ദമ്പതികൾ അല്പം പോലും ഭയപ്പെടാതെ അതിനെ തങ്ങളുടെ അടുത്തേക്ക് കൂടുതൽ ചേർത്ത് നിർത്തുന്നു. ഒപ്പം തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭക്ഷണത്തിൽ നിന്ന് ഒരു വിഹിതം ചീങ്കണ്ണിയുടെ വായിൽ വെച്ചു നൽകുന്നു.
മൃഗങ്ങളെ പരിപാലിക്കുന്നതും താലോലിക്കുന്നതും ഒക്കെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, വളർത്തു മൃഗങ്ങളെ പരിപാലിക്കുന്ന അതേ ലാഘവത്തോടെ ഒരു ചീങ്കണ്ണിയെ താലോലിക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും അവസ്ഥ. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണ് ഇത്തരത്തിൽ ഒരു ആശങ്കയ്ക്ക് വഴി തുറന്നിരിക്കുന്നത്. ഒരു പുഴയോരത്ത് വിശ്രമിക്കാൻ എത്തിയ ദമ്പതികളാണ് തങ്ങൾക്ക് അരികിലേക്ക് വന്ന ചീങ്കണ്ണിയെ യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ താലോലിക്കുകയും ഭക്ഷണം വെറും കൈകൊണ്ട് ചീങ്കണ്ണിയുടെ വായിൽ വച്ച് നൽകുകയും ചെയ്തത്. ദമ്പതികളുടെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിനാണ് വഴി തുറന്നിരിക്കുന്നത്.
ഒൺലി ഇൻ ഫ്ലോറിഡ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു പുഴ പോലെ തോന്നിക്കുന്ന സ്ഥലത്ത് ദമ്പതികൾ ഇരുന്നു പാട്ടു കേൾക്കുന്നതാണ് വീഡിയോ ആരംഭിക്കുമ്പോൾ കാണുന്നത്. വെള്ളത്തിൽ ഇരുന്ന് വിശ്രമിക്കുന്ന ഇവർ ഭക്ഷണം കഴിക്കുന്നതും കാണാം. അപ്പോഴാണ് അവർക്കരികിലേക്ക് ഒരു ചീങ്കണ്ണി നീന്തി വരുന്നത്. എന്നാൽ ദമ്പതികൾ അല്പം പോലും ഭയപ്പെടാതെ അതിനെ തങ്ങളുടെ അടുത്തേക്ക് കൂടുതൽ ചേർത്ത് നിർത്തുന്നു. ഒപ്പം തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭക്ഷണത്തിൽ നിന്ന് ഒരു വിഹിതം ചീങ്കണ്ണിയുടെ വായിൽ വെച്ചു നൽകുന്നു. ഇത് കഴിച്ചതിനുശേഷം ചീങ്കണ്ണി തിരികെ മടങ്ങിപ്പോകാൻ ശ്രമം നടത്തുമ്പോഴും ദമ്പതികൾ വീണ്ടും വീണ്ടും അതിനെ തങ്ങൾക്ക് അരികിലേക്ക് വിളിക്കുന്നത് കാണാം. തങ്ങളുടെ കൈവശം ഉണ്ടായിരുന്നു ഭക്ഷണത്തിന്റെ ബാക്കി ചീങ്കണ്ണിക്ക് എറിഞ്ഞു കൊടുത്തുകൊണ്ട് അതിനെ വീണ്ടും തങ്ങൾക്ക് അരികിലേക്ക് എത്തിക്കാൻ ദമ്പതികൾ ശ്രമം നടത്തുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ദമ്പതികളുടെ അശ്രദ്ധ നിറഞ്ഞ പെരുമാറ്റത്തിൽ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത്തരത്തിലുള്ള വിഡ്ഢിത്തം നിറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് സാമാന്യ ബോധം ഇല്ലേ എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. ആക്രമിക്കാതെ മടങ്ങിപ്പോയ ചീങ്കണ്ണിയുടെ അത്ര പോലും വിവേകം ദമ്പതികൾക്ക് ഇല്ലല്ലോ എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
