ലോകത്തെല്ലായിടത്തും വംശീയത നിലനില്‍ക്കുന്നുണ്ട്. നിറത്തിന്‍റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങളും ചൂഷണങ്ങളുമെല്ലാം ഈ നൂറ്റാണ്ടിലും തുടരുന്നുവെന്നത് ഖേദകരമാണ്. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ലോയ്ഡെന്ന കറുത്ത വര്‍ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ചുവെന്നുവേണം കരുതാന്‍. ഇവിടെ ക്ലോയി ലോപസ് ഗോമസ് എന്ന ഫ്രഞ്ച് ബാലെ നര്‍ത്തകി തൊലിയുടെ നിറത്തിന്‍റെ പേരില്‍ അനുഭവിക്കേണ്ടി വന്ന വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ്. ബര്‍ലിന്‍ ബാലേ കമ്പനി സ്റ്റേറ്റ്സ്ബല്ലെറ്റില്‍ തനിക്ക് വിവേചനം അനുഭവിക്കേണ്ടി വന്നുവെന്ന് അവര്‍ ബിബിസിയോട് പറയുന്നു.

എന്തുകൊണ്ടാണ് ഇപ്പോള്‍ ഈ വിവേചനത്തെ കുറിച്ച് തുറന്നു പറയുന്നത് എന്നതിനുള്ള കാരണമായി ക്ലോയി പറയുന്നത് സ്റ്റേറ്റ്സ്ബല്ലെറ്റ് ഓഫ് ബര്‍ലിനിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരി താനാണ് എന്നതാണ്. 

''വളരെ ആകാംക്ഷയോടും അഭിമാനത്തോടും കൂടിയാണ് ഞാനവിടെ ചേരുന്നത്. എന്നാല്‍, അതേസമയം എന്‍റെ തൊലിയുടെ നിറം അവിടെയൊരു ചര്‍ച്ചയാവുന്നതിന് എനിക്ക് താല്‍പര്യമില്ലായിരുന്നു. ആളുകളെന്‍റെ കഴിവിനെ കുറിച്ച് സംസാരിക്കണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, സ്ഥാപനത്തിലെ അധ്യാപികമാര്‍ കറുത്തതായതിന്‍റെ പേരില്‍ അക്കാദമി എന്നെ ഉള്‍പ്പെടുത്തരുതായിരുന്നുവെന്നും ബാലെയില്‍ കറുത്ത നിറം സൗന്ദര്യമല്ലെന്നും അതിന്‍റെ മനോഹാരിത കെടുത്തുന്നതാണെന്നും പറയുകയുണ്ടായി.''

''കഴിഞ്ഞ വര്‍ഷങ്ങളില്‍, പലതവണ ഈ അധ്യാപികമാര്‍ എനിക്ക് നേരെ വംശീയമായ പരാമര്‍ശങ്ങള്‍ നടത്തുകയും വംശീയമായ തമാശകള്‍ പറയുകയും ചെയ്തു. എന്നാല്‍ ഇതിലെല്ലാം എന്നെ ഞെട്ടിച്ച സംഭവം ഇതായിരുന്നു, ഒരിക്കല്‍ ബാലേ അവതരിക്കുമ്പോള്‍ തലയിലിടുന്നതിനുള്ള വെളുത്ത ആവരണം നല്‍കുകയായിരുന്നു ഒരു അധ്യാപിക. എന്‍റെ അടുത്തെത്തിയപ്പോള്‍ 'ഞാനിത് നിനക്ക് തരില്ല, കാരണം നീ കറുത്തതും ഇത് വെളുത്തതും ആണ്' എന്ന് പറഞ്ഞ് അവര്‍ ഉറക്കെ ചിരിച്ചു. ആ സംഭവം എന്നില്‍ കടുത്ത അപമാനമുണ്ടാക്കി. എന്നാല്‍, അതിനേക്കാള്‍ എന്നെ ഞെട്ടിച്ചത് അങ്ങനെ പറയുന്നതിന് അവര്‍ക്ക് ഭയമുണ്ടായിരുന്നില്ല എന്നതാണ്.''

മറ്റുള്ളവരുമായി കൂടിച്ചേരുന്നതിനായി ബാലേ അവതരിക്കുമ്പോഴെല്ലാം വെളുക്കുന്നതിനായി മേക്കപ്പ് ധരിക്കാനും ക്ലോയിയോട് അധ്യാപികമാര്‍ ആവശ്യപ്പെട്ടു. 

''നിങ്ങള്‍ ഓരോ തവണ ഒരു കറുത്ത നര്‍ത്തകിയോട് വെളുത്ത മേക്കപ്പ് ധരിക്കാന്‍ ആവശ്യപ്പെടുമ്പോഴും സ്വന്തം സ്വതം മറച്ചുവയ്ക്കാനും നഷ്ടപ്പെടുത്താനും കൂടിയാണ് അവരോട് ആവശ്യപ്പെടുന്നത്. ഇതൊരു പഴയ രീതിയായും വംശീയമായും എനിക്ക് അനുഭവപ്പെടുന്നു.''

നിരവധി കറുത്ത വര്‍ഗക്കാരായവരും അല്ലാത്തവരുമായ ബാലേ നര്‍ത്തകര്‍ ക്ലോയിക്ക് പിന്തുണയറിയിച്ച് കഴിഞ്ഞു. റോയല്‍ ബല്ലെറ്റ് സോളോയിസ്റ്റായ ഫെര്‍നാഡോ മൊണ്ടാനോ പറഞ്ഞത് ഇത് ക്ലോയി മാത്രം അനുഭവിക്കുന്ന വേദനയല്ലെന്നും ബാലേയില്‍ ഇതുപോലെയുള്ള വേര്‍തിരിവുകളുണ്ടെന്നുമാണ്. ഏതായാലും സ്റ്റേറ്റ്സ്ബല്ലെറ്റ് സംഭവത്തില്‍ ഇന്‍റേണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിട്ടുണ്ട്.