Asianet News MalayalamAsianet News Malayalam

'കോമ്രേഡ് ഡോറ' , ബോൾഷെവിക്ക് 'ചെക'യുടെ ക്രൂരയായ ആരാച്ചാർ

വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ ആ കൃത്യം നടപ്പിലാക്കും മുമ്പ് അതി ക്രൂരമായി പീഡിപ്പിച്ചു രസിക്കുന്ന പ്രകൃതക്കാരിയായിരുന്നു കോമ്രേഡ് ഡോറ

Comrade Dora the brutal Bolshevik red executioner of the communist Russia
Author
Odessa, First Published Jul 26, 2021, 3:02 PM IST

1917 മുതൽ 1923 വരെയുള്ള കാലമെന്നത്, റഷ്യയിൽ അധികാരത്തിനു വേണ്ടി വിവിധ 'വർഗ'(class)ത്തിൽ പെട്ടവർ തമ്മിൽ അധികാരത്തിനുവേണ്ടിയുള്ള കടുത്ത സംഘർഷങ്ങൾ നടന്ന കാലമാണ്. സോവിയറ്റ് സ്റ്റേറ്റിനെ എതിർത്ത 'വൈറ്റ്‌സും', സോവിയറ്റ് സ്റ്റേറ്റിന്റെ പക്ഷത്തു നിന്നിരുന്ന ബോൾഷെവിക്ക്സ് അഥവാ 'റെഡ്‌സും' തമ്മിൽ കടുത്ത വൈരത്തിലായിരുന്ന കാലം. റഷ്യയുടെ മധ്യപ്രവിശ്യകളിൽ മാത്രമാണ് പുതിയ സോഷ്യലിസ്റ്റ് ഗവൺമെന്റിന് അന്ന് തങ്ങളുടെ നിയന്ത്രണം നിലനിർത്താൻ സാധിച്ചിരുന്നത്. മറ്റുള്ള  പ്രദേശങ്ങളിൽ പലതും വൈറ്റ്‌സ് ഇടയ്ക്കിടെ പിടിച്ചെടുത്തുകൊണ്ടിരുന്നു. ഈ ബോൾഷെവിക്ക് വിരുദ്ധ പ്രതിവിപ്ലവങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി  ഭരണകൂടം നടത്തിയ വേട്ടയാടലുകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് 'റെഡ് ടെറർ' എന്ന പേരിലാണ്. പ്രതിവിപ്ലവകാരികൾക്കു നേരെ പ്രയോഗിക്കപ്പെട്ടിരുന്ന അതിക്രൂരമായ ശിക്ഷാ നടപടികൾ ഒന്നടങ്കം വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഈ പേരിലായിരുന്നു. 

ചെമ്പട അവരുടെ ശത്രുക്കളുടെ വിഹാര കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അവിടം ഒഴിപ്പിച്ചെടുത്ത ശേഷം, ഓൾ റഷ്യൻ എക്സ്ട്രാ ഓർഡിനറി കമ്മീഷൻ ഫോർ കോമ്പാറ്റിങ് കൗണ്ടർ റെവലൂഷൻ ആൻഡ് സബോട്ടാഷ്‌ (All-Russian Extraordinary Commission for Combating Counter-Revolution and Sabotage) എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവരുടെ തീവ്രവാദവിരുദ്ധ സേനയെ നിയോഗിച്ചാണ് അവർ റെഡ് ടെറർ കാലത്തെ ഈ വേട്ടകൾ സാധിച്ചിരുന്നത്. 'ചെക' എന്ന പേരിൽ കുപ്രസിദ്ധമായിരുന്ന ഈ സേന, ബോൾഷെവിക്കുകൾക്ക് ദോഷം ചെയ്യുന്ന തരത്തിൽ പ്രവർത്തിച്ചു എന്ന് അവർക്ക് നേരിയ സംശയം തോന്നിയ വൈറ്റ്‌സിനെയും, പൊതുജനങ്ങളെപ്പോലും അന്ന് ഉന്മൂലനം കൊണ്ടിരുന്നു. സൈബീരിയ, വോൾഗ, ദക്ഷിണ റഷ്യ, ഉക്രെയിൻ എന്നിങ്ങനെ പലയിടങ്ങളിലും അന്ന് ചെക അഴിഞ്ഞാട്ടം നടത്തി. വിപ്ലവത്തിന്റെ അനുസ്യൂതമായ ഗതിക്ക് തടസ്സം നിൽക്കുന്ന ഏതൊരാളും കഴുവേറ്റപ്പെടുകയോ തോക്കിനിരയാക്കപ്പെടുകയോ ചെയ്യുമെന്നുള്ള തുറന്ന ഭീഷണി തന്നെ അന്ന് ഒഡേസ്സയിലെ പത്രങ്ങൾ പ്രസിദ്ധം ചെയ്യുകയുണ്ടായി. 

Comrade Dora the brutal Bolshevik red executioner of the communist Russia
 'ദക്ഷിണ റഷ്യയിലെ ബോൾഷെവിക്ക് വിരുദ്ധ വളണ്ടിയർ സേന'

 

ഈ 'റെഡ് ടെറർ' കാലത്തെ ആരാച്ചാർമാർ പുരുഷന്മാർ മാത്രമല്ല എന്നതാണ് ശ്രദ്ധേയമായ ഒരു സംഗതി. അതീവ സുന്ദരികളായ ചില യുവതികളും, ഈ കൊലയാളി വൃന്ദത്തിൽ ഉണ്ടായിരുന്നു. അവരിൽ പലരുടെയും പേരുകളും, അവർ പ്രവർത്തിച്ച കൃത്യങ്ങളുടെ ഏറെ വിസ്തരിച്ചുള്ള വർണനകളും അക്കാലത്ത് പ്രസിദ്ധപ്പെടുത്തപ്പെട്ട പല പുസ്തകങ്ങളിലും ചരിത്ര രേഖകളിലും നിന്നായി പിന്നീട് കണ്ടെടുക്കപ്പെടുകയുണ്ടായി. അർഖാൻഗേൽസ്‌ക്കിൽ ഭീതി പരത്തിയിരുന്നത് റെബേക്ക അകിബോവ്ന മെയ്സെൽ ആയിരുന്നു എങ്കിൽ, ഏകാറ്റിരിനോസ്ളാവിൽ അത് കൺകോർഡിയ ഗ്രോമവ ആയിരുന്നു. ക്രിമിയയിൽ തന്റെ ക്രൂരതയ്ക്ക് കുപ്രസിദ്ധിയാർജ്ജിച്ചവൾ റോസാലിയാ സേംലിയാച്ച്ക ആയിരുന്നു. 

 

Comrade Dora the brutal Bolshevik red executioner of the communist Russia

'റോസാലിയാ സേംലിയാച്ച്ക'

എന്നാൽ, കൃതഹസ്തരായ പല റഷ്യൻ ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തുന്നത്, ഇവരെക്കാളൊക്കെ ക്രൂരയായ മറ്റൊരു പെൺകൊലയാളി ചെകയുടെ ഉന്മൂലന സംഘത്തിന്റെ ഭാഗമായിരുന്നു എന്നാണ്. ഒഡെസ സ്വദേശിയായ  അന്നത്തെ സോവിയറ്റ് ചരിത്രകാരന്മാർ പുലർത്തിയിരുന്ന അശ്രദ്ധ കാരണം, വരുടെ പേര് കൃത്യമായി എവിടെയും പ്രസിദ്ധീകരിച്ചു വന്നിട്ടില്ല. എങ്കിലും, റെഡ്സ് സർക്കിളിൽ അവർ അറിയപ്പെട്ടിരുന്നത് 'കോമ്രേഡ് ഡോറ' എന്ന അപരനാമത്തിലായിരുന്നു. വ്യത്യസ്തമായ നിരവധി കഥകളാണ് കോമ്രേഡ് ഡോറ എന്ന ഈ ഘാതകളുടെ ജീവിതത്തെയും മരണത്തെയും പറ്റി സോവിയറ്റ് യൂണിയന്റെ ചരിത്ര രേഖകളിൽ നമുക്ക് കണ്ടെടുക്കാനാവുക. 

കോമ്രേഡ് ഡോറ എന്ന വനിതാ ആരാച്ചാരുടെ പേര് ഏതെങ്കിലുമൊരു റഷ്യൻ ചരിത്രപുസ്തകത്തിൽ കടന്നുവരുന്നത്, സോവിയറ്റ് ചരിത്രകാരനായ സെർഗെയ്‌ പെട്രോവിച്ച് മേൽഗുണോവിന്റെ, The Red Terror in Russia 1918 – 1923 എന്ന പുസ്തകത്തിലൂടെയാണ്. കോമ്രേഡ് ഡോറയുടെ യഥാർത്ഥ നാമം, വേരാ ഗ്രെബെന്നിയുക്കോവ എന്നായിരുന്നു എന്നാണ് ഈ പുസ്തകം പറയുന്നത്. അക്കാലത്തെ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഡോറ ചുരുങ്ങിയത് 400 -നും, 700 -നും ഇടയിൽ നിരപരാധികളെ എങ്കിലും കൊന്നുകാണുമെന്നാണ് മേൽഗുനോഫ് ഊഹിക്കുന്നത്. 

 

Comrade Dora the brutal Bolshevik red executioner of the communist Russia

'ബൂർഷ്വാസികൾ മൂർദ്ദാബാദ്, റെഡ് ടെറർ സിന്ദാബാദ് എന്നെഴുതിയ ഒരു ബാനർ'

മറ്റൊരു പ്രസിദ്ധ റഷ്യൻ ചരിത്രകാരനായ ഈഗോർ ശ്ക്ല്യായേവ് തന്റെ 'Odessa in Troubled Times' എന്ന പുസ്തകത്തിൽ കോമ്രേഡ് ഡോറയെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്, "വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ ആ കൃത്യം നടപ്പിലാക്കും മുമ്പ് അതി ക്രൂരമായി പീഡിപ്പിച്ചു രസിക്കുന്ന പ്രകൃതക്കാരിയായിരുന്നു കോമ്രേഡ് ഡോറ. അവരുടെ തലമുടി പിഴുതെടുക്കുക, കൈകാലുകൾ ഛേദിക്കുക, താടിയെല്ല് വലിച്ചൊടിക്കുക അങ്ങനെ പലതും അവർ ചെയ്യുമായിരുന്നു. രണ്ടര മാസത്തെ ചെകയിലെ സേവനത്തിനിടെ അവർ വെടിവെച്ചു കൊന്നുകളഞ്ഞത് എഴുനൂറോളം സാധുക്കളെയാണ്.  ചെക ആകെ കൊന്നുതള്ളിയതിന്റെ മൂന്നിൽ ഒന്നുവരും ഇത്." 

