നമ്മൾ ദിനംപ്രതിയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ച് ആവലാതിപ്പെടുമ്പോൾ മറ്റൊരിടത്ത് ചിലവേറിയതിന്‍റെ പേരിൽ ആളുകൾ ഒരു നഗരം തന്നെ ഉപേക്ഷിച്ച് പോയിക്കൊണ്ടിരിക്കയാണ്. റിപ്പബ്ലിക് ഓഫ് അയർലണ്ടിന്‍റെ തലസ്ഥാന നഗരത്തിലെ ആളുകൾക്കാണ് ഈ ഗതികേട്. ഈ വർഷം നടന്ന ഒരു സർവ്വേ പ്രകാരം ഡബ്ലിനാണ് ലോകത്തെ ഏറ്റവും ചെലവേറിയതും, ജീവിക്കാൻ ദുസ്സഹമായതുമായ നഗരം.

വളരെ മനോഹരമാണെങ്കിലും, ഡബ്ലിനിലെ താമസം പക്ഷേ വളരെ ചിലവേറിയ ഒരു ഏർപ്പാടാണ്. ഒരാൾക്ക് വാടക വീടിനായി മാസം ഏകദേശം ഒരുലക്ഷത്തിഅറുപത്തിനായിരം രൂപയോളം ചെലവാക്കേണ്ടി വരും. എന്നാൽ 2018 -ൽ ഇത് ഒരുലക്ഷത്തിപതിനെണ്ണായിരം രൂപയ്ക്കകത്തെയുണ്ടായിരുന്നുള്ളൂ.  സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയാതെ നിവാസികൾ അവിടം വിട്ടുപോവുകയാണ് ഇപ്പോൾ.

ഡബ്ലിനിൽ നിന്ന് വെറും രണ്ട് മണിക്കൂർ ദൂരെയുള്ള അയർലണ്ട് ദ്വീപിലെ മറ്റൊരു തലസ്ഥാന നഗരമായ ബെൽഫാസ്റ്റിലെ സ്ഥിതി പക്ഷേ വ്യത്യസ്തമാണ്.  ബെൽഫാസ്റ്റിൽ ജീവിതച്ചെലവും വാടകയും യുകെയിലേത് പോലെ കുറവാണ്. പ്രാദേശിക ഹൗസിംഗ് എക്സിക്യൂട്ടീവിലെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് ബെൽഫാസ്റ്റിലെ ശരാശരി വാടക അമ്പത്തിനാലായിരം രൂപയാണ് എന്നാണ്. ഇത് ഡബ്ലിനിൽ ചിലവാക്കുന്നത്തിന്‍റെ പകുതിയിൽ താഴെ മാത്രമേ ആകുന്നുള്ളൂ.

 

ബെൽഫാസ്റ്റിലെ ലിഗോണിയലിൽ താമസിക്കുന്ന കാറ്റ് മല്ലഗഗണിന് ജോലിസ്ഥലത്തേക്ക് എത്താനായി വെളുപ്പിനെ 2.30 -ന് യാത്ര തുടങ്ങണം. പക്ഷേ, അതൊരു ബുദ്ധിമുട്ടായി അവൾക്ക് തോന്നുന്നില്ല. അതിലും പ്രയാസമേറിയതായിരുന്നു ചിലവേറിയ ഡബ്ലിനിലെ താമസം. വിമാനത്തിൽ ക്യാബിൻ ക്രൂവായി ജോലി നോക്കുകയാണവൾ.

2014 -ൽ ജോലി കിട്ടിയ സമയത്ത് ആദ്യത്തെ ആറുമാസം അവൾ ഡബ്ലിനിലാണ് താമസിച്ചിരുന്നത്. “എനിക്ക് ഇപ്പോഴും ചങ്ങാതിമാരുണ്ടവിടെ, ഒരു കൊച്ചുമുറിക്ക് ഒരു ലക്ഷത്തിന് മീതെയാണവർ ചിലവാക്കുന്നത്. അത് നോക്കുമ്പോൾ ഇത് ഒരു ബുദ്ധിമോശമായി തോന്നുന്നില്ല" കാറ്റ് പറഞ്ഞു. ബെൽഫാസ്റ്റിലെ വാടകക്കായി കാറ്റ് ഇപ്പോൾ അതിന്‍റെ മൂന്നിലൊന്ന് മാത്രമേ നൽകുന്നുള്ളൂ.

2008 -ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഡബ്ലിനേയും ബാധിച്ചു.  ഇതിനെ തുടർന്ന് നഗരത്തിലെ വാടക ക്രമാതീതമായി വർധിക്കുകയായിരുന്നു. നഗരത്തിലെ പലർക്കും, വാടകയ്‌ക്ക് ലഭിക്കുന്നത് ഒരു കിടപ്പുമുറി മാത്രമായിരിക്കും, ചിലപ്പോൾ അതും ലഭിക്കുകയില്ല. ഒരു കിടക്കയിൽ ഒതുങ്ങേണ്ടിവരും പലപ്പോഴും.  പോരാത്തതിന് കിട്ടുന്ന ശമ്പളം വീട് വാടക കൊടുക്കാൻ മാത്രമേ തികയുകയുള്ളൂ. ഇതൊക്കെ കൊണ്ടാണ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം ആഗ്രഹിച്ച് പലരും ഡബ്ലിനിൽ നിന്ന് ബെൽഫാസ്റ്റിലേക്ക് താമസം മാറുന്നത്.

