വൈറല്‍ ചിത്രമില്ലേ, പ്രണയത്തോട് പ്രണയത്തോടെ രണ്ടുപേര്‍ കൈപിടിച്ച ചിത്രം... വീല്‍ചെയറിലിരിക്കുന്ന വധുവും അവളുടെ കരങ്ങള്‍ ചേര്‍ത്തുപിടിച്ച വരനും... 'യഥാര്‍ത്ഥ പ്രണയം ഇങ്ങനെയൊക്കെയാണ് ഭായി, അതിനെന്ത് പരിധി...' എന്ന് ഓര്‍മ്മിപ്പിച്ച് അറഞ്ചം പുറഞ്ചം സോഷ്യല്‍ മീഡിയ ഷെയര്‍ ചെയ്ത പ്രണയ ചിത്രം.

ആ നായകനും നായികയും ഇവരാണ്, ക്ലിന്‍റോ ജഗന്‍- പാവ്നി ശ്രീകണ്ഠന്‍. തൃശൂര്‍ സ്വദേശിയാണ് ക്ലിന്‍റോ. ദുബായിലാണ് ജോലി ചെയ്യുന്നത്. പാവ്നിയാകട്ടെ യു കെയില്‍ സ്ഥിരതാമസമാക്കിയ തമിഴ് കുടുംബത്തിലെ അംഗം. രണ്ടുകാലുകളും തളര്‍ന്നുപോയ പാവ്നിയെ കുടുംബം ഒരിടത്തും അടച്ചിട്ടില്ല. ആവോളം പറക്കാന്‍ വിട്ടു. ഇന്ന് അവളുടെ യാത്രകളില്‍ ക്ലിന്‍റോയും കൂട്ടുചേര്‍ന്നിരിക്കുന്നു.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ അമ്പലത്തില്‍വച്ചായിരുന്നു ക്ലിന്‍റോയുടെയും പാവ്നിയുടേയും വിവാഹം. അതിനുശേഷം തൃശൂര്‍ ചേവൂര്‍ സെന്‍റ്. ഫ്രാന്‍സിസ് സേവ്യര്‍ സിറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ ക്രിസ്ത്യന്‍ മതാചാരപ്രകാരവും വിവാഹം നടന്നു. 

മൂന്നുനാല് വര്‍ഷം മുമ്പ് മൊട്ടിട്ട ആ പ്രണയത്തെ കുറിച്ച് ക്ലിന്‍റോ തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു

ട്രഡീഷണല്‍ ആര്‍ട്സും മ്യൂസിക്കുമൊക്കെയാണ് ക്ലിന്‍റോയുടെ മേഖല. ആള് അതൊക്കെയായി ദുബായ് ജീവിതം ആസ്വദിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാവ്നിയുടെ എന്‍ട്രി. പാവ്നിക്ക് കൂടുതലിഷ്ടം പാട്ടാണ്. സംഗീതത്തില്‍ ബിരുദമെടുത്ത് മ്യൂസിക് കോളേജ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു പാവ്നി. മ്യൂസിക് കോളേജിന് ഇന്‍റീരിയര്‍ ചെയ്യാന്‍ ഒരു ആര്‍ട്ടിസ്റ്റിനെ വേണം. ആ അന്വേഷണം എത്തിനിന്നതാകട്ടെ ക്ലിന്‍റോയില്‍. ആര്‍ട്ടിസ്റ്റിനെ വേണമെങ്കില്‍ ക്ലിന്‍റോയുണ്ടെന്ന് പറയുന്നത് ബാംഗ്ലൂരിലുള്ള ഇരുവരുടേയും സുഹൃത്ത് ജോയല്‍. 

ഏതായാലും അങ്ങനെ ഇരുവരും കേട്ടുമുട്ടി. സംസാരിച്ചു തുടങ്ങി. സംസാരത്തില്‍ നിറയെ പാട്ട്, വര, യാത്ര... ആ സൗഹൃദം പൂത്തുതളിര്‍ത്തു. ഇരുവരുടേയും ഇഷ്ടങ്ങളൊക്കെയും ഒരേയിടത്തേക്കാണ് സഞ്ചരിക്കുന്നത് എന്ന് മനസിലായപ്പോള്‍ എന്നാല്‍പിന്നെ, ഒരുമിച്ചങ്ങ് ജീവിച്ചാലോ എന്നായി ചിന്ത. 

പ്രിയപ്പെട്ടവനെ കാണാന്‍ ദുബായ്ക്ക്...
ഇഷ്ടമൊക്കെയുണ്ട്. പരസ്പരം എല്ലാമറിയാം. പക്ഷെ, ഇരുവരും നേരില്‍ കണ്ടിട്ടില്ല. ഒരാള്‍ അങ്ങ് യു കെയില്‍, ഒരാളിങ്ങ് ദുബായിലും. യു.കെയ്ക്ക് പോകണമെങ്കില്‍ ക്ലിന്‍റോയ്ക്ക് വിസയില്ല. പക്ഷെ, പാവ്നി തനിച്ച് പറന്നു, ദുബായ്ക്ക് തന്‍റെ പ്രിയപ്പെട്ടവനെ കാണാന്‍.

ദുബായിക്ക് പറക്കുന്ന കാര്യം പറഞ്ഞപ്പോള്‍ പാവ്നിയുടെ അമ്മയ്ക്കും അച്ഛനും ടെന്‍ഷനുണ്ടായിരുന്നു. കാര്യം പാവ്നി എല്ലാം തനിച്ച് കൈകാര്യം ചെയ്യും. ഇതുപക്ഷെ, അപരിചിതനായ ഒരാളെ കാണാന്‍, അപരിചിതമായ ഒരു നഗരത്തിലേക്ക് മകള്‍ തനിച്ചു പോകുന്നു... അത് അവരെ ആശങ്കപ്പെടുത്തി. പക്ഷെ, ഒന്നും പേടിക്കേണ്ടെന്ന് അവര്‍ക്ക് ധൈര്യം നല്‍കി പാവ്നി.

പാവ്നിയെ കണ്ടപ്പോഴാകട്ടെ ക്ലിന്‍റോയ്ക്ക് ഒന്നുകൂടി ഉറപ്പായി, പാവ്നി- അവള്‍ ആള് ഒന്നുകൂടി കിടുവാണ്. എല്ലാകാര്യങ്ങളും തനിച്ച് ചെയ്യാന്‍ ധൈര്യമുള്ള പെണ്‍കുട്ടി, അപാര പൊസിറ്റീവ് ചിന്താഗതിയുള്ള പെണ്‍കുട്ടി. തീര്‍ന്നില്ല, പാവ്നി തനിച്ച് സന്ദര്‍ശിച്ചത് 23 രാജ്യങ്ങളാണ്. കഴിഞ്ഞ വര്‍ഷമാണ് അവള്‍ ചെന്നൈയില്‍ നിന്നും ഹിമാചലിലേക്ക് ടെമ്പോ ട്രാവല്‍സില്‍ തനിയെ യാത്ര ചെയ്തത്. 

പ്രണയത്തില്‍ ഒരല്‍പം ചേഞ്ചൊക്കെ വേണ്ടേ...
വിവാഹക്കാര്യം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ ക്ലിന്‍റോയുടെ പപ്പ എതിര്‍ത്തു. വീല്‍ചെയറില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയാണ് എന്നതായിരുന്നു കാരണം. പക്ഷെ, മാതാപിതാക്കള്‍ അവരെ നേരില്‍ കാണട്ടേ എന്നുവച്ച് ക്ലിന്‍റോ അവരെ ദുബായിലേക്ക് വരുത്തി. പാവ്നിയെ കണ്ടതോടെ, കുറച്ച് നേരം ഒരുമിച്ച് ചെലവഴിച്ചതോടെ അവരും തീരുമാനിച്ചു, മകന്‍റെ പ്രണയം സൂപ്പറാണ്. മരുമകളായി ഇവള്‍ മതി...

പ്രണയിക്കാനൊരുങ്ങുന്നവരോട് ക്ലിന്‍റോയ്ക്കും പാവ്നിക്കും പറയാനുള്ളതും ഇതാണ്, സമൂഹത്തിന്‍റെ അളവുകോലു വെച്ച് 'പെര്‍ഫെക്ട്' എന്ന് പറയുന്നതിനെ മാത്രം പ്രണയിച്ചാല്‍ മതിയോ? അതിനുമപ്പുറം ഒരല്‍പം സാഹസികരാകണ്ടേ, നമ്മുടെ ഇഷ്ടത്തിലെന്തെങ്കിലും വ്യത്യസ്തത വേണ്ടേ?

ഏതായാലും, അവര്‍ക്ക് ഇനിയും ചെയ്ത് തീര്‍ക്കാന്‍ ഒരുപാടുണ്ട്. അതിനായി ഇരുവരും ദുബായിലേക്ക് തന്നെ പറക്കും. അവിടെ പാവ്നിയുടെ സംഗീതം, ക്ലിന്‍റോയുടെ വര, ഇരുവരും ചേര്‍ന്നുള്ള യാത്രകള്‍... അങ്ങനെ... അങ്ങനെ പ്രണയത്തിന്‍റെ ഒരു വലിയ ലോകം അവരെ കാത്തിരിക്കുകയാണ്... 

ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും കടപ്പാട്: ലൂമിയര്‍ വെഡ്ഡിങ്ങ്