പ്രത്യേകിച്ച് ലഗേജുകൾ ഒന്നുമില്ലാതെ എത്തിയ ഇവർ കയ്യിൽ കരുതിയിരുന്ന ലഗേജ് ബാഗുകളിൽ ആണ് സാധനങ്ങൾ കടത്തിയത്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത് മുതൽ വളരെ സൗഹാർദ്ദപരമായാണ് ഇവർ ഇടപെട്ടിരുന്നതെന്നും ഹോട്ടൽ ഉടമ പറഞ്ഞു.

ഹോട്ടൽ മുറിയിൽനിന്ന് ഷാംപൂവും സോപ്പും ഒക്കെ മുറി ചെക്ക് ഔട്ട് ചെയ്യുമ്പോൾ ആളുകൾ എടുത്തുകൊണ്ടു പോകുന്നത് സാധാരണമാണ്. എന്നാൽ, വെയ്ൽസിൽ ഹോട്ടൽ മുറിയിൽ താമസിക്കാൻ എത്തിയ ദമ്പതികൾ മുറിയിലെ ഫാനും കെറ്റിലും അടക്കം സകല സാധനങ്ങളും അടിച്ചുമാറ്റി കൊണ്ടാണ് മുങ്ങിയത്. 

വെസ്റ്റ് വെയിൽസിലെ പെംബ്രോക്ക് ഡോക്കിലുള്ള ഒരു ഹോട്ടലിൽ എത്തിയ അതിഥികളാണ് ഇത്തരത്തിൽ കടന്നുകളഞ്ഞത്. തൻറെ ഹോട്ടൽ മുറിയിൽ നിന്ന് കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുന്ന സകല സാധനങ്ങളും അതിഥികളായി എത്തിയ ദമ്പതികൾ അടിച്ചുമാറ്റിയെന്നാണ് 43 -കാരിയായ ഹോട്ടലുടമ നതാലി ന്യൂട്ടൺ പറയുന്നത്.

ബാത്റൂമിൽ ഉണ്ടായിരുന്ന ഷാംപൂവും സോപ്പും ഒഴിച്ച് ഹോട്ടൽ മുറിയിലെ ബാക്കി മുഴുവൻ സാധനങ്ങളും ഇവർ എടുത്തു എന്നാണ് നതാലി ന്യൂട്ടൺ പറയുന്നത്. ഇതിൽ മുറിക്കുള്ളിൽ ഉണ്ടായിരുന്ന ഫാൻ, കെറ്റിൽ, ബൾബുകൾ, ടവലുകൾ, ബെഡ്ഷീറ്റ്, യുഎസ്ബി പോർട്ട്, അലങ്കാര വിളക്കുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

പ്രത്യേകിച്ച് ലഗേജുകൾ ഒന്നുമില്ലാതെ എത്തിയ ഇവർ കയ്യിൽ കരുതിയിരുന്ന ലഗേജ് ബാഗുകളിൽ ആണ് സാധനങ്ങൾ കടത്തിയത്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത് മുതൽ വളരെ സൗഹാർദ്ദപരമായാണ് ഇവർ ഇടപെട്ടിരുന്നതെന്നും ഹോട്ടൽ ഉടമ പറഞ്ഞു. Booking.com വഴിയാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിൽ ജീവനക്കാർ എത്തുന്നതിന് മുമ്പായി ഇവർ കടന്നു കളഞ്ഞതായാണ് ഹോട്ടലുടമ പറയുന്നത്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുറിയിൽ നിന്നും വലിയ ട്രോളി ബാഗുകളിൽ സാധനങ്ങളുമായി ഇവർ ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടത്. 2019 -ൽ ആരംഭിച്ച തങ്ങളുടെ ഹോട്ടലിൽ ഇത്തരത്തിൽ ഒരു അനുഭവം ഇത് ആദ്യമാണെന്നും ഹോട്ടൽ ഉടമയായ നതാലിയ ന്യൂട്ടൻ പറഞ്ഞു.