'കോഫി ആന്‍ഡ് കോണ്ടംസ് കഫെ. പേരുപോലെതന്നെ ഈ കഫേയിലുള്ളതെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് കോണ്ടം കൊണ്ടാണ്.

ടൂറിസ്റ്റുകളുടെ പറുദീസയാണ് തായ്ലന്‍ഡ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ കാത്ത് കൗതുകകരവും രസകരവുമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. ഒപ്പം വിചിത്രമായ അനുഭവങ്ങളും. തായ്ലന്‍ഡിലെ ഇത്തരം വൈവിധ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് തായ്ലന്‍ഡിലെ കോണ്ടം കഫെ. ഈ കഫെയ്ക്ക് ഒരു പ്രത്യേകതയുണ്ട്. പേരുപോലെതന്നെ ഈ കഫേയിലുള്ളതെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് കോണ്ടം കൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ അമിത ജനസംഖ്യ നേരിടാനാണ് വിചിത്രമായ ഇത്തരം ഒരു സമീപനം സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഈ കഫെ ഉടമകള്‍ പറയുന്നത്. 

ബാങ്കോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ കഫെയുടെ പേര് 'കോഫി ആന്‍ഡ് കോണ്ടംസ്' എന്നാണ്. സാധാരണ കഫേകളിലെല്ലാം അവിടെയെത്തുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാനും രസിപ്പിക്കാനും ആയി ധാരാളം അലങ്കാര പണികള്‍ കാണാം. ഒപ്പം മറ്റ് ആകര്‍ഷകമായ വസ്തുക്കളും. 

View post on Instagram

എന്നാല്‍ ഈ കഫെയില്‍ ആകട്ടെ അലങ്കാര ബള്‍ബുകള്‍ മുതല്‍ ചെറിയ പൂക്കള്‍ വരെ കോണ്ടം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള കോണ്ടമാണ് ഇതിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചുവരുകള്‍ക്ക് കുറുകെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു

ഈ സവിശേഷമായ ആശയത്തിന് പിന്നിലെ കാരണമായി ഇതിന്റെ നടത്തിപ്പുകാര്‍ പറയുന്നത് ജനന നിയന്ത്രണം എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന ഒരു കാര്യമാണെന്നും ലൈംഗിക ബന്ധവും കുടുംബസൂത്രണവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് ആണ്. കോണ്ടം മറച്ചു വെക്കേണ്ട ഒരു കാര്യമല്ലെന്നും എല്ലാവരും അതിനെക്കുറിച്ച് ബോധവാന്മാരാകണം എന്നതാണ് ഈ ആശയത്തിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നുമാണ് ഇവര്‍ പറയുന്നത്.ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട 
ആളുകളിലെ അജ്ഞതയെ മറികടക്കാന്‍ ആണ് ഇത്തരം കാര്യങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.