ചിന്മയാനന്ദയില്‍ നിന്നേല്‍ക്കേണ്ടി വന്ന ലൈംഗികാതിക്രമം ചിത്രീകരിക്കാന്‍ ഫ്ലിപ്‍കാര്‍ട്ടിലൂടെ വാങ്ങിയ കാമറയൊളിപ്പിച്ച കണ്ണട... അതില്‍ പതിഞ്ഞ ദൃശ്യങ്ങള്‍. യുപി -യില്‍ നിന്നും ആ യുവതിയും സുഹൃത്തുക്കളും കടക്കാന്‍ ശ്രമിച്ച വാഹനത്തിലെ ഡ്രൈവര്‍ തന്‍റെ മൊബൈലുപയോഗിച്ച് കാറിനകത്തുനിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍... വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് ചിന്മയാനന്ദയോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതും അതിന്‍റെ ചര്‍ച്ചകളും പതിഞ്ഞത് അതിലാണ്. മുന്‍ എംപി കൂടിയായ ചിന്മയാനന്ദയുടെ കേസില്‍ നിര്‍ണായകമാവുന്നത് ഈ രണ്ട് സെറ്റ് വീഡിയോ ആണ്. 

എന്താണ് ഇതില്‍ സംഭവിച്ചിരിക്കുന്നത് എന്ന ആശങ്ക സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം മുന്നോട്ട് വെക്കുന്നുണ്ട്. ചിന്മായനന്ദയ്ക്ക് നേരെ ചുമത്തിയതാകട്ടെ ബലാത്സംഗക്കുറ്റമല്ല എന്നതും ശ്രദ്ധേയമാണ്. മാത്രവുമല്ല പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് യുവതിയേയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തിരിക്കുകയുമാണ്. 

ചിന്മയാനന്ദയുടെ കോളേജില്‍ യുവതിക്ക് അഡ്‍മിഷന്‍ ലഭിക്കാന്‍ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ലൈബ്രറിയില്‍ ജോലിയും നല്‍കി. ഇതിനു പകരമായി തന്‍റെ അധികാരമുപയോഗിച്ച് തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു മുന്‍ എംപി കൂടിയായ ചിന്മയാനന്ദ എന്നാണ് യുവതിയുടെ പരാതി. ദ് പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ മകളെന്നായിരുന്നു തന്നെ ചിന്മയാനന്ദ വിളിച്ചിരുന്നത് എന്നും എന്നാല്‍, കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. 

ഒളിക്ക്യാമറാ ഓപ്പറേഷന്‍
മാര്‍ച്ച് 27 -ന് ഫ്ലിപ്‍കാര്‍ട്ട് വഴി 2000 രൂപ വിലയുള്ള സ്പൈ കാം ഘടിപ്പിച്ച കണ്ണട യുവതി ഓര്‍ഡര്‍ ചെയ്തിരുന്നു. മസ്സാജ് ചെയ്യാന്‍ ചിന്മയാനന്ദ ആവശ്യപ്പെട്ടപ്പോഴെല്ലാം ഈ കണ്ണട യുവതി ധരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചിന്മായനന്ദ ചെയ്‍തുവന്നതെല്ലാം ആ ക്യാമറയില്‍ പകര്‍ത്തപ്പെട്ടു. എന്താണ് പെട്ടെന്ന് കണ്ണട ധരിച്ചത് എന്ന ചിന്മയാനന്ദയുടെ ചോദ്യത്തിന് നീണ്ട സമയം കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കേണ്ടതുകൊണ്ടാണ് എന്ന് യുവതി മറുപടിയും നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ അറുപതിനടുത്ത് വീഡിയോ യുവതി ഇങ്ങനെ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ, പൊലീസില്‍ അവ നല്‍കിയിരുന്നില്ല. തന്‍റെ സുഹൃത്ത് സഞ്ജയ് സിങ്ങിനോട് യുവതി ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. 

ഈ വര്‍ഷം ആഗസ്‍ത് 17 -ന് അനൂപ് എന്നൊരാളുടെ ടാക്സിയില്‍ യുവതിയും സിങ്ങും മറ്റ് രണ്ട് സുഹൃത്തുക്കളും അവിടെനിന്ന് കടന്നു. ആഗസ്‍ത് 22 -ന് ചിന്മയാനന്ദയ്ക്ക് വാട്ട്സാപ്പില്‍ ഒരു സന്ദേശമെത്തുന്നു. അതില്‍ യുവതി പകര്‍ത്തിയ വീഡിയോയുടെ സ്ക്രീന്‍ ഷോട്ടുകളായിരുന്നു. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ അവ പരസ്യപ്പെടുത്തുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അതേ ദിവസം തന്നെ ബിജെപി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നു. 

ഡ്രൈവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു
ഡ്രൈവറായിരുന്ന അനൂപ് കാറില്‍വെച്ച് യുവതിയും സുഹൃത്തുക്കളും നടത്തിയ സംഭാഷണങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആഗസ്ത് 17 മുതല്‍ 30 വരെയായി യുപിയില്‍ നിന്നും ഹിമാചല്‍ പ്രദേശ്, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു ആ യാത്ര. അതിനിടെ അനൂപ് തന്‍റെ മൊബൈല്‍ ഉപയോഗിച്ച് കാറില്‍ നടന്ന സംഭാഷണങ്ങളും മറ്റും യുവതിയോ സുഹൃത്തുക്കളോ അറിയാതെ ചിത്രീകരിച്ചു. അതില്‍ യുവതി പറഞ്ഞിട്ടാണ് ഇതിന് തയ്യാറാവുന്നത് എന്ന് സഞ്ജയ് പറയുന്നത് കേള്‍ക്കാമായിരുന്നു. 