എന്നാൽ വേറെ ചില ആധുനിക റഷ്യൻ ചരിത്രകാരന്മാർ ഡോറയെപ്പറ്റി, തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. കോമ്രേഡ് ഡോറ എന്ന കഥാപാത്രം തന്നെ വ്യാജമാണ് എന്നാണ് ഈ ബോൾഷെവിക്ക് ചായ്വുള്ള ചരിത്രകാരന്മാരുടെ പക്ഷം. വൈറ്റ്‌സ് വളണ്ടിയർ ആർമിക്ക് റെഡ്‌സിനെതിരെ ഇത്തരം ഇല്ലാക്കഥകൾ പടച്ചുവിടാൻ ഒരു പ്രൊപ്പഗാണ്ടാ വിഭാഗം തന്നെ ഉണ്ടായിരുന്നു എന്നാണ് അവർ പറയുന്നത്. സിനിമകളും, കഥകളും, ആത്മകതകളും അടക്കം പലതും ഇവർ പടച്ചുവിട്ടിരുന്നത്രെ. അവരുടെ പ്രോപഗണ്ട ചിത്രങ്ങളുടെ സംവിധായകനായ  വെന്യാമിൻ സെർഗീവ് ആണ് ഇത്തരത്തിൽ ഒരു ചിത്രം സംവിധാനം ചെയ്തത് എന്നും, അതിൽ അദ്ദേഹത്തിന്റെ ഭാര്യയും മുൻ ചെക അംഗവുമായ 'ഡോറ എവ്‌ലിൻസ്കായ' ആണ് ആരാച്ചാർ ഡോറയായി അഭിനയിച്ചത് എന്നും അവർ പറയുന്നു. 
ഈ സിനിമയ്ക്ക് ശേഷമാണ് 'ഡോറ എന്ന ആരാച്ചാരും' അവരുടെ ക്രൂരതകളും ഒക്കെ റഷ്യയിൽ കുപ്രസിദ്ധിയാർജിക്കുന്നത്. ബോൾഷെവിക്കുകൾ ഒഡേസ പിടിച്ചെടുത്ത അറുപതുകളിൽ സെർഗീവും ഭാര്യ ഡോറയും ഉന്മൂലനം ചെയ്യപ്പെടുകയായിരുന്നു. 

 

Comrade Dora the brutal Bolshevik red executioner of the communist Russia

'കോമ്രേഡ് ഡോറയുടേത് എന്ന് കരുതപ്പെടുന്ന ലഭ്യമായ ഒരേയൊരു ചിത്രം'

ഡോറയുടെ മറ്റൊരു സാധ്യത ഡോറ ള്യൂബാർക്കയ എന്ന യുവതിയാണ്. ഇവർ വൈറ്റ്‌സിനെതിരെ പോരാടിയിരുന്ന ഒരു ബോൾഷെവിക്ക് പ്രതിവിപ്ലവവിരുദ്ധ പോരാളിയായിരുന്നു. വൈറ്റ്‌സ് ഒഡേസ പിടിച്ചെടുത്ത കാലത്തും ഒളിവിൽ റെഡ്‌സിന് വേണ്ടി പ്രവർത്തിച്ച ഡോറയും സഖാക്കളും പ്രതിവിപ്ലവകാരികളുടെ പിടിയിൽ അകപ്പെടുകയും വധിക്കപ്പെടുകയുമായിരുന്നു.  'ഡോറ ള്യൂബാർക്കയ' തന്നെയാണ്  'ഡോറ എവ്‌ലിൻസ്കായ' എന്ന ക്രൂരയായ ആരാച്ചാർ എന്നാണ് വൈറ്റ്‌സ് പറയുന്നത്. 

ആരുതന്നെ ആയിരുന്നാലും, ഡോറ വളരെ നികൃഷ്ടമായ രീതികളാണ് പീഡനങ്ങൾക്കായി ഉപയോഗിച്ച് പോന്നിരുന്നത്. അക്കൂട്ടത്തിൽ ഒന്നായിരുന്നു 'ബൂർഷ്വാസി കൈയുറ ഊരൽ' എന്ന പീഡനമുറ. ഇരകളുടെ കൈകളിൽ നിന്ന് നഖം പറിച്ചെടുക്കുക, തൊലി ഉരിച്ചെടുക്കുക തുടങ്ങിയ പലതുമടങ്ങിയ ബീഭത്സമായ ടോർച്ചർ മുറയ്ക്ക് പറയുന്ന പേരാണത്. അതിനു പുറമെ പല ടെക്നിക്കുകളും ഇരകൾക്കു മേൽ പ്രയോഗിച്ച് മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ശേഷം കണ്ണുകൾക്ക് നടുവിൽ നെറ്റിയിൽ വെടിവെച്ച് അവരെ കൊല്ലുകയായിരുന്നു കോമ്രേഡ് ഡോറയുടെ പതിവ് രീതി. 

