സ്റ്റോക്ക്ഹോമിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് 2,50,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന തടി നഗരം നിർമ്മിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, ആട്രിയം ലുങ്‌ബെർഗിന്റെ ടീം വ്യക്തമാക്കിയിട്ടുള്ളത്.

നിർമ്മാണ പ്രവൃത്തികളിൽ കോൺക്രീറ്റ് ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കുക തന്നെ നമുക്ക് ബുദ്ധിമുട്ടാണ്. അംബരചുംബികളായ കെട്ടിടങ്ങൾ മുതൽ ചെറുവീടുകൾ വരെ, നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം കെട്ടിടങ്ങളും കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, മരം കൊണ്ട് മാത്രം നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയ ഒരു നഗരം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു വേറിട്ട പരീക്ഷണമാണ് സ്വീഡനിൽ നടക്കാൻ പോകുന്നത്. കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച ഈ വാർത്ത എല്ലാവരിലും കൗതുകമുണർത്തുകയും ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ തടി നഗരം നിർമ്മിക്കുമെന്നാണ് സ്വീഡൻ പ്രഖ്യാപിച്ചിരിക്കുന്നത്.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ ആണ് ലോകത്തിലെ ആദ്യത്തെ തടി നഗരം നിർമ്മിക്കുന്നത്. ഹെന്നിംഗ് ലാർസൻ, വൈറ്റ് ആർക്കിടെക്റ്റ്, ഡാനിഷ് സ്റ്റുഡിയോ, സ്വീഡിഷ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ഈ അത്ഭുത ന​ഗരം പൂർത്തിയാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ 2025 -ൽ ആരംഭിക്കും, 2027 -ഓടെ തടി ന​ഗരം സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോർവേ, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ മരംകൊണ്ടുള്ള അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും, ഇത് ആദ്യമായാണ് ഒരു നഗരത്തെ മുഴുവൻ മരം കൊണ്ട് നിർമ്മിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. പദ്ധതി വിജയിച്ചാൽ സ്വീഡന് അതൊരു വലിയ നേട്ടമായിരിക്കും.

സ്റ്റോക്ക്ഹോമിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് 2,50,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന തടി നഗരം നിർമ്മിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, ആട്രിയം ലുങ്‌ബെർഗിന്റെ ടീം വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ 7,000 ഓഫീസുകളും 2,000 വീടുകളും ഉൾപ്പെടും. ഇതിന് പുറമെ ഭക്ഷണശാലകൾ, കടകൾ, പാർക്കുകൾ എന്നിവയും ഉണ്ടാകും. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് സ്വീഡന്റെ പ്രതീക്ഷ. 400 -ലധികം കമ്പനികൾ ഇതിനകം തന്നെ ഈ മെഗാ പ്രോജക്റ്റിന്റെ ഭാഗമാണെന്ന് റിപ്പോർട്ട്.

അഞ്ച് മിനിറ്റിനുള്ളിൽ ന​ഗരം മുഴുവൻ ചുറ്റിക്കറങ്ങാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം. അതിനാൽ അഞ്ച് മിനിറ്റ് നഗരം എന്നും ഇത് അറിയപ്പെടും. കോൺക്രീറ്റിനും സ്റ്റീലിനും പകരം തടിയാണ് തങ്ങൾ നിർമ്മാണ പ്രവൃത്തികൾക്ക് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ആട്രിയം ലുങ്‌ബെർഗിന്റെ സിഇഒ അന്നിക അനസ് പറഞ്ഞു. തടി കെട്ടിടങ്ങളിലെ തീപിടുത്തത്തെക്കുറിച്ച് പല വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പരമ്പരാഗത ഉരുക്കിനെ അപേക്ഷിച്ച് മരം താരതമ്യേന സാവധാനത്തിലാണ് കത്തുന്നതെന്നാണ് എഞ്ചിനീയർമാർ പറയുന്നത് കൂടാതെ ഇത് കെടുത്താൻ എളുപ്പമാണെന്നും ഇവർ പറയുന്നു. 

വായിക്കാം: 30 -കാരിയായ മകൾ വിവാഹത്തിന് സമ്മതിക്കുന്നില്ല, താനൊരു വിഷാദരോ​ഗിയായെന്ന് അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം