Asianet News MalayalamAsianet News Malayalam

China| സൈബര്‍ സഖാക്കളെയും ചങ്കിലെ ചൈനയെയും ട്രോളി; വൈറല്‍ ഗാനത്തില്‍ വിരണ്ട് ചൈന

ഒറ്റനോട്ടത്തില്‍ 'ഫ്രജൈല്‍' ഒരു പ്രണയഗാനമാണ്. എന്നാല്‍, വരികള്‍ക്കിടയില്‍ ചൈനയിലെ സൈബര്‍ സഖാക്കള്‍ക്കും ചൈനീസ് ഭരണകൂട നയങ്ങള്‍ക്കും ചൈനീസ് ഭരണാധികാരികള്‍ക്കും എതിരായ പരിഹാസം ഒളിച്ചുവെച്ചിട്ടുണ്ട്. 

controversy over China Satire music video fragile
Author
Beijing, First Published Nov 23, 2021, 12:59 PM IST

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും (Chinese Communist party) ചൈനീസ് ദേശീയതയ്ക്കും  (Chinese nationalism) വേണ്ടി കമന്റുകളും പോസ്റ്റുകളും ട്രോളുകളും കൊണ്ട് പടപൊരുതുന്ന സൈബര്‍ സഖാക്കളെ (Chinese cyber army) പരിഹസിക്കുന്ന സംഗീത വീഡിയോയ്ക്ക്  (Music Video Album) ചൈനയില്‍ (China) നിരോധനം. ചൈനീസ് ഭാഷയായ മാന്‍ഡറിന്‍ ഭാഷയിലുള്ള സംഗീത ആല്‍ബം തയ്യാറാക്കിയ രണ്ട് പോപ് താരങ്ങളെ ചൈനീസ് സൈബര്‍ സ്‌പേസില്‍നിന്നും പുറത്താക്കിയിട്ടുണ്ട്. 

3.1 കോടി പേര്‍ ഇതിനകം കണ്ടു കഴിഞ്ഞ ഫ്രജൈല്‍ എന്ന സംഗീത വീഡിയോയാണ് ചൈനയില്‍ വിവാദമായത്. ഓസ്‌ട്രേലിയയില്‍ ജനിച്ചുവളര്‍ന്ന ചൈനീസ് പോപ് താരം കിംബര്‍ലി ചെന്‍, മലേഷ്യന്‍ റാപ്പര്‍ നെയിംവീ എന്നിവരാണ് ആല്‍ബം തയ്യാറാക്കിയത്. നിരോധനത്തില്‍ കുലുങ്ങില്ലെന്നും സ്വയം സെന്‍സര്‍ഷിപ്പിന് തയ്യാറാവില്ലെന്നും റാപ്പര്‍ നെയിംവീ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ പ്രതികരണത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന്  ഗായിക ചെന്‍ പറഞ്ഞു. ചൈനയില്‍ നിരോധിച്ചുവെങ്കിലും അതിവേഗം ആഗോള ഹിറ്റായി മാറിയിരിക്കുകയാണ് ഈ സംഗീത ആല്‍ബം. 

 

 

ഒറ്റനോട്ടത്തില്‍ 'ഫ്രജൈല്‍' ഒരു പ്രണയഗാനമാണ്. എന്നാല്‍, വരികള്‍ക്കിടയില്‍ ചൈനയിലെ സൈബര്‍ സഖാക്കള്‍ക്കും ചൈനീസ് ഭരണകൂട നയങ്ങള്‍ക്കും ചൈനീസ് ഭരണാധികാരികള്‍ക്കും എതിരായ പരിഹാസം ഒളിച്ചുവെച്ചിട്ടുണ്ട്. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യ സ്വാഭാവത്തെയും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സൈബര്‍ സഖാക്കളെയും ഈ ഗാനം ട്രോളുന്നത്. 

കഴിഞ്ഞ മാസമാണ് ഈ ഗാനം പുറത്തിറങ്ങിയത്. അതിനു തൊട്ടുപിന്നാലെ വിവാദങ്ങള്‍ ആരംഭിച്ചു. ലിറ്റില്‍ പിങ്ക്‌സ് എന്നറിയപ്പെടുന്ന ചൈനീസ് സൈബര്‍ സഖാക്കളെ കണക്കിന് പരിഹസിക്കുന്ന വരികളാണ് ആദ്യം വിവാദമായത്. ഇതിനുപിന്നാലെ ഈ പ്രണയഗാനത്തില്‍ ഒളിപ്പിച്ചുവെച്ച രാഷ്ട്രീയം ചര്‍ച്ചയായി. സൈബര്‍ സഖാക്കളെ മുതല്‍ പ്രസിഡന്റ്  ഷി ജിന്‍പിംഗിനെ വരെ പാട്ടില്‍ ട്രോളുന്നുണ്ട്. വരികളിലൂടെ മാത്രമല്ല, ചൈനയെ ബിംബവല്‍കരിക്കുന്ന ഭീമന്‍ പാണ്ടെയുടെ അവതരണത്തിലൂടെയും ഈ സംഗീത ആല്‍ബം ചൈനയ്‌ക്കെതിരെ പരിഹാസം അഴിച്ചുവിടുന്നു. ഹോങ്കോംഗില്‍ ഭീകരമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന ചൈന തായ്‌വാന്‍ പിടിയിലൊതുക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും പരോക്ഷമായി ഈ പാട്ട് കളിയാക്കുന്നു. വിമര്‍ശനങ്ങള്‍ക്കു കേള്‍ക്കുമ്പോള്‍ വികാരഭരിതരായി ശത്രുസംഹാരം നടത്തുന്ന സൈബര്‍ സഖാക്കളെക്കുറിച്ചുള്ള പരാമര്‍ശം ചൈനയ്ക്ക് പുറത്ത് അതിവേഗം കൈയടികള്‍ നേടി. ഹോങ്കോംഗിലും തായ്‌വാനിലുമടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ ഗാനം അതിവേഗം ട്രെന്റിംഗായി. 

 

controversy over China Satire music video fragile

 

വിവാദമായതിനു പിന്നാലെയാണ് ചൈനയില്‍ ഈ ആല്‍ബം നിരോധിച്ചത്. നിരോധനത്തില്‍ നിന്നില്ല ചൈനീസ് പ്രതികരണം. രണ്ട് ഗായകരെയും ചൈനയിലെ സോഷ്യല്‍ മീഡിയാ ഇടത്തുനിന്നും പുറത്താക്കുകയും ചെയ്തു. ചൈനീസ് സോഷ്യല്‍ മീഡിയകളിലെ ഇവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. ഓസ്‌ട്രേലിയയില്‍ ജനിച്ചുവളര്‍ന്ന കിംബര്‍ലി ചെന്‍ ചൈനീസ് ഭാഷയായ മാന്‍ഡറിനിലാണ് സംഗീത ്രപവര്‍ത്തനങ്ങള്‍ നടത്തുന്നത്. മലേഷ്യന്‍ റാപ്പ് ഗായകനായ നെയിംവീയും ചൈനയിലാണ് അറിയപ്പെടുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയയില്‍നിന്നും പുറത്താവുന്നതോടെ മാന്‍ഡറിന്‍ സംഗീത ലോകത്തുനിന്നു കൂടിയാണ് ഇവര്‍ പുറത്താവുന്നത്. എന്നാല്‍, ചൈനയ്ക്കു പുറത്ത് മാന്‍ഡറിന്‍ സംസാരിക്കുന്ന വിഭാഗങ്ങളെ നോട്ടമിട്ടാണ് ഈ രണ്ട് ഗായകരും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ഉപയോഗിക്കുന്നതിനാല്‍, ആഗോള മാര്‍ക്കറ്റിലേക്കും ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്നുണ്ട്. 

നെയിംവീയാണ് പാട്ട് എഴുതിയത്. സ്വയം പരിമിതപ്പെടുത്താനോ ആരയെങ്കിലും ഭയന്ന് സ്വയം സെന്‍സര്‍ഷിപ്പ് നടത്താനോ താന്‍ ഒരുക്കമല്ലെന്ന് തായ്‌വാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നെയിംവീ പറഞ്ഞു. ചൈനയ്ക്കു വേണ്ടി തന്റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ അടിയറ വെക്കില്ലെന്നും നെയിംവീ വ്യക്തമാക്കി. സമാനമായ അഭിപ്രായമാണ് ഗായികയായ കിംബര്‍ലി ചിന്നും മുന്നോട്ടു വെച്ചത്. ചൈന നിരോധിച്ചാലും തങ്ങളുടെ സംഗീതം എവിടെയും കുടുങ്ങിക്കിടക്കില്ലെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 
 

Follow Us:
Download App:
  • android
  • ios