താപനില ഉയരുന്നു, ദിനചര്യകൾ അടക്കം മാറ്റേണ്ട ഗതികേടിൽ കരയിലെ ഏറ്റവും 'വേഗക്കാരന്‍'
പകല്‍ സമയത്ത് വേട്ടയാടുകയും രാത്രി കാലങ്ങളില്‍ വിശ്രമിക്കുകയും ചെയ്യുന്ന ചീറ്റപ്പുലികളുടെ ദിനചര്യ പോലും മാറ്റിയ അവസ്ഥയിലാണ് കാലാവസ്ഥയില്‍ പെട്ടന്നുണ്ടാവുന്ന മാറ്റങ്ങള്‍

വാഷിംഗ്ടണ്‍: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മനുഷ്യരേപ്പോലെ തന്നെ മൃഗങ്ങളേയും സാരമായി ബാധിക്കുന്നതായി പഠനം. പകല്‍ സമയത്ത് വേട്ടയാടുകയും രാത്രി കാലങ്ങളില്‍ വിശ്രമിക്കുകയും ചെയ്യുന്ന ചീറ്റപ്പുലികളുടെ ദിനചര്യ പോലും മാറ്റിയ അവസ്ഥയിലാണ് കാലാവസ്ഥയില്‍ പെട്ടന്നുണ്ടാവുന്ന മാറ്റങ്ങള്‍. ചൂട് കൂടുന്നത് മൂലം ചീറ്റപ്പുലിക്ക് പകല്‍ സമയത്ത് വേട്ടയാടാന്‍ സാധിക്കാതെ വരുന്നതായാണ് അടുത്തിടെ പുറത്ത് വന്ന പഠനം വിശദമാക്കുന്നത്. രാത്രികാലങ്ങളില്‍ ഇരതേടാനിറങ്ങേണ്ടി വരുന്നത് മൂലം കടുവകള്‍ അടക്കമുള്ള വലിയ എതിരാളികളുമായി അനാവശ്യ ഏറ്റുമുട്ടലിന് കാരണമാകുന്നതായാണ് വാഷിംഗ്ടണ്‍ സർവ്വകലാശാലയിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനം വിശദമാക്കുന്നത്.
വലിയ പൂച്ചകളുടെ വിഭാഗത്തിലുള്ള പുള്ളിപ്പുലികളും സിംഹങ്ങളും കടുവകളും അടക്കമുള്ളവരോട് ഇരയുടെ പേരില്‍ ഏറ്റുമുട്ടേണ്ടി വരുന്നത് ചീറ്റയുടെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. താപനിലയിലുണ്ടാവുന്ന മാറ്റം മാംസഭുക്കുകളായ ജീവികളുടെ ജീവിതചര്യക്ക് വരെ മാറ്റമുണ്ടാകുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നാണ് പഠനം പ്രസിദ്ധീകരിച്ച ജീവശാസ്ത്ര വിദഗ്ധ ബ്രിയാന അബ്രഹാംസ് വിശദമാക്കുന്നത്. സിംഹങ്ങളും പുള്ളിപ്പുലികളും ചില സമയങ്ങളില്‍ ചത്ത ജീവികളെ ആഹാരമാക്കാറുണ്ടെങ്കിലും ചീറ്റപ്പുലി വേട്ടയാടി മാത്രമാണ് ആഹാരം കഴിക്കാറ്. ചീറ്റപ്പുലികള്‍ വേട്ടയാടി പിടിക്കുന്ന ഇരകളെ സിംഹങ്ങളും പുലികളും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
വലിയ പൂച്ചയിനത്തിലുള്ള മൃഗങ്ങളോട് ചീറ്റപ്പുലികള്‍ സാധാരണ നിലയില്‍ പോരടിക്കാതെ മടങ്ങുന്നതാണ് പതിവ്. അതിനാല്‍ തന്നെ ക്ഷീണത്തോടെ വീണ്ടും ഇര തേടേണ്ട അവസ്ഥ ചീറ്റകള്‍ക്കുണ്ടാവുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. ദിവസത്തിന്റെ പല സമയങ്ങളില്‍ ഇര തേടുക എന്നതാണ് പൂച്ചയിനത്തിലെ മറ്റ് ജീവികളുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാനായി ചീറ്റപ്പുലികള്‍ ചെയ്യുന്നത്. എന്നാല്‍ താപനില പലപ്പോഴും 45 ഡിഗ്രിയിലധികം വരുന്നതോടെ ഈ വേട്ടയാടല്‍ രീതി പാളിപ്പോവുകയാണ്. രാത്രി കാലത്തെ വേട്ടയാടല്‍ ശൈലിയല്ലാത്ത ചീറ്റപ്പുലികള്‍ ഈ സമയത്ത് പുലികളുടേയും സിംഹത്തിന്റെയും മുന്നില്‍ പെടുന്നതും വർധിക്കുകയാണ്. ഇതിന് പുറമേയാണ് കാലികളെ സംരക്ഷിക്കാനുള്ള മനുഷ്യരുമായി ഏറ്റുമുട്ടേണ്ടി വരുന്ന സാഹചര്യം.
ആഫ്രിക്കയിലെ വംശനാശ ഭീഷണി ഏറ്റവുമധികമുള്ള ജീവിയായാണ് ചീറ്റപ്പുലിയെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ആഫ്രിക്കയിലെ വിവിധ കാടുകളിലായി 7000 ചീറ്റപ്പുലികളാണ് അവശേഷിക്കുന്നതെന്നാണ് മാധ്യമ വാർത്തകള്‍ വിശദമാക്കുന്നത്. ചീറ്റപ്പുലികള്‍ കാണുന്ന ബോട്സ്വാന, നമീബിയ, സാംബിയ അടക്കമുള്ള മേഖലകളില്‍ വരും വർഷങ്ങളില്‍ വലിയ രീതിയിലുള്ള താപനില വർധനവുണ്ടാവുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം