'സോനുവിനെ പരിചയപ്പെടൂ. ഞങ്ങളുടെ അക്കൗണ്ട് മാനേജർ ആണ്. കഴിഞ്ഞ 30 ദിവസമായി ഇദ്ദേഹം ഉറങ്ങിയിട്ടില്ല. ഞങ്ങളുടെ വെയർ ഹൗസിൽ ഓർഡർ പായ്ക്കിങ്ങിന്റെയും അയക്കലിന്റെയും മുഴുവൻ മേൽനോട്ടവും ഇദ്ദേഹത്തിനായിരുന്നു.'

തൊഴിലാളികൾ ഓവർ ടൈം ചെയ്യുന്നതും അവധി ദിവസങ്ങളിൽ കൂടി ജോലി ചെയ്യുന്നതുമൊക്കെ ഭൂരിഭാഗം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സന്തോഷമുള്ള കാര്യമാണ്. ജീവനക്കാർക്ക് അർഹതപ്പെട്ട അവധിപോലും എടുക്കാൻ സാധിക്കാത്തവിധം ജോലിഭാരം അവരുടെ തലയിൽ കെട്ടിവെക്കുന്ന ധാരാളം തൊഴിൽ സ്ഥാപനങ്ങളുണ്ട്. പലപ്പോഴും ഇത്തരം അവസ്ഥകളിൽ പെടുന്ന തൊഴിലാളികൾ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ചിലവഴിക്കേണ്ട സമയം കൂടി തൊഴിലിടങ്ങളിൽ ചിലവഴിക്കാറാണ് പതിവ്. 

അത്തരത്തിൽ ജോലി ഭാരം കാരണം 30 ദിവസമായി ശരിക്ക് ഉറങ്ങാൻ പോലും സമയം കിട്ടാതിരുന്ന ഒരു ജീവനക്കാരനെ അഭിനന്ദിച്ചുകൊണ്ട് ഒരു കമ്പനി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടു. പക്ഷെ കമ്പനി അധികൃതർ വിചാരിച്ചതുപോലെ ഒരു പ്രതികരണം ആയിരുന്നില്ല സോഷ്യൽ മീഡിയയിൽ പോസ്റ്റിന് കിട്ടിയത്. ജീവനക്കാർക്ക് ഇത്രയേറെ ജോലി സമ്മർദ്ദം നൽകുന്ന കമ്പനിക്കെതിരെ രൂക്ഷവിമർശനമാണ് നെറ്റിസൺസ് ഉയർത്തിയത്.

ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ പെർഫോറ ആണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സ്വയം പൊങ്കാല ക്ഷണിച്ചു വരുത്തിയത്. 'അൺസങ്ങ് ഹീറോ' എന്ന ഹാഷ് ടാഗോടെ ആയിരുന്നു കമ്പനിയുടെ ഇൻസ്റ്റ പോസ്റ്റ്. ജീവനക്കാരന്റെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള അഭിനന്ദന പോസ്റ്റിൽ കമ്പനി കുറിച്ചത് ഇങ്ങനെയായിരുന്നു, 'സോനുവിനെ പരിചയപ്പെടൂ. ഞങ്ങളുടെ അക്കൗണ്ട് മാനേജർ ആണ്. കഴിഞ്ഞ 30 ദിവസമായി ഇദ്ദേഹം ഉറങ്ങിയിട്ടില്ല. ഞങ്ങളുടെ വെയർ ഹൗസിൽ ഓർഡർ പായ്ക്കിങ്ങിന്റെയും അയക്കലിന്റെയും മുഴുവൻ മേൽനോട്ടവും ഇദ്ദേഹത്തിനായിരുന്നു.'

Scroll to load tweet…

ജീവനക്കാരനെ അഭിനന്ദിക്കലായിരുന്നു പെർഫോറ കമ്പനി ഉദ്ദേശിച്ചിരുന്നതെങ്കിലും സംഭവിച്ചത് നേരെ തിരിച്ചാണ്. കമ്പനിയുടെ തൊഴിൽ സംസ്കാരത്തെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. ഇത്രമാത്രം വിഷലിപ്തമായ ഒരു തൊഴിൽ സംസ്കാരത്തെ തൊഴിലാളികളുടെ പ്രതിബദ്ധതയായി വിശേഷിപ്പിക്കരുത് എന്നായിരുന്നു ഭൂരിഭാഗം ആളുകളും കുറിച്ചത്. ജോലി നഷ്ടപ്പെടുമെന്ന് കരുതിയാണ് നിങ്ങളുടെ തൊഴിലാളികൾ പ്രതികരിക്കാത്തത്, അവരുടെ നിശബ്ദതയെ ചൂഷണം ചെയ്യാതെ കൂടുതൽ തൊഴിലാളികളെ നിയമിക്കൂ എന്നും നിരവധി നെറ്റിസൺസ് പോസ്റ്റിന് താഴെ കുറിച്ചു.