'ഒഡേസ്‌കി  ലിസ്‌തോക്ക്' (Odessa Leaf) എന്ന പത്രം 1920 -ൽ കോമ്രേഡ് ഡോറ പിടിക്കപ്പെട്ടതിന്റെയും അവർ വധിക്കപ്പെട്ടതിന്റെയും വാർത്ത അച്ചടിക്കുകയുണ്ടായി. ഒഡേസ ചെകയുടെ പ്രധാന ആരാച്ചാർ എന്നാണ് അതിൽ അവർ കോമ്രേഡ് ഡോറയെ വിശേഷിപ്പിച്ചത്. പിന്നീട് അധികാരം പൂർണമായും ലഭിച്ച ശേഷം ബോൾഷെവിക്കുകൾ, കോമ്രേഡ് ഡോറ വധിക്കപ്പെട്ട ഇടത്തിൽ ഒരു ശിലാഫലകം സ്ഥാപിച്ച് അവരെ ആദരിക്കുകയുണ്ടായി.

എന്നാൽ മേൽപ്പറഞ്ഞ തിയറികളെ ഖണ്ഡിക്കുന്ന ചരിത്രകാരമാരും റഷ്യയിലുണ്ട്. അവർ റഷ്യൻ ആണെന്നും, അല്ല ഹംഗേറിയണോ ജൂതയോ ഒക്കെ ആണെന്നും പറയുന്ന വ്യത്യസ്ത രേഖകൾ ചരിത്രത്തിലുണ്ട്.  ചെകയിൽ ആരാച്ചാരായി ചേരും മുമ്പ് സ്വമേധയാ ലൈംഗിക തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം കഴിച്ചിരുന്ന ഒരാളായിരുന്നു വേരാ ഗ്രെബെന്നിയുക്കോവ എന്നും വിശ്വസിക്കുന്നവരുണ്ട്. 1919 സെപ്തംബറിൽ അറസ്റ്റു ചെയ്യപ്പെട്ട ശേഷം, ശിക്ഷ ഒഴിവാക്കാൻ വേണ്ടി വേര ഒരു ആരാച്ചാരുടെ റോൾ ഏറ്റെടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എന്തായാലും 1920 ജനുവരിയോടെ കോമ്രേഡ് ഡോറ തന്നെ കഴുവേറ്റപ്പെട്ടു എന്നാണ് ഈ വേർഷൻ പറയുന്നത്. 

കോമ്രേഡ് ഡോറ എന്ന അതിക്രൂരയായ ആരാച്ചാരുടെ ചരിത്രത്തിലെ അസ്തിത്വത്തെക്കുറിച്ചും, അവർ പ്രവർത്തിച്ച ക്രൂരതകളെക്കുറിച്ചുമൊക്കെ അപവാദങ്ങൾ പലതും ഇന്നും നിലനിൽക്കുന്നു എങ്കിലും, അതൊക്കെയും സൂചിപ്പിക്കുന്നത് റെഡ് ടെറർ കാലത്ത് റഷ്യയിൽ പ്രവർത്തിക്കപ്പെട്ടിരുന്ന ക്രൂരതകളിലേക്കു തന്നെയാണ്. കോമ്രേഡ് ഡോറയും മറ്റുള്ള സ്ത്രീ പുരുഷ ആരാച്ചാർമാരും ചേർന്ന് റഷ്യൻ ചരിത്രത്തിൽ പതിപ്പിച്ചിട്ടുള്ള ചോരക്കറകൾ അത്ര എളുപ്പത്തിലൊന്നും തേച്ചുമാച്ചു കളയാൻ സാധിക്കുമെന്ന് തോന്നുന്നില്ല. 

 

കടപ്പാട് : വാർ ഹിസ്റ്ററി ഓൺലൈൻ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


     

Follow Us:
Download App:
  • android
  • ios