ക്രിസ്‍മസ് ദിനത്തിൽ, ഉംബർപാഡായിലെ പള്ളി തിളങ്ങുന്ന ലൈറ്റുകളും, പലവിധ പുഷ്‍പങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. 52 -കാരിയായ ദേവ്കു ജാദവ് ഗ്രാമത്തിലെ മറ്റ് ക്രിസ്‍തുമതവിശ്വാസികള്‍ക്കൊപ്പം അതിരാവിലെ എഴുന്നേറ്റു. പിന്നീട്, ഭർത്താവ് റംഷിക്കും, മക്കൾക്കുമൊപ്പം ഡാങ് വനത്തിനകത്ത് നടക്കുന്ന ഗോത്രസമുദായത്തിന്റെ ആഘോഷപരിപാടികളിൽ പങ്കെടുത്തു. ആറ് വർഷം മുമ്പാണ് ദേവ്കു ക്രിസ്‍തുമതത്തിലേക്ക് പരിവർത്തനം ചെയ്‍തത്. ഗ്രാമത്തിലെ റോഡിനോട് ചേർന്നുള്ള അവരുടെ വീട്ടിൽ യേശുക്രിസ്‍തുവിന്റെയും ശിവന്‍റെയും ചിത്രങ്ങൾ കാണാം. ഡാങ്ങിനെ മറ്റ് ഗോത്രഗ്രാമങ്ങളിൽനിന്നും വ്യത്യസ്‍തമാക്കുന്നതും ഈ മതസൗഹാർദ്ദം തന്നെയാണ്.

കൃഷിയും, കന്നുകാലികളെ മേക്കലുമാണ് ജാദവ് കുടുംബത്തിന്റെ ദിനചര്യ. കാലത്ത് കന്നുകാലികളെ മേക്കാനായി കാട്ടിൽപോകുന്ന അവർ വൈകിട്ട് സൂര്യാസ്‍തമയത്തോടെയാണ് വീട്ടിലേക്ക് മടങ്ങുന്നത്. അവരുടെ ജീവിതരീതി ഒരുപോലെയാണെങ്കിലും അവർ പിന്തുടരുന്ന വിശ്വാസങ്ങൾ വ്യത്യസ്‍തമാണ്. റംഷി ഒരു ഹിന്ദുവാണ്, അയൽക്കാരനായ സഹോദരൻ ജമാൽ, ഒരു ക്രിസ്ത്യാനിയും.

മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ നൂറുശതമാനം ഗോത്ര ജില്ലയാണ് ഡാങ്. ഉംബർപാഡായിലെ 1200 ഓളം നിവാസികളിൽ 80 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്. ഒരു കുടുംബത്തിൽ തന്നെ വ്യത്യസ്‍ത വിശ്വാസങ്ങൾ പിന്തുടരുന്നവരാണ് അവർ. ആറ് വർഷം മുമ്പ് ദേവ്കു ഹിന്ദുമതത്തിൽ നിന്ന് ക്രിസ്‍തുമതത്തിലേക്ക് പരിവർത്തനം ചെയ്‍തപ്പോൾ സഹോദരൻ ഒരു പതിറ്റാണ്ട് മുമ്പ് മതം മാറിയെന്നും റംഷി പറയുന്നു.

“എന്റെ ഭാര്യ ദേവ്കു വളരെക്കാലമായി ഒരു രോഗിയായിരുന്നു. ആ സമയത്താണ് അവൾ ഒരു  ക്രിസ്‍തുമത പ്രചാരകനെ കാണുന്നതും, ക്രിസ്‍തുമതം സ്വീകരിക്കുന്നതും. അതിനുശേഷം, അവൾ സ്വയം സമാധാനം കണ്ടെത്തി, അവളെ കാണുമ്പോൾ ഇപ്പോൾ എനിക്ക് സന്തോഷമാണ്" റംഷി പറഞ്ഞു. അവരുടെ ഏഴു മക്കളിൽ അഞ്ച് പെൺകുട്ടികളും ഇപ്പോഴും ഹിന്ദുമതം പിന്തുടരുന്നവരാണ്. ഇനി അവർക്കും വേണമെങ്കിൽ മതം മാറാമെന്നും തനിക്ക് അതിൽ ഒരു എതിർപ്പുമില്ലായെന്നും റംഷി കൂട്ടിച്ചേർത്തു.

ഇവിടത്തെ ജനങ്ങൾ പരസ്‍പരം സ്നേഹത്തിലും സഹോദര്യത്തിലുമാണ് കഴിയുന്നതെങ്കിലും, പക്ഷേ, ചില മതസംഘടനകൾക്ക് അതത്ര രസിക്കുന്നില്ല. ഒരുവശത്ത്, മിഷനറിമാർ ഗോത്രവർഗ്ഗക്കാരെ ക്രിസ്‍തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, മറുവശത്തു വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകൾ പരിവര്‍ത്തനം ചെയ്‍തവരെ 'ഘർ വാപസി' എന്ന പേരിൽ ഹിന്ദു മതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഗുജറാത്തിലെ ആദ്യത്തെ ക്രിസ്ത്യൻ വിരുദ്ധ കലാപം നടക്കുന്നതും ഡാങ്ങിൽ തന്നെ. 1998 -ലെ ആ ക്രിസ്ത്യൻ വിരുദ്ധ കലാപത്തിന്റെ നിഴലിലാണ് ഇപ്പോഴും ഈ ജില്ല. കലാപത്തിൽ മിഷനറിമാർ മതപരിവർത്തന പരിപാടികൾ നടത്തുന്നു എന്നാരോപിച്ച്  പള്ളികൾ ആക്രമിക്കുകയും, കത്തിക്കുകയും ചെയ്‍തിരുന്നു.

വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) സ്വാമി അസീമാനന്ദും ഇതിന്റെ ഭാഗമായി ആദിവാസികൾക്കായി ഘര്‍ വാപസി പരിപാടികൾ നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം തന്നെ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സി‌എൻ‌ഐ), ന്യൂ ജറുസലേം ചർച്ച്, റോമൻ കാത്തലിക്, പെന്തക്കോസ്‍ത് ചർച്ച് എന്നിവയുൾപ്പെടെ 16 മിഷനറി സംഘടനകൾ ഡാങ് ഗ്രാമങ്ങളിൽ സജീവമാണെന്ന് ഒരു പ്രാദേശിക ക്രിസ്ത്യൻ നേതാവ് നൽകിയ വിവരത്തില്‍ പറയുന്നു. 2017 -ൽ ഗുജറാത്ത് വിദ്യാപീതിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സീതാറാം ദേശ്‍മുഖിന്റെ ഒരു പഠനമനുസരിച്ച്, ഡാങ്ങിന് 408 പ്രൈമറി സ്‍കൂളുകളുണ്ടായിരുന്നു, അവയിൽ പലതും മിഷനറിമാർ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്‍തു. ഹിന്ദു, ക്രിസ്ത്യൻ സംഘടനകൾ ഡാങ്ങിലെ ഗ്രാമങ്ങളിൽ അനവധി ക്ഷേത്രങ്ങളും പള്ളികളും പണിയുകയുമുണ്ടായി.
 
മതപരിവർത്തനങ്ങളുടെ തീച്ചൂളയിൽ വേവുന്ന ഡാങ്, എല്ലാ ക്രിസ്‍മസിനു മുൻപും സംഘർഷഭരിതമാവും. ഇങ്ങനെയൊക്കെയാണെങ്കിലും, ഗ്രാമത്തിലെ ആദിവാസികളെ പക്ഷേ, ഇതൊന്നും ബാധിക്കാറില്ല. അവർ തങ്ങളുടെ സഹവർത്തിത്വ സംസ്‍കാരം ആഘോഷിക്കുക തന്നെ ചെയ്യും. സക്കർപതാൽ ഗ്രാമ മാർക്കറ്റിൽ, 62 -കാരനായ ജാനു ഭോയ്, തന്റെ ചായക്കടയ്ക്ക് പുറത്ത് ഒരു മരബെഞ്ചിലിരിക്കുന്നു. വെള്ള കുർത്തയും ഷോർട്ട്സും ധരിച്ച് നെറ്റിയിൽ ‘യു’ ആകൃതിയിലുള്ള ഭസ്‍മം തൊട്ടിട്ടുണ്ട്. കടയിൽ നിന്ന് നൂറു മീറ്റർ അകലെയാണ് ജാനുവിന്റെ ഇളയ സഹോദരനായ ഗണപത് ഭോയുടെ ചായക്കട. 60 വയസുള്ള ഗണപത് നെറ്റിയിൽ കുരിശിന്റെ ആകൃതിയിൽ പച്ചകുത്തിയിരിക്കുന്നു. ജാനുവും ഗണപത്തും അയൽവാസികളാണെന്നും അവരുടെ കുട്ടികൾ വ്യത്യസ്‍ത വിശ്വാസങ്ങളിൽ പെട്ടവരാണെങ്കിലും ഒരുമിച്ച് വളരുവെന്നും അവർ പറഞ്ഞു. മറ്റേതൊരു സാംസ്‍കാരിക അധിനിവേശ ശ്രമത്തെയും ചെറുത്തുനിൽക്കാൻ അവരുടെ സംസ്‍കാരത്തിനാവുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. അവരുടെ കണ്ണിൽ എല്ലാ മതവും തുല്യമാണ്. 

(കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്)