മഹാമാരിക്ക് മുൻപായിരുന്നു ആ യാത്ര ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ, അന്ന് 18 വയസിന് മുകളിൽ ഉള്ളവരെ മാത്രമേ യാത്രയിൽ അനുവദിക്കൂ എന്ന് പറഞ്ഞത് സുലേമാന് വലിയ നിരാശയുണ്ടാക്കി.
ടൈറ്റാനിക് കാണാനുള്ള യാത്രക്കിടെ തകർന്നുപോയ അന്തർവാഹിനിക്കുള്ളിൽ ഒരേ കുടുംബത്തിൽ നിന്നുമുള്ള രണ്ടുപേരുണ്ടായിരുന്നു. പാകിസ്ഥാനിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ ഷഹ്സാദ ദാവൂദും മകൻ സുലേമാനും. ആ വിയോഗത്തിന് ശേഷം ഇപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയാണ് സുലേമാന്റെ അമ്മയായ ക്രിസ്റ്റീൻ ദാവൂദ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയിൽ തന്റെ ഭർത്താവിനെ അനുഗമിക്കാൻ നേരത്തെ താനും തീരുമാനിച്ചതായിരുന്നു എന്ന് ക്രിസ്റ്റീൻ പറയുന്നു. പിന്നീട്, താൻ പിന്മാറുകയും യാത്രയിൽ മകൻ ചേരുകയും ആയിരുന്നു എന്നും അവർ പറഞ്ഞു.
ഈ വർഷം ആ യാത്രയുടെ അവസരം എത്തിയപ്പോൾ ക്രിസ്റ്റീൻ അതിൽ നിന്നും പിന്മാറുകയായിരുന്നു. ആ അവസരം തന്റെ മകന് അവർ നൽകുകയും ചെയ്തു. യാത്രയ്ക്ക് മുമ്പ് ഭർത്താവിനെയും മകനെയും ഓർത്ത് താൻ വളരെ അധികം സന്തോഷിച്ചിരുന്നു. കാരണം, ഒരുപാട് കാലമായിട്ടുള്ള അവരുടെ ആഗ്രഹമായിരുന്നു ടൈറ്റാനിക് കാണാനുള്ള ആ യാത്ര എന്ന് ക്രിസ്റ്റീൻ പറയുന്നു. യാത്ര തുടങ്ങുമ്പോൾ ക്രിസ്റ്റീന്റെ 17 -കാരി മകളടക്കം കുടുംബത്തിലെ നാലുപേരും മദർഷിപ്പായ പോളാർ പ്രിൻസിന് അടുത്തുണ്ടായിരുന്നു.
മഹാമാരിക്ക് മുൻപായിരുന്നു ആ യാത്ര ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ, അന്ന് 18 വയസിന് മുകളിൽ ഉള്ളവരെ മാത്രമേ യാത്രയിൽ അനുവദിക്കൂ എന്ന് പറഞ്ഞത് സുലേമാന് വലിയ നിരാശയുണ്ടാക്കി. എന്നാൽ, ഇപ്പോൾ അവന് 18 കടന്നിരിക്കുന്നു. അങ്ങനെയാണ് പിതാവിനൊപ്പം അവനും യാത്രയിൽ പങ്കാളിയായത്. റൂബിക്സ് ക്യൂബുമായിട്ടാണ് സുലേമാൻ ആ യാത്രയിൽ പോയത്. ടൈറ്റാനിക്കിന്റെ അരികിൽ വച്ച് ആ റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് റെക്കോർഡ് നേടാനുള്ള ആഗ്രഹവും അവനിലുണ്ടായിരുന്നു.
ടൈറ്റാനുമായുള്ള ബന്ധം നിലച്ചു എന്നറിഞ്ഞപ്പോൾ വലിയ ആശങ്കയിലൂടെയാണ് കടന്നുപോയത്. ഏറ്റവും മോശമായത് തന്നെ സംഭവിച്ചു. ദാവൂദിനെയും മകനെയും ഒരുപാട് ഒരുപാട് മിസ് ചെയ്യുന്നു. ദാവൂദ് ഒരുപാട് കാര്യങ്ങളിൽ ഇടപെട്ടിരുന്ന ആളായിരുന്നു, ഇനി അതെല്ലാം മനസിലാക്കണം നോക്കിനടത്തണം എന്നും ക്രിസ്റ്റീൻ പറഞ്ഞു.
ടൈറ്റാനിക് കാണാനുള്ള സന്ദർശനത്തിന് മുമ്പായി ഫാദേഴ്സ് ഡേയിൽ ക്രിസ്റ്റീനും മകൾ അലിനയും കെട്ടിപ്പിടിച്ചും തമാശകൾ പറഞ്ഞുമാണ് ദാവൂദിനെ സന്തോഷിപ്പിച്ചത്. എന്നാൽ, ദാവൂദും മകൻ സുലേമാനും ഏറെ ആഗ്രഹിച്ച്, കാത്തിരുന്ന് നടത്തിയ ആ യാത്ര വലിയ ദുരന്തമായി മാറുകയായിരുന്നു.
