കാലാവസ്ഥ വ്യതിയാനം മല്‍സ്യ സമ്പത്തിനെയും ബാധിക്കുമെന്ന് പഠനം.  പവിഴപ്പുറ്റുകളിലെ മല്‍സ്യസമൂഹത്തെ കുറിച്ചുള്ള പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇക്കോളോജിക്കല്‍ അപ്ലിക്കേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ്  മല്‍സ്യ സമ്പത്തിന് സംഭവിക്കുന്ന ആഘാതം വ്യക്തമാക്കുന്നത്. യൂനിവേഴ്‌സിറ്റി ഓഫ് വിക്ടോറിയയിലെ ബയോളജിസറ്റ്  ഡോ.ജെന്നിഫര്‍ മഗേല്‍ നേതൃത്വം നല്‍കിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പവിഴപ്പുറ്റുകളിലെ മല്‍സ്യ സമൂഹത്തിന് താപസമ്മര്‍ദ്ദം മൂലമുണ്ടായ ആഘാതം വെളിപ്പെടുത്തുന്ന ആദ്യപഠനങ്ങളില്‍ ഒന്നാണിത്.

ക്രിസ്തുമസ് ദ്വീപുകളിലെ 16 തരത്തിലുള്ള കോറലുകളിലെ 245 ഇനങ്ങളില്‍ പെട്ട 170,000 മത്സ്യങ്ങളെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. 2015-16 കാലഘട്ടങ്ങളില്‍ ലോകത്താകമാനം ഉള്ള പവിഴപ്പുറ്റുകള്‍ക്ക് നാശം വിതറിയ സമുദ്ര ഉഷ്ണതരംഗമുണ്ടായ സമയത്തും അതിനുശേഷവുമാണ് പഠനം നടത്തിയത്. 

കാലാവസ്ഥാ വ്യതിയാനം പവിഴപ്പുറ്റുകളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് ധാരാളം പഠനങ്ങള്‍ നേരത്തെ നടന്നിട്ടുണ്ട്. എങ്കിലും പവിഴപ്പുറ്റുകളെ ആവാസ കേന്ദ്രമാക്കുന്ന മത്സ്യങ്ങളെ ഇവയെങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിലുള്ള അറിവുകള്‍ പരിമിതമാണ്. 

കാലാവസ്ഥ വ്യതിയാനം മൂലം നഷ്ടപ്പെടുന്നത് പവിഴപ്പുറ്റുകള്‍ മാത്രമല്ല, വലിയൊരു വിഭാഗം മല്‍സ്യ സമ്പത്ത് കൂടിയായിരിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ചൂടുകൂടിയ ജലവുമായി സമ്പര്‍ക്കത്തില്‍ വന്നപ്പോള്‍ പവിഴപ്പുറ്റ് ആവാസകേന്ദ്രമാക്കിയ മല്‍സ്യ ആവാസവ്യവസ്ഥ ഏകദേശം 50 ശതമാനം നഷ്ടപ്പെട്ടു. താപസമ്മര്‍ദ്ദം സഹിക്കാനാവാതെ വലിയൊരു വിഭാഗം മത്സ്യങ്ങളും സമുദ്രത്തിന്റെ കൂടുതല്‍ അന്തര്‍ഭാഗങ്ങളിലേക്ക് പലായനം ചെയ്യുകയായിരുന്നു. 

ഇപ്പോള്‍ തന്നെ പല മല്‍സ്യ വിഭാഗങ്ങളും താങ്ങാനാവുന്ന ഏറ്റവും കൂടിയ താപനിലയിലാണ് അധിവസിക്കുന്നത്. സമുദ്ര താപനിലയിലുണ്ടാവുന്ന ചെറിയ വ്യതിയാനം പോലും ഇവയുടെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കുന്നു. പ്രശ്‌നങ്ങള്‍ കൂടുന്നതിന് അനുസരിച്ചു അവയ്ക്ക് അതിജീവനം സാധിക്കാതെ വരുന്നതായി പഠനം വിലയിരുത്തുന്നു. സമുദ്രതാപനില കുറഞ്ഞ് താപസമ്മര്‍ദ്ദം അവസാനിക്കുമ്പോള്‍ ചില മല്‍സ്യ ഗണങ്ങളൊക്കെ ഒരുവര്‍ഷത്തോളം സമയമെടുത്ത് മുക്തി നേടിയതായും പഠനത്തില്‍ വിലയിരുത്തുന്നു. ഈ കണ്ടെത്തലുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതീക്ഷിത പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കുന്നു.