ഒരു കപ്പിന് 45 യുവാൻ (ഏകദേശം 537 രൂപ) യാണ് ഈ കോക്രോച്ച് കാപ്പിക്ക് വില. അതേസമയം,‌ റിപ്പോർട്ടിൽ മ്യൂസിയത്തിന്റെ പേര് പറയുന്നില്ല. ജൂൺ അവസാനത്തോടെയാണ് ഈ കാപ്പി ആദ്യമായി പുറത്തിറക്കിയതെന്നും അടുത്തിടെ ഇന്റർനെറ്റിൽ ട്രെൻഡ് ആയെന്നും ഒരു ജീവനക്കാരൻ പറഞ്ഞു.

പലതരം കോഫികളും നമ്മൾ കണ്ടിട്ടുണ്ടാവും. അതിൽ തന്നെ വിലയേറിയ, വ്യത്യസ്തമായ കോഫികളുണ്ടാവും. എന്നാൽ, ചൈനയിലെ ഒരു മ്യൂസിയത്തിൽ നിന്നും കിട്ടുന്ന ഒരു കോഫിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. അത് പാറ്റ കോഫിയാണ് (കോക്രോച്ച് കോഫി). ബെയ്ജിംഗിലെ ഒരു മ്യൂസിയത്തിലാണ് അസാധാരണമായ ഈ കാപ്പി കിട്ടുന്നത്. പാറ്റകളെ കാപ്പിക്ക് മുകളിൽ വിതറിയിട്ടുണ്ടാവും. ഒപ്പം ഉണക്കിയ പ്രത്യകതരം ചില പുഴുക്കളെ കാപ്പിയിൽ പൊടിച്ചു ചേർക്കുകയും ചെയ്യുമത്രെ. കാപ്പിക്ക് ചെറുതായി പുളിപ്പുണ്ട് എന്നാണ് ഇത് കുടിച്ച സന്ദർശകർ പറയുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒരു കപ്പിന് 45 യുവാൻ (ഏകദേശം 537 രൂപ) യാണ് ഈ കോക്രോച്ച് കാപ്പിക്ക് വില. അതേസമയം,‌ റിപ്പോർട്ടിൽ ഈ പ്രാണി മ്യൂസിയത്തിന്റെ പേര് പറയുന്നില്ല. ജൂൺ അവസാനത്തോടെയാണ് ഈ കാപ്പി ആദ്യമായി പുറത്തിറക്കിയതെന്നും അടുത്തിടെ ഇന്റർനെറ്റിൽ ട്രെൻഡ് ആയെന്നും ഒരു ജീവനക്കാരൻ പറഞ്ഞു. 'പ്രാണികളെ കുറിച്ചുള്ള മ്യൂസിയം എന്ന നിലയിൽ, അതുമായി ബന്ധപ്പെടുന്ന കാപ്പി കൂടിയുണ്ടാക്കുക എന്നത് നല്ല കാര്യമായി തോന്നി. അതിനാലാണ് വ്യത്യസ്തമായ ഇങ്ങനെ ഒരു കാപ്പി ഉണ്ടാക്കിയത്' എന്നും ജീവനക്കാരൻ കൂട്ടിച്ചേർത്തു.

ഇതുപോലെ അസാധാരണമായ ഡ്രിങ്ക്സ് നേരത്തെയും ഈ മ്യൂസിയം പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഉറുമ്പിനെ ചേർക്കുന്ന പാനീയങ്ങളും, പ്രത്യേകം ചെടികളിൽ നിന്നുള്ള പാനീയങ്ങളും ഒക്കെ പെടുന്നു. ഉറുമ്പിനെ ചേർത്ത ഡ്രിങ്ക് ഹാലോവീൻ സ്പെഷ്യൽ ആയിരുന്നു. ഈ ചേരുവകളെല്ലാം തന്നെ പരമ്പരാഗത ചൈനീസ് ഔഷധക്കടയിൽ നിന്നാണ് വാങ്ങുന്നതെന്ന് ജീവനക്കാരൻ പറഞ്ഞു. അതിനാൽ തന്നെ ആരോ​ഗ്യകാര്യത്തിൽ സുരക്ഷാപ്രശ്നങ്ങളൊന്നും തന്നെ ഇല്ല എന്നാണ് ജീവനക്കാരന്റെ വാദം. പരമ്പരാഗത ചൈനീസ് ഔഷധ രീതി പ്രകാരം, പാറ്റയുടെ പൊടി രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്നാണ് പറയുന്നത്. അതേസമയം ഇതിൽ ചേർക്കുന്ന പുഴുക്കൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.