ആഗസ്‍ത് 24 -നാണ് യുവതി ചിന്മയാനന്ദയില്‍ നിന്നും തന്‍റെ ജീവന് തന്നെ ഭീഷണിയുണ്ട് എന്ന് കാണിച്ച് ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് ബിജെപി നേതാവിനെതിരെ യുവതിയുടെ അച്ഛന്‍ പരാതിയും നല്‍കി. ആഗസ്‍ത് 30 വരെ ഈ നാല് സുഹൃത്തുക്കളും എവിടെയാണ് എന്നതിന്‍റെ യാതൊരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. 30 -ന് അനൂപ് തന്‍റെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചതില്‍ നിന്നുമാണ് അവരെവിടെയാണ് എന്നതിനെക്കുറിച്ചുള്ള ഏകദേശ ധാരണ പൊലീസിന് ലഭിക്കുന്നത്. 

പിന്നീട് ചിന്മയാനന്ദ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനോട് പറഞ്ഞ യുവതി 50 വീഡിയോ അവര്‍ക്ക് കൈമാറി. അവരുടെ സപൈ കാം കണ്ണട ശക്തമായ തെളിവാണ് എന്നിരിക്കെ അത് ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. അതുപോലെ തന്നെ തന്‍റെ മൊബൈല്‍ ഫോണും യുവതി കൈമാറിയില്ല. പക്ഷേ, കാറില്‍വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ അനൂപ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. യുവതിയുടെ അറസ്റ്റിലേക്കെത്താനുള്ള പ്രധാന തെളിവുമായിരുന്നു അനൂപ്. 

ലഖ്‍നൗവിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ചിന്മയാനന്ദ. യുവതിയാകട്ടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. പണം തട്ടാന്‍ ശ്രമിച്ചതിന് യുവതിയുടെ സുഹൃത്തുക്കളാണ് പ്രധാന പ്രതികളെന്നും ഇന്‍വെസ്റ്റിഗേഷന്‍ ടീം പറയുന്നുണ്ട്. യുവതി നാലാം പ്രതിയാണ്. 

നാള്‍വഴി

മാര്‍ച്ച് 29 
യുവതി ഫ്ലിപ്‍കാര്‍ട്ടില്‍ നിന്ന് ഒരു സ്പൈ കാം കണ്ണട വാങ്ങുന്നു. മുന്‍ എംപി കൂടിയായ ചിന്മയാനന്ദ ലൈംഗികാതിക്രമം നടത്തുന്നതിന്‍റെ 60 വീഡിയോ എങ്കിലും റെക്കോര്‍ഡ് ചെയ്യുന്നു.

ആഗസ്‍ത് 17
യുവതിയും മൂന്ന് സുഹൃത്തുക്കളും ഷാജഹാന്‍പൂരില്‍ നിന്നും അപ്രത്യക്ഷരാകുന്നു. അവര്‍ ഹിമാചല്‍ പ്രദേശ്, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കുന്നു. കാറില്‍ നടന്ന അവരുടെ ചര്‍ച്ചകള്‍ ഡ്രൈവര്‍ അനൂപ് ചിത്രീകരിക്കുന്നു. 

ആഗസ്‍ത് 22
ചിന്മയാനന്ദയുടെ വാട്ട്സാപ്പില്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടും ഒപ്പം അഞ്ച് കോടി രൂപയും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമെത്തുന്നു.

ആഗസ്‍ത് 24
യുവതി ഫേസ്ബുക്കില്‍ ഒരു വീഡിയോ ഇടുന്നു. ചിന്മയാനന്ദയില്‍ നിന്നും തന്‍റെ ജീവന് തന്നെ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഇത്. 

ആഗസ്‍ത് 30
അനൂപിന്‍റെ വിവരങ്ങള്‍ ട്രാക്ക് ചെയ്‍ത് പൊലീസ് രാജസ്ഥാനിലെത്തുകയും യുവതിയേയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

സപ്‍തംബര്‍ 20
പ്രത്യേക അന്വേഷണ സംഘം അധികാരം ലൈംഗികമായി ദുരുപയോഗം ചെയ്‍തതിന് ചിന്മയാനന്ദയെ അറസ്റ്റ് ചെയ്യുന്നു. അപ്പോഴും ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല.

സപ്‍തംബര്‍ 25 
സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം യുവതിയേയും മൂന്ന് സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്യുകയും യുവതിയെ 14 ദിവസത്തേക്ക് ജയിലിലേക്കയക്കുകയും ചെയ്യുന്നു. 

 

Also Read : 

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശരദ് പവാറിന് വടികൊടുത്ത് അടിവാങ്ങി എൻഫോഴ്‌സ്‌മെന്റ് 

ലോകത്തിനു മുന്നിൽ ഇമ്രാൻ ഖാനെ പൊളിച്ചടുക്കി; ചില്ലറക്കാരിയല്ല ഈ ഐഎഫ്എസ് ഓഫീസര്‍

ഹിറ്റ്‌ലർ ജൂതരെ വെറുത്തത് എന്തിന്റെ പേരിലായിരുന്നു..?