ആനിമേറ്ററായി ജോലിചെയ്യുന്ന ക്ലെയർ മോർലി 2015 -ലാണ് ഡബ്ലിൻ വിട്ട് ബെൽഫാസ്റ്റിൽ താമസമാക്കിയത്. എന്നാൽ, ഇപ്പോൾ ക്ലെയർ, ബെൽഫാസ്റ്റിൽ താമസിക്കുകയും ഡബ്ലിൻ രീതിയിലുള്ള ഉയർന്ന ശമ്പളം നേടുകയും ചെയ്യുന്നു. “ഞാൻ ഡബ്ലിനിൽ നിന്ന് മാറിയപ്പോൾ എന്‍റെ ജീവിതച്ചെലവ് പകുതിയോളമായി" അവർ പറഞ്ഞു. 

“എന്‍റെ കയ്യിൽ ഇപ്പോൾ ആവശ്യത്തിന് പണമുണ്ട്. ഉച്ചക്ക് ആഹാരം കൊണ്ടുവരാൻ മറന്നാലും, ധൈര്യമായി വെളിയിൽ പോയി വാങ്ങിച്ചു കഴിക്കാം. എന്നാൽ ഡബ്ലിനിൽ വച്ച് ഓരോ രൂപയും ഞാൻ സമ്പാദിക്കുമായിരുന്നു. അവിടെ വീട്ടിൽ നിന്ന് ജോലിക്കും, ജോലി കഴിഞ്ഞു വീട്ടിലേക്കും മാത്രമായിരുന്നു എന്‍റെ യാത്ര. വേറെ ഒരു നേരമ്പോക്കും എന്‍റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല" അവർ പറഞ്ഞു. ഡബ്ലിനിലെ തന്‍റെ ജീവിതത്തെ അവിടത്തെ ചെലവ് വല്ലാതെ ഒതുക്കി കളഞ്ഞിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ബെൽഫാസ്റ്റിലേക്ക് പോകുന്നതിനു മുൻപ് തന്നെ, അവൾക്ക് ആനിമേഷനിൽ ഒരു മുഴുവൻ സമയ ജോലി അവിടെ കണ്ടെത്താനായി. "എനിക്ക് ഇപ്പോൾ മിച്ചം പിടിക്കാനാവുന്നുണ്ട്. ഈ വർഷത്തിന്‍റെ തുടക്കത്തിൽ എനിക്ക് ഒരു വീട് വാങ്ങാനും സാധിച്ചു" അവർ പറഞ്ഞു. ഡബ്ലിനിൽ മോർലിയുടെ മുറിവാടക നാല്പത്താറായിരം രൂപയും, ഒരു കാർ പാർക്കിംഗ് പ്രതിമാസം എണ്ണായിരം രൂപയും ആയിരുന്നു.  

 

ഐറിഷ് ടൈംസിന്‍റെ പത്രപ്രവർത്തകയും സാംസ്‍കാരിക കമന്‍റേറ്ററുമാണ് ഉന മുല്ലള്ളി. അവരുടെ രചനകൾ കുടുതലും ഡബ്ലിനിലെ ഭവന പ്രതിസന്ധിയെ കേന്ദ്രീകരിച്ചായിരുന്നു. ഡബ്ലിനിൽ നിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നത് ജീവിതനിലവാരം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമായിട്ടാണ് അവർ കാണുന്നത്. ആളുകളുടെ മാനസികാരോഗ്യത്തെയും, ആസൂത്രണം ചെയ്യാനുള്ള കഴിവില്ലായ്മയെയും ഇത് ബാധിക്കുന്നുവെന്ന് അവർ പറഞ്ഞു. തങ്ങളുടെ 30, 40 -കളിൽ അപരിചിതരുമായി വീടുകൾ പങ്കിടേണ്ടി വരുന്നതും, നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്തതും എല്ലാം ആളുകളിൽ വലിയ മാനസിക ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.  

ടെക് മേഖലയിൽ ഡിസൈനറായി ജോലി നോക്കുകയാണ് പീറ്റർ ഈസ്റ്റ്വുഡ്.  വളരെ ഉയർന്ന ശമ്പളമില്ലെങ്കിൽ ഡബ്ലിനിൽ ജീവിക്കാൻ സാധിക്കില്ല എന്നദ്ദേഹം പറഞ്ഞു. ഡബ്ലിനിൽ നിന്ന്  ബെൽഫാസ്റ്റിലേക്ക് മാറിയ പീറ്റർ ഇപ്പോൾ സ്ഥലം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. "ഡബ്ലിനിൽ പുറത്തു കറങ്ങാൻ പോകുന്നത് വളരെ ചിലവേറിയ ഒന്നായതുകൊണ്ട് വാരാന്ത്യങ്ങളിൽ മാത്രമേ ഞാൻ പോകാറുള്ളൂ" 34 -കാരനായ അദ്ദേഹം പറഞ്ഞു. എന്നാൽ, അത്യാവശ്യം മെച്ചപ്പെട്ട വരുമാനം ഉണ്ടെങ്കിൽ വളരെ മാന്യമായ രീതിയിൽ ബെൽഫാസ്റ്റിൽ കഴിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.