കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോടുള്ള ചില മീന്‍പിടുത്തക്കാരെ ആദരിക്കുകയുണ്ടായി. വംശനാശം സംഭവിക്കുന്ന തിമിംഗലസ്രാവിനെ രക്ഷപ്പെടുത്താന്‍ കാണിച്ച ധൈര്യത്തിനാണ് ഇവര്‍ പ്രശംസ പിടിച്ചുപറ്റിയത്. ഏകദേശം 5 മീറ്റര്‍ നീളവും 900 മുതല്‍ 1000 കി.ഗ്രാം ഭാരവുമുള്ളതാണ് ഈ സ്രാവ്.

വംശനാശം നേരിടുന്ന കടല്‍ജീവികളെ സംരക്ഷിക്കാനായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബോധവല്‍ക്കരണ കാമ്പെയ്ന്‍ സംഘടിപ്പിച്ചിരുന്നു. പുതിയാപ്പയില്‍ നിന്നും മുക്കുവന്‍മാരുടെ ബോട്ടില്‍ അറിയാതെ കടന്നുകൂടിയ തിമിംഗല സ്രാവിനെ ഒന്‍പത് പേര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തി കടലിലേക്ക് തന്നെ തിരികെ വിട്ടത്. വൈല്‍ഡ് ലൈഫ് പ്രൊട്ടെക്ഷന്‍ നിയമത്തിന്റെ ഷെഡ്യൂള്‍-1 പ്രകാരമാണ് ഈ സ്രാവിനെ ഇവര്‍ രക്ഷപ്പെടുത്തിയത്.

തിമിംഗല സ്രാവ് വളരെ പതുക്കെ സഞ്ചരിക്കുന്നതും വളരെ വലുപ്പമുള്ളതുമായ സ്രാവാണ്. ഏകദേശം 130 വര്‍ഷങ്ങളോളം ജീവിച്ചേക്കാമെന്ന ഊഹങ്ങളുമുണ്ട്. പ്ലാങ്കടണും കടലിലെ ചെറുമീനുകളുമാണ് ഇവയുടെ ഭക്ഷണം. മനുഷ്യര്‍ക്ക് ഭീഷണിയല്ല.

ഒരു ലക്ഷം രൂപ വിലയുള്ള വല മുറിച്ചെടുത്താണ് ഇവര്‍ സ്രാവിനെ രക്ഷപ്പെടുത്തിയത്. ഏകദേശം നാല് മണിക്കൂര്‍ വേണ്ടിവന്നു ഇവര്‍ക്കീ തിമിംഗലസ്രാവിനെ കടലിലേക്ക് തിരികെയെത്തിക്കാന്‍. 40,000 രൂപയാണ് കേടായ വല നന്നാക്കാനുള്ള ചിലവ്. രണ്ടു മുക്കുവന്‍മാര്‍ക്ക് ചെറിയ പരിക്കുകളുമുണ്ടായിട്ടുണ്ട്.

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ നിരന്തരം സംഘടിപ്പിക്കാറുണ്ട്. 2019 ആഗസ്റ്റില്‍ ഇവര്‍ പൊന്നാനിയില്‍ ഇന്റര്‍നാഷണല്‍ വെയ്ല്‍ ഷാര്‍ക്ക് ഡേ ആചരിച്ചിരുന്നു. അതുപോലെ മറ്റൊരു വര്‍ക്ക്‌ഷോപ്പ് 2019 സെപ്റ്റംബര്‍ 24 -ന് കോഴിക്കോടും നടത്തിയിട്ടുണ്ട്.

ജപ്പാനിലെ പബ്ലിക് അക്വേറിയങ്ങളില്‍ തിമിംഗല സ്രാവിനെ വളര്‍ത്തുന്നുണ്ട്. വളരെ വലുപ്പമുള്ളതുകാരണം വലിയ ടാങ്കുകളില്‍ മാത്രമേ വളര്‍ത്താന്‍ കഴിയൂ. പ്രത്യേക തീറ്റയും നല്‍കേണ്ടതുണ്ട്. ഏഷ്യയ്ക്ക് പുറത്ത് അറ്റ്‌ലാന്റയിലെ ജോര്‍ജിയ അക്വേറിയത്തില്‍ മാത്രമാണ് തിമിംഗല സ്രാവിനെ സംരക്ഷിക്കുന്നത്. ഇപ്പോള്‍ രണ്ട് പെണ്‍ സ്രാവുകളും രണ്ട് ആണ്‍ സ്രാവുകളുമാണ് ഇവിടെയുള്ളത്.