്നതാണ് ബാക്കിപത്രം. 

ഷാംഗ് എന്നാണ് ഈ അധ്യാപിക അറിയപ്പെടുന്നത്. ചെറുപ്പക്കാരിയാണ്, സുന്ദരിയും. പഠിപ്പിക്കുന്നത് മാവോ സേതുംഗ് ചിന്തകള്‍ ആണെങ്കിലും സൗന്ദര്യമാണ്, ഈ അധ്യാപികയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. സുന്ദരിയായ അധ്യാപിക കടുകട്ടി തിയറിയാണ് പഠിപ്പിക്കുന്നത് എങ്കിലും, എല്ലാ ക്ലാസുകളിലും നിറയെ കുട്ടികളാണ് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു മാത്രമല്ല, സോഷ്യല്‍ മീഡിയയിലും താരമാണ് ഇവര്‍. കുട്ടികളെ പഠിപ്പിക്കുന്ന നിരവധി വീഡിയോകളാണ് ഇവര്‍ പോസ്റ്റ് ചെയ്യുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കാണുന്നത്. 

430,000 പേരാണ് ടിക്ക് ടോക്കില്‍ ഇവരെ ഫോളോ ചെയ്യുന്നത്. ഇതോടൊപ്പം, സ്വകാര്യ ജീവിതവും ഇവര്‍ വീഡിയോകളില്‍ പങ്കുവെക്കുന്നുണ്ട്. നിരവധി പേരാണ് ഇതും കാണാനുള്ളത്. സോഷ്യല്‍ മീഡിയാ സെന്‍സേഷനായി ഈ അധ്യാപിക മാറിയതിനെ തുടര്‍ന്നാണ്, കുട്ടികളെ ക്ലാസില്‍ എത്തിക്കാനാണ് സര്‍വകലാശാല ഇവരെ നിയമിച്ചത് എന്ന ആരോപണം ഉയര്‍ന്നത്. അത് ശരിയല്ല എന്നാണ് ഇപ്പോള്‍ സര്‍വകലാശാല തന്നെ വ്യക്തമാക്കിയിട്ടുള്ളത്.