താൻ ഒറ്റ പുരുഷന് വേണ്ടിയും പണം തട്ടിക്കുകയോ ചെലവഴിക്കുകയോ ചെയ്തിട്ടില്ല. പ്രായം കുറഞ്ഞിരിക്കുന്നതും, വില കൂടിയ ബാഗുകൾ വാങ്ങുന്നതും ഒക്കെ തനിക്ക് ഇഷ്ടമായിരുന്നു, തന്നെ ആളുകൾ പുകഴ്ത്തുന്നത് ഇഷ്ടമായിരുന്നു എന്നാണ് വാങ് പറയുന്നത്.
ആഡംബര വസ്തുക്കൾ വാങ്ങാനും കോസ്മെറ്റിക് സർജ്ജറി ചെയ്യാനും ഒക്കെയായി യുവതി തട്ടിയത് 17 മില്ല്യൺ യുവാൻ. അതായത് ഏകദേശം 21 കോടി രൂപ വരും ഇത്. കേസിൽ യുവതി കുറ്റക്കാരിയാണ് എന്ന് തെളിഞ്ഞു. ഇതിനൊക്കെ പുറമെ ചൂതാട്ടവും യുവതിക്കുണ്ടായിരുന്നു. ആഡംബരം നിറഞ്ഞ ജീവിതം നയിക്കാനായിട്ടാണ് പണം തട്ടിയത്.
വാങ് ജിംഗ് എന്ന പേരിലാണ് 41 -കാരിയായ ഇവർ അറിയപ്പെട്ടിരുന്നത്. 2018 -ൽ സൂ എന്നയാളുടെ ഷാങ്ഹായിലെ ഫ്ലവർ ആൻഡ് ഗാർഡനിംഗ് സർവീസസ് കമ്പനിയിൽ കാഷ്യറായിട്ടാണ് ഇവർ ജോലിക്ക് കയറിയത്. മാസം 8,000 യുവാൻ (94,806.69 രൂപ) ആയിരുന്നു ശമ്പളം കിട്ടിക്കൊണ്ടിരുന്നത്. എന്നാൽ, ആഡംബര ജീവിതം നയിക്കാനായി കമ്പനിയുടെ ഫണ്ടുകൾ രഹസ്യമായി തട്ടുകയായിരുന്നു ഇവർ.
ആറ് വർഷത്തിനുള്ളിൽ നാല് തവണയാണ് വാങ് ആന്റി-ഏജിംഗ്, കോസ്മെറ്റിക് സർജറികൾ ചെയ്തത്. ഓരോ സെഷനും 300,000 യുവാൻ (36,19,891.80 രൂപ) ആണ് ചെലവായത്. ലിമിറ്റഡ് എഡിഷൻ വരുന്ന ആഡംബര ബാഗുകൾ, 100,000 യുവാനിൽ കൂടുതൽ വിലയുള്ള ഡയമണ്ട് ബ്രേസ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനായി ഏകദേശം രണ്ട് ദശലക്ഷം യുവാൻ (2,39,60,236.20 രൂപ) ആണ് ഇവർ ചെലവഴിച്ചത്.
ഇതെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഒരു സമ്പന്നയായ യുവതിയെ പോലെയാണ് ഇവർ നടിച്ചിരുന്നത്. താൻ ഒറ്റ പുരുഷന് വേണ്ടിയും പണം തട്ടിക്കുകയോ ചെലവഴിക്കുകയോ ചെയ്തിട്ടില്ല. പ്രായം കുറഞ്ഞിരിക്കുന്നതും, വില കൂടിയ ബാഗുകൾ വാങ്ങുന്നതും ഒക്കെ തനിക്ക് ഇഷ്ടമായിരുന്നു, തന്നെ ആളുകൾ പുകഴ്ത്തുന്നത് ഇഷ്ടമായിരുന്നു എന്നാണ് വാങ് പറയുന്നത്. അതുപോലെ ലക്ഷങ്ങളാണ് ഇവർ ചൂതാട്ടത്തിന് വേണ്ടി കളഞ്ഞത്.
വാങ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാവട്ടെ വാങ്ങിനെ ഒരിക്കലും സംശയിച്ചിരുന്നില്ല. അതിനാൽ തന്നെ സാമ്പത്തികമായ കാര്യങ്ങളെല്ലാം നോക്കാൻ ഇവരെ വിശ്വസിച്ചേല്പിക്കുകയായിരുന്നു.
മുന്നറിയിപ്പില്ലാതെ നികുതി പരിശോധനാ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വാങ്ങിന്റെ ഈ തട്ടിപ്പ് പുറത്തറിഞ്ഞത്. അപ്പോഴേക്കും കമ്പനി അക്കൗണ്ട് ഏറെക്കുറെ ശൂന്യമായിരുന്നു. എന്തായാലും, വാങ്ങിനെതിരെ ഇപ്പോൾ നിയമനടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.
