കാമുകൻമാർ വാങ്ങിക്കൊടുത്ത ഈ ഫോണുകൾ എല്ലാം അവൾ ഹുയി ഷൗ ബാവോ എന്ന മൊബൈൽ റീസൈക്ലിംഗ് കമ്പനിക്ക് വിറ്റു. അതിൽ നിന്ന് അവൾക്ക് കിട്ടിയത് 120,000 ചൈനീസ് യുവാൻ അതായത് ഏകദേശം 14 ലക്ഷം രൂപയാണ്.

കഴിഞ്ഞ ആഴ്ചയാണ് ഐഫോൺ 17 പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട അനേകം വാർത്തകളും ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നുകഴിഞ്ഞു. അതേസമയം, ഐഫോൺ 7 പുറത്തിറങ്ങിയപ്പോൾ ചൈനയിലുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. 2016 -ൽ, ഐഫോൺ 7 പുറത്തിറങ്ങിയപ്പോൾ, ചൈനയിൽ നിന്നുള്ള ഒരു യുവതി തനിക്കൊരു പുതിയ വീട് കണ്ടെത്താനായി പണം സ്വരൂപിക്കാൻ ഒരു ഐഡിയ കണ്ടെത്തി. തന്റെ 20 കാമുകൻമാരോടും തനിക്ക് പുതിയ ഐഫോൺ 7 ഫോണുകൾ വാങ്ങിത്തരാനാണ് അവൾ ആവശ്യപ്പെട്ടത്.

പിന്നീട് കാമുകൻമാർ വാങ്ങിക്കൊടുത്ത ഈ ഫോണുകൾ എല്ലാം അവൾ ഹുയി ഷൗ ബാവോ എന്ന മൊബൈൽ റീസൈക്ലിംഗ് കമ്പനിക്ക് വിറ്റു. അതിൽ നിന്ന് അവൾക്ക് കിട്ടിയത് 120,000 ചൈനീസ് യുവാൻ അതായത് ഏകദേശം 14 ലക്ഷം രൂപയാണ്. അത് അവൾ തന്റെ വീടിന്റെ ഡൗൺ പേയ്‌മെന്റ് നൽകാനായി ഉപയോ​ഗിക്കുകയായിരുന്നു.

പ്രൗഡ് ക്വിയോബ എന്ന ബ്ലോഗറാണ് ഈ കഥ ഷെയർ ചെയ്തത്. ബ്ലോ​ഗർ പറയുന്നത് ഇത് തന്റെ സഹപ്രവർത്തകയുടെ അനുഭവമാണ് എന്നാണ്. സഹപ്രവർത്തക തന്റെ പുതിയ വീട് കാണാൻ സുഹൃത്തുക്കളെ ക്ഷണിച്ചു. എങ്ങനെയാണ് ഡൗൺ പേയ്‌മെന്റിനുള്ള പണം കണ്ടെത്തിയത് എന്ന് ചോദിച്ചപ്പോഴാണത്രെ ഈ കഥ പുറത്തറിഞ്ഞത്. ഓഫീസിലെ എല്ലാവരും ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും സഹപ്രവർത്തകയുടെ ഈ ഐഡിയ തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് ക്വിയോബ പറയുന്നത്.

ആ സഹപ്രവർത്തക സമ്പന്നമായ ഒരു കുടുംബത്തിൽ നിന്നുള്ളവളല്ല. അവളുടെ അമ്മ ഒരു വീട്ടമ്മയും അച്ഛൻ ഒരു കുടിയേറ്റ തൊഴിലാളിയുമാണ്, അവളാണ് മൂത്ത മകൾ. അവളുടെ മാതാപിതാക്കൾക്ക് പ്രായമാകുകയാണ്, അവർക്ക് ഒരു വീട് വാങ്ങിക്കൊടുക്കാൻ അവൾ വളരെയധികം സമ്മർദ്ദത്തിലായിരുന്നിരിക്കാം. എന്നാൽ, ഇങ്ങനെയൊരു മാർ​ഗമാണ് അവൾ വീട് വാങ്ങാനായി കണ്ടെത്തിയത് എന്നത് അിശ്വസനീയമാണ് എന്നാണ് ബ്ലോ​ഗർ പറയുന്നത്.

എന്നാൽ, ഹുയി ഷൗ ബാവോ എന്ന മൊബൈൽ റീസൈക്ലിംഗ് കമ്പനിയുടെ പരസ്യത്തിനായി ചമഞ്ഞെടുത്ത കഥയാണ് ഇത് എന്നും ആളുകൾ പറയുന്നുണ്ട്. എന്നാൽ, ബിബിസി ബന്ധപ്പട്ടപ്പോൾ കമ്പനി പറഞ്ഞത്, ഒരു ക്ലയന്റിൽ നിന്ന് 20 ഐഫോണുകൾ വാങ്ങിയതായും ഓരോ ഫോണിനും 6000 ചൈനീസ് യുവാൻ (ഏകദേശം 74,000 രൂപ) വച്ച് നൽകി എന്നുമാണത്രെ.