കാലാവസ്ഥാ വ്യതിയാനം ഇതേ നിലയില്‍ തുടര്‍ന്നാല്‍, നാടും വീടും ഉപേക്ഷിച്ച് ദരിദ്രര്‍ പലായനം ചെയ്യേണ്ടി വരുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.  

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അതിവേഗം ഇന്ത്യയും കാലാവസ്ഥാ അഭയാര്‍ത്ഥികളുടെ (Climate refugees) നാടാവുമെന്ന് മുന്നറിയിപ്പ്. വരള്‍ച്ച (drought), പ്രളയം (floods), ഉഷ്ണതരംഗം (heatwaves) എന്നിങ്ങനെ കാലാവസ്ഥയിലുണ്ടാവുന്ന തീവ്രമായ മാറ്റങ്ങള്‍ ഇവിടെയും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നാണ് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റ് (IIED) നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം ഇതേ നിലയില്‍ തുടര്‍ന്നാല്‍, നാടും വീടും ഉപേക്ഷിച്ച് ദരിദ്രര്‍ പലായനം ചെയ്യേണ്ടി വരുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 

മൂന്ന് സംസ്ഥാനങ്ങളിലെ ആയിരം വീടുകളില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. വരള്‍ച്ചയും പ്രളയവും കാരണം ജീവിതോപാധികള്‍ ഇല്ലാതാവുന്നതിനെ തുടര്‍ന്ന് നേരത്തെ തന്നെ ഇന്ത്യയില്‍ ആളുകള്‍ അഭയാര്‍ത്ഥികളാവുന്നുണ്ടായിരുന്നു. ഇതിന്റെ തോത് വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കാലാവസ്ഥയില്‍ വരുന്ന അതിതീവ്ര മാറ്റങ്ങള്‍ കാരണം ഇന്ത്യയില്‍ ഉഷ്ണതരംഗങ്ങളും ചുഴലിക്കാറ്റുകളും വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ട്. കടല്‍നിരപ്പുയരുന്നത് സംബന്ധിച്ച പ്രശ്്‌നങ്ങളും നിലവിലുണ്ട്. 

Read More  പ്രളയം, വരള്‍ച്ച, അതിതീവ്രമഴ; നാടും വീടും ഉപേക്ഷിച്ച് ലക്ഷങ്ങള്‍, നമുക്കുമിത് പാഠം!

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എനനിവിടങ്ങളിലാണ് പഠനം നടത്തിയത്. മഹാരാഷ്ട്ര ഗുജറാത്ത്, ന്യൂ ദില്ലി എന്നിവിടങ്ങളില്‍ തൊഴില്‍ ഇല്ലാതെ ആയിരക്കണക്കിന് കര്‍ഷകരും മല്‍സ്യത്തൊഴിലാളികളും മറ്റിടങ്ങളിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന പത്ത് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാവുമെന്നാണ് ഗ്ലോബല്‍ ക്ലൈമറ്റ് റിസ്‌ക് ഇന്‍ഡെക്‌സ് 2021 വ്യക്തമാക്കുന്നത്. 2020-ല്‍ മാത്രം മൂന്ന് ചുഴലിക്കാറ്റുകളും രാജ്യവ്യാപകമായ ഉഷ്ണതരംഗവും നൂറുകണക്കിനാളുകള്‍ മരിക്കാനിടയായ പ്രളയങ്ങളും ഇന്ത്യയിലുണ്ടായിരുന്നു. പതിറ്റാണ്ടുകളിലുണ്ടായ ഏറ്റവും ഗുരുതരമായ പ്രകൃതിക്ഷോഭങ്ങളായിരുന്നു ഇത്. കാലാവസ്ഥാ മാറ്റം ഇന്ത്യയെ അധികം വൈകാതെ ഗുരുതരമായ അവസ്ഥയിലെത്തിക്കുമെന്ന് യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.