അധികം വൈകാതെ തന്നെ ക്രിസ്റ്റഫർ റോസയോട് വിവാഹാഭ്യർത്ഥനയും നടത്തി. കൂടുതലൊന്നും റോസയ്ക്കും ചിന്തിക്കാൻ ഇല്ലായിരുന്നു, അവൾ യെസ് പറഞ്ഞു. അങ്ങനെയാണ് ഇരുവരും വിവാഹിതരാവുന്നത്.

പ്രണയം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭവിക്കാം. ആർക്കും ആരോടും തോന്നാവുന്ന ഒരു വികാരം കൂടിയാണ് അത്. അതുപോലെ ഒരു റിട്ടയർമെന്റ് ഹോമിൽ വച്ച് കണ്ടുമുട്ടിയ രണ്ടുപേർ വിവാഹിതരായി. ക്രിസ്റ്റഫർ സ്ട്രീറ്റ് എന്ന 82 -കാരനും റോസ സ്ട്രീറ്റ്സ് എന്ന 81 -കാരിയും തങ്ങളുടെ പങ്കാളികളെ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കീൻഷാമിലെ സെന്റ് മോണിക്ക ട്രസ്റ്റിന്റെ ചോക്ലേറ്റ് ക്വാർട്ടർ റിട്ടയർമെന്റ് വില്ലേജിൽ എത്തിയത്. ഒടുവിൽ, അവിടെ എത്തിച്ചേർന്ന് 18 മാസങ്ങൾക്ക് ശേഷം ജൂലൈ മാസത്തിൽ ഇരുവരും വിവാഹിതരായി. 

എങ്ങനെയാണ് ആദ്യമായി പരസ്പരം കണ്ടത് എന്ന് ചോദിച്ചാൽ റോസ പറയുന്നത്, ആദ്യമായി കാണുമ്പോൾ ക്രിസ്റ്റഫർ തനിക്ക് അഭിമുഖമായുള്ള ഒരു ജനാലയ്ക്കരികിൽ ഇരിക്കുകയായിരുന്നു എന്നാണ്. 'പിന്നീട്, അദ്ദേഹം തനിക്കരികിൽ വന്നിരുന്നു, തങ്ങൾ സംസാരിക്കാൻ തുടങ്ങി. തങ്ങൾക്ക് പൊതുവായ ഒരുപാട് ഇഷ്ടങ്ങളുണ്ടായിരുന്നു, ഒരുമിച്ചുള്ള നേരങ്ങളെല്ലാം ഒരുപാട് ആസ്വദിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു' എന്നും റോസ പറയുന്നു. റോസ നേരത്തെ ഒരു നഴ്സായിരുന്നു. ക്രിസ്റ്റഫർ ഒരു മൈനിങ് കൺസൾട്ടന്റും.

പിന്നീട്, ഇരുവരും ഡേറ്റ് ചെയ്ത് തുടങ്ങി. അധികം വൈകാതെ തന്നെ ക്രിസ്റ്റഫർ റോസയോട് വിവാഹാഭ്യർത്ഥനയും നടത്തി. കൂടുതലൊന്നും റോസയ്ക്കും ചിന്തിക്കാൻ ഇല്ലായിരുന്നു, അവൾ യെസ് പറഞ്ഞു. അങ്ങനെയാണ് ഇരുവരും വിവാഹിതരാവുന്നത്. മക്കളും മക്കളുടെ മക്കളും കുടുംബക്കാരും വിവാഹത്തിനുണ്ടായിരുന്നു. അവരുടെ സാന്നിധ്യത്തിൽ വിവാഹിതരാവാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഇരുവരും പറയുന്നു. ഒപ്പം, 'രണ്ടുപേരും 80 -കളിലാണ്, ഇനിയെത്രനാൾ ഉണ്ടാവും എന്ന് അറിയില്ല. എന്നാൽ, ആ ഉള്ളകാലം പരസ്പരം സ്നേഹിച്ചും ആസ്വദിച്ചും കഴിയണം എന്നാണ് ആ​ഗ്രഹം' എന്നും ഇവർ പറയുന്നു.