Asianet News MalayalamAsianet News Malayalam

കാലാവസ്ഥാ വ്യതിയാനം, കൊടുംചൂട് താങ്ങാൻ വയ്യ, 'രൂപമാറ്റ'ത്തിന് വിധേയരായി പക്ഷികൾ

വർധിച്ച് വരുന്ന ഈ ചൂടിൽ മൃഗങ്ങൾക്ക് അവയുടെ ശരീര താപനില നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവ ഒന്നാകെ ചത്തൊടുങ്ങും. അത് കാരണം, ചൂടുള്ള കാലാവസ്ഥയെ നേരിടാൻ ചില ജീവികൾ ശാരീരിക മാറ്റങ്ങൾക്ക് വിധേയരാകുന്നു. 

climate change Animals shapeshifting
Author
Thiruvananthapuram, First Published Sep 10, 2021, 3:12 PM IST

കാലാവസ്ഥാ വ്യതിയാനം ഇന്ന് പ്രകൃതിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒരുപക്ഷേ നമുക്ക് ഊഹിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്. ഉയർന്ന് വരുന്ന താപനില കൊടുംവരൾച്ചയ്ക്കും, സൂര്യതാപത്തിനും ഒക്കെ കരണമാകുമ്പോൾ, പക്ഷികളിലും അതിന്റെ മാറ്റങ്ങൾ കാണുന്നു എന്നാണ് ഒരു പുതിയ പഠനം പറയുന്നത്. ആഗോളതാപനത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പക്ഷികൾ സ്വന്തം ആകൃതി മാറ്റുന്നു, അതായത്  കാലാവസ്ഥാ വ്യതിയാനം മൂലം പക്ഷികൾ രൂപമാറ്റത്തിന് വിധേയരാകുന്നു.

climate change Animals shapeshifting

പഠനമനുസരിച്ച്, ഉഷ്ണ രക്തമുള്ള പക്ഷികളിൽ വലിയ കൊക്കുകളും കാലുകളും ചെവികളും വികസിക്കുന്നു. ഭൂമി ചൂടാകുമ്പോൾ, അതനുസരിച്ച് ശരീരം തണുപ്പിക്കാൻ അവ കണ്ടെത്തുന്ന ഒരു മാർ​ഗമാണ് ഇത്. എന്നാലും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ മൃഗങ്ങൾക്ക് ഇതുകൊണ്ടൊന്നും സാധിക്കില്ലെന്നും പഠനത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. "കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചർച്ചകളിൽ എപ്പോഴും ആളുകൾ ചോദിക്കുന്നത് മനുഷ്യർക്ക് ഇത് മറികടക്കാൻ കഴിയുമോ എന്നാണ്. എന്നാൽ, മൃഗങ്ങളും ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്ന് നാം തിരിച്ചറിയേണ്ട സമയമായിരിക്കുന്നു" ഡീക്കിൻ സർവകലാശാലയിലെ ഗവേഷകയായ സാറ റൈഡിംഗ് പറയുന്നു.  

വർധിച്ച് വരുന്ന ഈ ചൂടിൽ മൃഗങ്ങൾക്ക് അവയുടെ ശരീര താപനില നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവ ഒന്നാകെ ചത്തൊടുങ്ങും. അത് കാരണം, ചൂടുള്ള കാലാവസ്ഥയെ നേരിടാൻ ചില ജീവികൾ ശാരീരിക മാറ്റങ്ങൾക്ക് വിധേയരാകുന്നു. ചെറിയ ജീവികൾക്ക് വലിയ ചെവിയോ, കൊക്കോ, ചിറകോ വളരുന്നതിലൂടെ ശരീരത്തിലെ അധിക ചൂടിനെ കൂടുതൽ ഫലപ്രദമായി പുറന്തള്ളാൻ സാധിക്കുന്നു. 1871 മുതൽ വിവിധ ഇനം ഓസ്‌ട്രേലിയൻ തത്തകളുടെ ചുണ്ടുകൾ നാല് മുതൽ പത്ത് ശതമാനം വരെ വലുപ്പം വച്ചിട്ടുണ്ടെന്നും, ഇത് വർഷങ്ങളായി ഉയരുന്ന വേനൽക്കാല താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം പറയുന്നു.

climate change Animals shapeshifting

പക്ഷികൾ മാത്രമല്ല ഇങ്ങനെ ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ രൂപമാറ്റത്തിന് വിധേയമാകുന്നത്. വുഡ് എലികളുടെ വാലിന്റെ നീളം കൂടുന്നതും, ചുണ്ടെലി വർഗ്ഗത്തിപ്പെട്ട മസ്ക് ഷ്രൂകൾക്ക് നീളമുള്ള വാലുകളും കാലുകളും വളരുന്നതും, വവ്വാലുകൾക്ക് വലിയ ചിറകുകൾ ലഭിക്കുന്നതും ഇതിന് ഉദാഹരമാണ്. ഇപ്പോൾ ജീവജാലങ്ങളിൽ തീരെ ചെറിയ രീതിയിലുള്ള രൂപമാറ്റങ്ങളെ ഉണ്ടാക്കുന്നുള്ളൂവെങ്കിലും, ഭൂമിയിൽ ഊഷ്മാവ് വർധിച്ചാൽ, അവ കൂടുതൽ പ്രകടമാകുമെന്ന് സാറ പറയുന്നു. ഈ വർഷം ചില രാജ്യങ്ങൾ പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി - ജൂലൈ ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios