അദ്ദേഹത്തിന്റെ വിന്റേജ് ക്ലോക്കുകൾ എല്ലാം വ്യത്യസ്ത വലുപ്പത്തിലുള്ളതും വ്യത്യസ്ത മോഡലുകളിലുള്ളതുമാണ്. ചില ടൈംപീസുകൾ ഇറക്കുമതി ചെയ്തവയും, ചിലത് കൈകൊണ്ട് നിർമ്മിച്ചവയുമാണ്. പെൻഡുലത്തിൽ പോലും വ്യത്യാസങ്ങളുണ്ട്.
ചിലരുടെ വീടുകളിൽ സമയം അറിയാൻ ഓരോ മുറിയിലും ക്ലോക്കുകൾ സൂക്ഷിച്ചിട്ടുണ്ടാകും. എന്നാൽ, നൂറിലധികം ക്ലോക്കുകൾ സൂക്ഷിക്കുന്ന ഒരു വീടിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇൻഡോറിൽ നിന്നുള്ള അനിൽ ഭല്ലയുടെ വീട് അത്തരത്തിലൊന്നാണ്. അദ്ദേഹത്തിന്റെ സംരക്ഷണയിൽ 650 ക്ലോക്കുകളുണ്ട്. അതും ചിലത് നൂറ്റാണ്ടുകൾക്ക് മുൻപേയുള്ളതാണ്. “ചില ക്ലോക്കുകൾ വിദേശത്ത് നിന്ന് എന്റെ മുത്തച്ഛൻ കൊണ്ടുവന്നതാണ്. പിന്നീട് എന്റെ പിതാവും ക്ലോക്കുകൾ ശേഖരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കാലശേഷം ഞാനുമത് തുടർന്നു. എന്റെ പക്കലുള്ള ചില ക്ലോക്കുകൾ 200 വർഷത്തിലധികം പഴക്കമുള്ളവയാണ്" വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച ഭല്ല പറഞ്ഞു.
എല്ലാ ക്ലോക്കുകളും പ്രവർത്തിക്കുന്ന അവസ്ഥയിലാണ് എന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത. ഇനി മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ ശേഖരത്തിൽ ഈ ക്ലോക്കുകൾ മാത്രമല്ല ഉള്ളത്. പഴയ ഫാനുകളും വിളക്കുകളും ബൈക്കുകളും ഒക്കെയുണ്ട്. "വാച്ചുകൾ കൂടാതെ, എന്റെ പക്കൽ പഴയ ഫാനുകളുമുണ്ട്. ഒരു തടിവിളക്കും മൂന്ന് ബ്ലേഡുകളുമുള്ള പണ്ടത്തെ ഫാനുകളാണ് എന്റെ കൈവശമുള്ളത്. കൂടാതെ എനിക്ക് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്തെ ഒരു സൈക്കിളും, ഒരു പഴയ ബിഎംഡബ്ല്യു ബൈക്കും ഉണ്ട്." ക്ലോക്കുകളുടെ ഈ അതുല്യ ശേഖരത്തിന് അദ്ദേഹത്തിന് 2013 -ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിന്റേജ് ക്ലോക്കുകൾ എല്ലാം വ്യത്യസ്ത വലുപ്പത്തിലുള്ളതും വ്യത്യസ്ത മോഡലുകളിലുള്ളതുമാണ്. ചില ടൈംപീസുകൾ ഇറക്കുമതി ചെയ്തവയും, ചിലത് കൈകൊണ്ട് നിർമ്മിച്ചവയുമാണ്. പെൻഡുലത്തിൽ പോലും വ്യത്യാസങ്ങളുണ്ട്. ചിലതിൽ സൂചികളാണെങ്കിൽ, ചിലതിന് സ്റ്റീൽ ബോളുകളാണ് ഉള്ളത്. എന്നാൽ, ഇത്രയും കാലപ്പഴക്കമുള്ള ക്ലോക്കുകൾ ഇന്നും കേടുപാട് കൂടാതെ ഓടുന്നതിന് പിന്നിൽ നല്ല രീതിയിലുള്ള സംരക്ഷണം ആവശ്യമായി വരും. അവയ്ക്ക് എന്തെങ്കിലും കേടുസംഭവിച്ചാൽ നന്നാകാൻ ചിലപ്പോൾ ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നും വരെ കരകൗശല വിദഗ്ധരെയും മെക്കാനിക്കുകളെയും വിളിക്കേണ്ടി വരാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അത്തരം കാലപ്പഴക്കമുള്ള ക്ലോക്കുകൾ ശരിയാക്കാൻ നല്ല രീതിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നാളെ ഒരുകാലത്ത് ഈ അതുല്യ ശേഖരത്തെ ഒരു മ്യൂസിയമാക്കി മാറ്റാനാണ് ഭല്ലയുടെ ആഗ്രഹം. "അടുത്ത് തലമുറയ്ക്ക് ഇത് സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ അത് സുരക്ഷിതമായി പൂട്ടിയിടുകയോ, മ്യൂസിയമാക്കുകയോ ഒക്കെ ചെയ്യാം" അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്ന് ക്ലോക്കുകൾ വാങ്ങാനും ആളുകൾ പലപ്പോഴും അദ്ദേഹത്തിന്റെ കട സന്ദർശിക്കാറുണ്ട്.
