കാലാവസ്ഥാവ്യതിയാനം മാനസികാരോഗ്യത്തിനും മാനസികക്ഷേമത്തിനും നേരെ വർദ്ധിച്ചുവരുന്ന അപകടമാണ്. ഇതിൽ വൈകാരിക ക്ലേശം, ഉത്കണ്ഠ, വിഷാദം, ആത്മഹത്യാപരമായ പെരുമാറ്റം എന്നിവ ഉൾപ്പെടുന്നു എന്നാണ് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) ന്റെ കണ്ടെത്തൽ.

കാലാവസ്ഥാവ്യതിയാനവും (Climate change) അതിന്റെ പ്രത്യാഘാതങ്ങളും ഒരു പുതിയ വിഷയമല്ല. ഇന്ന് ഒട്ടുമിക്ക മനുഷ്യർക്കും അതേ കുറിച്ചെല്ലാം ധാരണയുമുണ്ട്. എന്നാൽ, നാം കരുതുന്നതിനേക്കാൾ കൂടുതലാണ് ഇതിന്റെ അപകടങ്ങളെന്നാണ് വിദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ലോകാരോ​ഗ്യ സംഘടന (World Health Organisation) പറയുന്നത് കാലാവസ്ഥാ വ്യതിയാനം ​ഗുരുതരമായി ആളുകളുടെ മാനസികാരോ​ഗ്യത്തെ (mental health) ബാധിക്കുകയും അവരുടെ സ്വസ്ഥമായ ജീവിതത്തിന് തടസമുണ്ടാക്കുകയും ചെയ്യുന്നു എന്നാണ്. 

കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പദ്ധതിയിൽ മാനസികാരോ​ഗ്യത്തെ പിന്തുണക്കാനുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണം എന്നും വിദ​ഗ്‍ദ്ധർ ആവശ്യപ്പെടുന്നു. ഭൂമി ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് കാലാവസ്ഥാവ്യതിയാനം. അതിനെ ചെറുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ അത് ഈ തലമുറയ്ക്കും വരും തലമുറയ്ക്കും ദോഷമായി ബാധിക്കും എന്നും ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. 

ആഗോളതാപനം മഞ്ഞുമലകൾ ഉരുകുന്നതിലേക്കും അനിയന്ത്രിതമായ കാട്ടുതീയിലേക്കും പ്രവചനാതീതവും വിനാശകരവുമായ വെള്ളപ്പൊക്കത്തിലേക്കും ജീവന്റെയും സ്വത്തുക്കളുടെയും നാശത്തിലേക്കും നയിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്തെ നിസ്സഹായാവസ്ഥയിലാക്കിയ നിരവധി ദുരന്തങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചു കഴിഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മാനസികാരോഗ്യത്തിനും മാനസികക്ഷേമത്തിനും നേരെ വർദ്ധിച്ചുവരുന്ന അപകടമാണ്. ഇതിൽ വൈകാരിക ക്ലേശം, ഉത്കണ്ഠ, വിഷാദം, ആത്മഹത്യാപരമായ പെരുമാറ്റം എന്നിവ ഉൾപ്പെടുന്നു എന്നാണ് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) ന്റെ കണ്ടെത്തൽ. "കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്, കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങളും ദീർഘകാല അപകടസാധ്യതകളും കൈകാര്യം ചെയ്യുന്ന ആളുകൾക്കും കമ്മ്യൂണിറ്റികൾക്കും വളരെ കുറച്ച് മാത്രമാണ് മാനസികാരോഗ്യ പിന്തുണ ലഭിക്കുന്നത്" ലോകാരോഗ്യ സംഘടനയിലെ എൻവയോൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഹെൽത് വിഭാ​ഗം ഡയറക്ടർ ഡോ. മരിയ നീര പറഞ്ഞു. 

എന്നാൽ, സാമൂഹിക-സാമ്പത്തികനില, ലിം​ഗഭേദം, പ്രായം എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും കാലാവസ്ഥാവ്യതിയാനം ഒരാളുടെ മാനസികാരോ​ഗ്യത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതത്തിന്റെ തോത് എന്ന് വിദ​ഗ്ദ്ധർ പറയുന്നു. 2021-ൽ ലോകാരോഗ്യ സംഘടന നടത്തിയ ഒരു സർവേ പ്രകാരം, 95 രാജ്യങ്ങളിൽ, ഒമ്പത് രാജ്യങ്ങളിൽ മാത്രമാണ് അവരുടെ ദേശീയ ആരോഗ്യ, കാലാവസ്ഥാ വ്യതിയാന പദ്ധതികളിൽ മാനസികാരോഗ്യ പിന്തുണ ഉൾപ്പെടുത്തിയിരുന്നത്. ഇതിനകം തന്നെ കാലാവസ്ഥാവ്യതിയാനം വളരെ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മാനസികാരോ​ഗ്യത്തെ കൂടി അത് ബാധിക്കും എന്നത് സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. 

"കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ആഗോളതലത്തിൽ മാനസികാരോഗ്യത്തിനും മാനസികാരോഗ്യ സേവനങ്ങൾക്കും ഇതിനകം തന്നെ വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ സങ്കീർണ്ണമാക്കുന്നു. ഏകദേശം ഒരു ബില്യൺ ആളുകൾ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ജീവിക്കുന്നു. എന്നിട്ടും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ, നാലിൽ മൂന്ന് പേർക്ക് മാനസികാരോ​ഗ്യനില മെച്ചപ്പെടുത്താനുള്ള പിന്തുണ കിട്ടുന്നില്ല" ഡബ്ല്യുഎച്ച്ഒയുടെ ഡിപാർട്മെന്റ് ഓഫ് മെന്റൽ ഹെൽത് ആൻഡ് സബ്സ്റ്റൻസ് അബ്യൂസ് ഡയറക്ടർ ദേവോറ കെസ്റ്റൽ കൂട്ടിച്ചേർത്തു. 

കാലവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പദ്ധതികളിൽ മാനസികാരോ​ഗ്യത്തെ പിന്തുണക്കാനുള്ള കാര്യങ്ങൾ കൂടി ചേർക്കണം എന്നും കെസ്റ്റൽ പറയുന്നു.