ഇപ്പോഴത്തെ വരള്‍ച്ച ഗ്രാമങ്ങളെ മാത്രമല്ല നഗരങ്ങളെയും ബാധിക്കുന്നു. കുട്ടികള്‍ തെരുവില്‍ യാചിക്കുന്നതും കണ്ടുവരുന്നു. 

ലോകത്ത് ആദ്യമായി കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ക്ഷാമം അനുഭവിക്കേണ്ടി വരുന്നത് മഡ​ഗാസ്കറിന്? ക്ഷാമത്തിന്റെ വക്കിലാണ് മഡഗാസ്കറെന്ന് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ, പതിനായിരക്കണക്കിന് ആളുകൾ ഇതിനകം തന്നെ മഴയില്ലാത്തതിനെ തുടര്‍ന്ന് പട്ടിണിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും അനുഭവിക്കുന്നുവെന്ന് ബിബിസി എഴുതുന്നു.

വരൾച്ച നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലെത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഒറ്റപ്പെട്ട കർഷക സമൂഹങ്ങളെ അത് തകർത്തു കളഞ്ഞു. പാവപ്പെട്ട ജനങ്ങള്‍ പ്രാണികളെയും മറ്റും കഴിച്ചാണ് വിശപ്പടക്കുന്നത്. ക്ഷാമത്തിന് സമാനമായ അവസ്ഥയാണിത്. അതുണ്ടായത് ഏതെങ്കിലും കലാപത്തില്‍ നിന്നുമല്ല മറിച്ച് കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുമാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍ നിന്നുള്ള ഷെല്ലി തക്രാല്‍ പറയുന്നത്. 

യുഎൻ കണക്കാക്കുന്നത് 30,000 ആളുകൾ നിലവിൽ അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഏറ്റവും ഉയർന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. കൊയ്ത്തിന് മുമ്പ് മഡഗാസ്കർ സ്വതവേ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകാറ്. ആ സമയത്ത് ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരുടെ എണ്ണം പിന്നെയും കൂടിയേക്കാം എന്ന് കരുതുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് പങ്കില്ല. അവര്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നില്ല. എന്നിട്ടും ഈ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ രൂക്ഷപരിണിത ഫലങ്ങള്‍ അവര്‍ അനുഭവിക്കുന്നു എന്നും തക്രാല്‍ പറഞ്ഞു. 

അംബോസാരി ജില്ലയിലെ വിദൂര ഗ്രാമമായ ഫാണ്ടിയോവയിലെ കുടുംബങ്ങൾ അടുത്തിടെ സന്ദർശിച്ച ഡബ്ല്യുഎഫ്‌പി സംഘത്തിന് തങ്ങള്‍ ഭക്ഷിക്കുന്ന വെട്ടുക്കിളികളെ കാണിച്ചു കൊടുത്തു. "പ്രാണികളെ ഞാൻ കഴിയുന്നത്ര വൃത്തിയാക്കുന്നുണ്ട്. പക്ഷേ, മിക്കവാറും ഇവിടെ വെള്ളമില്ല" നാല് കുട്ടികളുടെ അമ്മയായ തമരിയ പറഞ്ഞു. "കഴിഞ്ഞ എട്ട് മാസങ്ങളായി ഞാനും എന്‍റെ മക്കളും ഇതാണ് ഭക്ഷിക്കുന്നത്. കഴിക്കാനിവിടെ മറ്റൊന്നുമില്ല. മഴയില്ലാത്തതിനാല്‍ കൃഷി ചെയ്യാനും കഴിയുന്നില്ല" എന്നും അവര്‍ പറയുന്നു. 

കള്ളിച്ചെടിയുടെ ഇലകളല്ലാതെ ഇവിടെ വേറൊന്നും കഴിക്കാനില്ല എന്ന് മൂന്ന് കുട്ടികളുടെ അമ്മയായ ബോളെ പറയുന്നു. തന്‍റെ ഭര്‍ത്താവ് അടുത്തിടെ പട്ടിണി കിടന്ന് മരിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു. അതിജീവിക്കാനായി കള്ളിച്ചെടിയുടെ ഇലകളുണ്ടോ എന്ന് അന്വേഷിക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ നിവൃത്തിയില്ല എന്നും അവര്‍ പറയുന്നു. 

തുടര്‍‌ച്ചയായി വരള്‍ച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് മഡഗാസ്കര്‍. എല്‍ നിനോയെ തുടര്‍ന്നുണ്ടായ ദൂഷ്യങ്ങളും ഇവിടുത്തുകാര്‍ക്ക് അനുഭവിക്കേണ്ടി വന്നു. വിദഗ്ദ്ധര്‍ പറയുന്നത് കാലാവസ്ഥാ വ്യതിയാനത്തിന് ഇപ്പോള്‍ മഡഗാസ്കര്‍ അനുഭവിക്കുന്ന പ്രതിസന്ധിയുമായി നേരിട്ടുള്ള ബന്ധമുണ്ട് എന്നാണ്. 

ഏറ്റവും പുതിയ IPCC റിപ്പോർട്ടിനൊപ്പം മഡഗാസ്കറില്‍ വരൾച്ച വര്‍ധിച്ചതായി നിരീക്ഷിച്ചു എന്നും കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കിൽ അത് ഇനിയും വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് പരിഹരിക്കാനാവശ്യമായ വഴികൾ തേടണം എന്നും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ സർവകലാശാലയിൽ ജോലി ചെയ്യുന്ന മഡഗാസ്കൻ ശാസ്ത്രജ്ഞനായ ഡോ. റൊൻഡ്രോ ബരിമലാല പറഞ്ഞു. 

ക്ലൈമറ്റ് ഹസാർഡ്സ് സെന്റർ ഡയറക്ടർ ക്രിസ് ഫങ്ക് ഈ സ്ഥിതി പരിഹരിക്കാന്‍ മഡഗാസ്കൻ അധികാരികൾ ജല മാനേജ്മെന്റ് മെച്ചപ്പെടുത്താൻ പ്രവർത്തിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. ഇപ്പോഴത്തെ വരള്‍ച്ച ഗ്രാമങ്ങളെ മാത്രമല്ല നഗരങ്ങളെയും ബാധിക്കുന്നു. കുട്ടികള്‍ തെരുവില്‍ യാചിക്കുന്നതും കണ്ടുവരുന്നു. ഓരോ സാധനത്തിനും നാലും അഞ്ചും ഇരട്ടി വില വര്‍ധിക്കുന്നു. പലരും കുറച്ച് ഭക്ഷണം വാങ്ങുന്നതിനായി ഉണ്ടായിരുന്ന സ്ഥലം വരെ വില്‍ക്കുകയാണ്. ഇങ്ങനെ പോയാൽ മ​ഡ​ഗാസ്കറിൽ ഏറെ ആളുകൾ പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്ന അവസ്ഥയാണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona