Asianet News MalayalamAsianet News Malayalam

ഈ സ്ഥിതി തുടർന്നാൽ 30 വർഷത്തിനുള്ളിൽ ആളുകൾക്ക് സ്വന്തം വാസസ്ഥലങ്ങളുപേക്ഷിച്ച് പോകേണ്ടിവരുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം കൂടുതൽ പേർക്ക് സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച് പോവാൻ കാരണമായിത്തീരും. അതുപോലെ തന്നെ പുതിയ കുടിയേറ്റ 'ഹോട്ട്സ്പോട്ടു'കൾക്ക് ഇത് രൂപം നൽകുമെന്നും റിപ്പോർട്ട് പറയുന്നു. 

climate change could push millions of people to leave their homes
Author
Spain, First Published Sep 14, 2021, 12:52 PM IST

അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ 200 മില്ല്യണിലധികം ആളുകൾക്ക് സ്വന്തം നാടും വീടും വിട്ട് മറ്റ് പ്രദേശങ്ങളിലേ​ക്ക് കുടിയേറേണ്ടി വന്നേക്കാമെന്ന് പുതിയൊരു റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ലോകബാങ്കിന്‍റെ പ്രസ്തുത റിപ്പോര്‍ട്ടില്‍ വികസനത്തിലെ വിടവ് നികത്താനും ആ​ഗോള നിർ​ഗമനം (global emission) തടയാനും അടിയന്തിരനടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണ് എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. 

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്തില്‍, ജലദൗർലഭ്യം, വിള ഉൽപാദനക്ഷമത കുറയുക, സമുദ്രനിരപ്പ് ഉയരുക തുടങ്ങിയ മന്ദഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ 2050 ആകുമ്പോഴേക്കും എങ്ങനെ 'കാലാവസ്ഥാ കുടിയേറ്റക്കാരെ' (climate migrants) സൃഷ്ടിക്കുമെന്ന് പരിശോധിക്കുന്നു. 

climate change could push millions of people to leave their homes

ആറ് പ്രദേശങ്ങള്‍ പരിശോധിച്ചതില്‍ ഉയർന്ന തോതിലുള്ള മലിനീകരണവും അസമമായ വികസനവും കാരണം, 216 മില്ല്യണ്‍ ആളുകൾ സ്വന്തം രാജ്യങ്ങൾക്കുള്ളില്‍ തന്നെ വേറെ എവിടേക്കെങ്കിലും മാറേണ്ടി വരുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. ആ പ്രദേശങ്ങളിൽ, ലാറ്റിൻ അമേരിക്ക, വടക്കേ ആഫ്രിക്ക, സബ് - സഹാറൻ ആഫ്രിക്ക, കിഴക്കൻ യൂറോപ്പും മധ്യേഷ്യയും, ദക്ഷിണേഷ്യ- കിഴക്കൻ ഏഷ്യ, പസഫിക്ക് എന്നിവ പെടുന്നു. 

കുറഞ്ഞ തോതിലുള്ള മലിനീകരണവും സുസ്ഥിരമായ വികസനവും ഭീഷണി കുറച്ച ഇടങ്ങളില്‍ പോലും 44 മില്ല്യണ്‍ ആളുകൾ വീട് വിടാൻ നിർബന്ധിതരാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഹ്രസ്വകാല പ്രത്യാഘാതങ്ങളെ കുറിച്ച് റിപ്പോർട്ട് പരിശോധിച്ചിട്ടില്ല. 

ഏറ്റവും മോശം അവസ്ഥ, ഉപ-സഹാറൻ ആഫ്രിക്കയുടേതാണ്. മരുഭൂമീകരണം, ദുർബലമായ തീരപ്രദേശങ്ങൾ, ജനസംഖ്യ കാർഷികമേഖലയെ കൂടുതലായും ആശ്രയിക്കുന്നത് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഏറ്റവും ദുർബലമായ പ്രദേശമായി ഇതിനെ കണക്കാക്കുന്നു. ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുണ്ടാവുക ഇവിടെയാണ് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവിടെ 86 മില്ല്യണ്‍ ആളുകൾ ദേശീയ അതിർത്തിക്കുള്ളില്‍ തന്നെ കുടിയേറുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

കാലാവസ്ഥാ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ അനുപാതം പക്ഷേ, വടക്കേ ആഫ്രിക്കയിലാണെന്ന് റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, വടക്കു കിഴക്കൻ ടുണീഷ്യ, വടക്കുപടിഞ്ഞാറൻ അൾജീരിയ, പടിഞ്ഞാറൻ, തെക്കൻ മൊറോക്കോ എന്നിവിടങ്ങളിൽ ജലക്ഷാമം വർദ്ധിച്ചതിനാൽ, ജനസംഖ്യയുടെ ഏകദേശം 9% -ന് തുല്യമായ, 19 മില്ല്യണ്‍ ആളുകള്‍ക്ക് മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

climate change could push millions of people to leave their homes

ദക്ഷിണേഷ്യയിൽ, വെള്ളപ്പൊക്കവും വിളനാശവും ബാധിക്കുന്ന ബംഗ്ലാദേശില്‍ ആണ് പകുതിയോളം കുടിയേറ്റക്കാരുണ്ടാവുക. കൂടുതല്‍ സ്ത്രീകളുള്‍പ്പടെ 19.9 മില്ല്യണ്‍ ആളുകൾ 2050 ഓടെ മോശം സാഹചര്യങ്ങളിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനം കൂടുതൽ പേർക്ക് സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച് പോവാൻ കാരണമായിത്തീരും. അതുപോലെ തന്നെ പുതിയ കുടിയേറ്റ 'ഹോട്ട്സ്പോട്ടു'കൾക്ക് ഇത് രൂപം നൽകുമെന്നും റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാ പ്രതിസന്ധികളിൽ ലോകരാജ്യങ്ങൾ ഉടനടി ഇടപെടേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഒപ്പം ആളുകൾക്ക് കുടിയേറേണ്ടി വരുന്ന സ്ഥലങ്ങളിലും ആളുകൾ കൂടുതലായി കുടിയേറുന്ന ഇടങ്ങളിലും ശ്രദ്ധ ചെലുത്തണമെന്നും വിദ​ഗ്ദ്ധർ പറയുന്നു. 

Follow Us:
Download App:
  • android
  • ios